ൺലൈനായി ഓർഡർ ചെയ്യുന്ന ഭക്ഷണം റെസ്റ്ററന്റുകളിൽ നിന്ന് ഉപഭോക്താവിന്റെ പടിവാതിൽക്കലെത്തിക്കുന്ന ഡെലിവറി പാർട്ണർമാർ ഇന്ന് നഗരങ്ങളിലെ പതിവ് കാഴ്ചയാണ്. സാങ്കേതികവിദ്യ വളരുന്നതോടെ ഇത്തരം ഡെലിവറി തൊഴിലാളികളുടെ ജോലിക്ക് ഭീഷണിയാകുമോ എന്ന സംശയമാണ് ഉയരുന്നത്. അതിലേക്ക് വിരൽ ചൂണ്ടുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുബായിലെ ഒരു ഇന്ത്യക്കാരനാണ് വീഡിയോ പങ്കുവെച്ചത്.

To advertise here,

ഡെലിവറി തൊഴിലാളിക്ക് പകരം റെസ്റ്ററന്റിൽ നിന്നുള്ള ഭക്ഷണം കൊണ്ടുവന്നത് ഒരു റോബോട്ടാണ്. റോബോട്ടിക് വാഹനം ഉരുണ്ടുവന്ന് ഉപഭോക്താവിന് സമീപം കൃത്യമായി ഭക്ഷണം എത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. വീട്ടിലേക്കുള്ള വഴി ചോദിച്ച് ഡെലിവറി എക്‌സിക്യുട്ടീവിന്റെ വിളി വരാതിരുന്നതോടെ താൻ പുറത്തുപോയി നോക്കിയെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ഹരീഷ് കുമാർ പറയുന്നു.

പുറത്തുപോയി നോക്കിയപ്പോഴാണ് റോബോട്ട് വെഹിക്കിൾ കണ്ടത്. ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്തി പരസഹായമില്ലാതെയാണ് റോബോട്ട് എത്തിയത്. തുടർന്ന് ഹരീഷ് ഫോണിൽ ക്ലിക്ക് ചെയ്തതോടെ റോബോട്ടിക് വാഹനത്തിലെ പെട്ടി സ്വയം തുറന്നു. അതിൽ നിന്ന് ഭക്ഷണമെടുത്ത ശേഷം വീണ്ടും ബട്ടൺ ക്ലിക്ക് ചെയ്തതോടെ വാതിൽ അടഞ്ഞു. ശരിയായ ഉപഭോക്താവിന്റെ പക്കൽ സുരക്ഷിതമായി ഭക്ഷണമെത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം.

നടപ്പാതയിലൂടെയാണ് ഡെലിവറി വെഹിക്കിൾ റെസ്റ്ററന്റിൽ നിന്ന് ഉപഭോക്താവിനരികിൽ എത്തിയത്. ഹരീഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായി. അൻപതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്. ഒട്ടേറെ പേർ കമന്റും ചെയ്തിട്ടുണ്ട്. 'ഈ സംവിധാനം ഇന്ത്യയിലും വേണം' എന്നാണ് ഒരാൾ കുറിച്ചത്.