സ്വാദുകൊണ്ടും നിർമാണത്തിലെ വൈവിധ്യം കൊണ്ടും പ്രസിദ്ധമായ ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫിക്ക് അന്താരാഷ്ട്ര അംഗീകാരം. ലോകത്തിലെ ഏറ്റവും മികച്ച 10 കോഫികളുടെ ടേസ്റ്റ് അറ്റ്‌ലസിൻ്റെ പട്ടികയിൽ ഫിൽറ്റർ കോഫി രണ്ടാം സ്ഥാനം നേടി. ക്യൂബയുടെ എസ്പ്രെസോയ്ക്ക് ശേഷം ആഗോളതലത്തിൽ പ്രിയങ്കരമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ് ഈ ദക്ഷിണേന്ത്യൻ കോഫി രുചി. 

To advertise here,

പ്രത്യേക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഫിൽറ്റർ കോഫി മെഷിൻ ഉപയോ​ഗിച്ചാണ് ഫിൽറ്റർ കോഫി ഉണ്ടാക്കുന്നത്. രണ്ട് അറകളുള്ള കണ്ടെയ്നറിന്റെ താഴത്തെ അറയിൽ ഫിൽറ്റർ ചെയ്തുവരുന്ന കുറുകിയ കോഫി ശേഖരിക്കുന്നു. മുകളിലത്തെ അറയിൽ  കോഫി പൗഡർ നിറച്ച് പ്ലഞ്ചർ ഉപയോ​ഗിച്ച് പ്രസ് ചെയ്തുമൂടുന്നു. ശേഷം നല്ല തിളച്ചവെള്ളം ഒഴിച്ചതിന് ശേഷം മൂടിവെക്കുന്നു. താഴത്തെ അറയിലേക്ക് സാവധാനം കുറുകിയ കോഫി ഊർന്നിറങ്ങുന്നു. തലേദിവസം രാത്രിയാണ് ഫിൽറ്റർ ചെയ്യുന്നതിനായി കോഫി വെക്കുന്നതെങ്കിൽ രാവിലെ നല്ല കുറുകിയ കോഫി മിശ്രിതം ലഭിക്കും. ആവശ്യാനുസരണം ​ഗ്ലാസിൽ പാലെടുത്ത് കടുപ്പത്തിന് അനുസൃതമായി ഫിൽറ്റർ ചെയ്ത കോഫി മിശ്രിതം ചേർത്ത് മധുരവും ചേർത്ത് ഫിൽറ്റർ കോഫി തയാറാക്കാം.

പരമ്പരാഗതമായി ഫിൽറ്റർ കോഫി 'ഡബറ' എന്നറിയപ്പെടുന്ന സോസറിൽ ചെറിയ ഗ്ലാസ് പോലുള്ള സ്റ്റീൽ ടംബ്ലറിലാണ് നൽകുന്നത്. ഗ്ലാസിൽ നിന്ന് ടംബ്ലറിലേക്കും ടംബ്ലറിൽ നിന്ന് ​ഗ്ലാസിലേക്കും ഫിൽറ്റർ കോഫി മാറി മാറി പകർന്ന്, ആസ്വദിച്ച് ഓരോ കോഫി സിപ്പും എടുക്കുന്നു. തനതായ നിർമാണരീതിയും ഫ്ലേവറും വിളമ്പുന്ന രീതിയുമാണ് ഈ   ദക്ഷിണേന്ത്യൻ രുചി വൈവിധ്യത്തെ അന്താരാഷ്ട്ര അംഗീകാരത്തിലേക്ക് ഉയർത്തിയത്.

വിയറ്റ്നാമീസ് ഐസ്ഡ് കോഫി, ഗ്രീസിൽ നിന്നുള്ള ഫ്രാപ്പെ, ജർമ്മനിയിലെ ഐസ്‌കഫി എന്നിവയുൾപ്പെടെ ശ്രദ്ധേയമായ മറ്റ് കോഫികളും ടേസ്റ്റ്അറ്റ്‌ലസ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.