ഓരോ കായിക താരത്തിൻ്റെയും വിജയത്തിന് പിന്നിൽ കഠിനമായ അധ്വാനത്തിന്റെ കഥകളുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഭക്ഷണപ്രിയത്തെക്കുറിച്ചും, കളിക്കളത്തിന് പുറത്തെ ഭക്ഷണപ്രിയത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് പ്രശസ്ത ഷെഫ് സുരേഷ് പിള്ള.

To advertise here,

മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷം നടന്ന സംഭവമാണ് ഷെഫ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പങ്കുവെച്ചത്. മൂന്ന് മാസത്തെ കർശനമായ ഡയറ്റിങ്ങിന് ശേഷം, അന്ന് സഞ്ജുവിന് കഴിക്കണമെന്നുണ്ടായിരുന്നത് നാടൻ വിഭവങ്ങളായിരുന്നു, പഴങ്കഞ്ഞിയും കപ്പയും ചമ്മന്തിയും! 

സഞ്ജുവിൻ്റെ മാനേജർ ഇഖ്ലാസിൽ നിന്ന് മാർച്ച് രണ്ടിന്ന് വന്ന ഫോൺ കോൾ വിവരിച്ചാണ് പോസ്റ്റ്. ‘ 'ചേട്ടാ.. കളി ഗംഭീരമായി കഴിഞ്ഞു. സഞ്ജു ഹാപ്പിയാണ്. ഇപ്പോൾ മുംബൈയിലുണ്ട്. മൂന്ന് മാസമായി സഞ്ജു കർശന ഡയറ്റിലാണ്. ഇന്ന് ചീറ്റ് മീൽ ആവശ്യപ്പെട്ടിരിക്കുകയാണ്. പഴംകഞ്ഞിയും കപ്പയും മീനും ചമ്മന്തിയുമൊരുക്കാൻ പറ്റുമോ…ഷെഫ് പിള്ള പോസ്റ്റിൽ പറയുന്നു. 

പഴംകഞ്ഞിയുടെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും താൻ കഞ്ഞിയും കപ്പയും മീൻകറിയും മത്തി വറുത്തതും ചമ്മന്തിയും പപ്പടവും ഉടൻ തന്നെ എത്തിച്ചു നൽകിയെന്നും  ഷെഫ് ഓർക്കുന്നു. ടൂർണമെൻ്റിൻ്റെ സമയത്ത് സഞ്ജു നടത്തുന്ന ത്യാഗങ്ങൾ പലരും കാണാതെ പോകുന്നുണ്ടെന്നും, ഫോൺ സ്വിച്ച് ഓഫ് ചെയ്തും സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നും മാസങ്ങളോളം നീളുന്ന നിശബ്ദമായ പരിശീലനമാണ് വിജയങ്ങളുടെ പിന്നിലെന്നും ഷെഫ് പിള്ള കുറിക്കുന്നു.

കൊച്ചിയിൽ എത്തുമ്പോൾ സഞ്ജു എപ്പോഴും എത്തുന്ന ഇടമാണ് തന്റെ റസ്റ്ററന്റ് എന്ന് പറയുന്ന ഷെഫ്, സഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനാകുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോഴും സൗഹൃദം പങ്കുവെച്ചതിനെക്കുറിച്ചും പോസ്റ്റിൽ പറയുന്നു. ടെലിവിഷൻ ചാനലുകളിൽ ഒരിക്കലും വരാനിടയില്ലാത്ത ലോകകപ്പ് കഥകൾ എന്ന പറഞ്ഞവസാനിപ്പിക്കുന്ന കുറിപ്പിൽ ഐപിഎല്ലിനായുള്ള ആശംസകളും നേർന്നാണ് ഷെഫ് അവസാനിപ്പിക്കുന്നത്.