മധ്യപ്രദേശിലെ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ഭക്ഷണവിതരണത്തിനിടെ തമ്മില്‍ത്തല്ലും ബഹളവും. ഉച്ചകോടിയുടെ രണ്ടാംദിവസമാണ് ഭക്ഷണവിതരണത്തിനിടെ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. നിക്ഷേപക ഉച്ചകോടിക്കെത്തിയ പ്രതിനിധികള്‍ ഭക്ഷണഹാളില്‍ പ്ലേറ്റിനായി അടികൂടുന്നതിന്റെയും ബഹളംവെയ്ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

To advertise here,

മധ്യപ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയുടെ എട്ടാം പതിപ്പിന് തിങ്കളാഴ്ചയാണ് ഭോപ്പാലില്‍ തുടക്കമായത്. എന്നാല്‍, ഉച്ചകോടിയുടെ രണ്ടാംദിവസം ഉച്ചഭക്ഷണസമയത്ത് തിക്കുംതിരക്കുമായതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഭക്ഷണവിതരണത്തിനായി എത്തിച്ച പ്ലേറ്റുകള്‍ കൈക്കലാക്കാന്‍ പ്രതിനിധികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഉന്തുംതള്ളും അടിപിടിയും പിടിവലിയുമായി. പിടിവലിക്കിടെ പ്ലേറ്റുകള്‍ നിലത്തുവീണു പൊട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭക്ഷണവിതരണത്തിനായി തയ്യാറാക്കിയ കൗണ്ടറുകള്‍ തര്‍ക്കത്തിനിടെ തകര്‍ന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഉച്ചകോടിക്കിടെ പ്ലേറ്റിനായി നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. ഉച്ചകോടിക്കെത്തിയത് വ്യാജനിക്ഷേപകരാണെന്നായിരുന്നു സാമൂഹികമാധ്യമങ്ങളില്‍ ചിലരുടെ അഭിപ്രായം. പല നിക്ഷേപക സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഉച്ചഭക്ഷണത്തിനായി അടികൂടുന്ന നിക്ഷേപകരെ കണ്ടത് ആദ്യമായിട്ടാണെന്ന് മറ്റൊരാളും സാമൂഹികമമാധ്യമമായ എക്‌സില്‍ കുറിച്ചു. 

അതേസമയം, ഭോപ്പാലില്‍ രണ്ടുദിവസമായി നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ സംസ്ഥാനത്ത് 30.77 ലക്ഷം കോടിയുടെ നിക്ഷേപത്തിന് വഴിയൊരുങ്ങിയെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രതികരണം.