പുതിയ പാചകപരീക്ഷണങ്ങള്‍ കൊണ്ട് നിറയുകയാണ് സാമൂഹികമാധ്യമങ്ങള്‍. ഓരോ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് ഇത്തരത്തില്‍ വൈറലാകുന്നത്. പാചകപരീക്ഷണങ്ങളില്‍ രസകരമായ പല കോമ്പിനേഷനുകള്‍ കൊണ്ടുവരാനും ശ്രമം നടക്കുന്നത് കാണാം. ചിലതാകട്ടെ വളരെ വിചിത്രമായ ചേരുവകളാണെന്നുള്ളതും വസ്തുതയാണ്.

To advertise here,

ഐസ്‌ക്രീം ദോശ,ചീസി ദോശ, കൊറിയന്‍ ന്യൂഡില്‍സ് ദോശ തുടങ്ങിയവയെല്ലാം ഇവയില്‍ ചിലതാണ്. ദോശയില്‍ മാത്രം അത്തരത്തില്‍ എണ്ണിയാല്‍ തീരാത്ത പരീക്ഷണങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ പലരുടെയും പ്രിയപ്പെട്ട ഉത്തരേന്ത്യന്‍ വിഭവമായ പറാഠ തയ്യാറാക്കുന്ന ഒരു വീഡിയോ ആണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.

നെയ്യില്‍ മുക്കി കുളിപ്പിച്ചാണ് ഇവിടെ ഈ പറാഠ വഴിയോര കച്ചവടക്കാരന്‍ ഉണ്ടാക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. പറാഠയുടെ പുറത്തേക്ക് ഒരു പാക്കറ്റ് നെയ്യ് ഒഴിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് അത് മറിച്ചിടുമ്പോള്‍ നെയ്യ് ഉരുകുന്നതും അതില്‍ പറാഠ മുങ്ങുന്നതും കാണാം.

സംഭവം വൈറലായതോടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഇത്രയും നെയ്യ് ഉപയോഗിച്ച് തയ്യാറാക്കിയ പറാഠ കഴിക്കുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചാണ് ആളുകള്‍ കമന്റുകള്‍ പങ്കുവെച്ചത്.ഇതിനൊപ്പം അങ്കിളിന്റെ കൈയ്യിലുള്ള ആശുപത്രിയുടെ അഡ്രസും പങ്കുവെക്കണമെന്നും കമന്റുകള്‍ വന്നിട്ടുണ്ട്. ഈ പറാഠ സ്വര്‍ഗത്തിലേക്ക് പോകാനുള്ള ടിക്കറ്റാണെന്നും പറഞ്ഞവരുണ്ട്.