കോങ്ങാട്: കണ്ണിമാങ്ങമുതല്‍ ബീഫ് വരെ പത്തോളം വ്യത്യസ്ത രുചികളിലുള്ള അച്ചാറുകള്‍. കോങ്ങാട് പെരിങ്ങോട്ടെ നാല് കൂട്ടുകാരികളുടെ കുടുംബശ്രീസംരംഭം വിജയവഴിയിലാണ്.ബ്രിജിത് ബാബു, എന്‍. രമ്യ, വി. രുക്മിണി, പി. സുചിത്ര എന്നിവരാണ് നാല്‍വര്‍ സംഘം. നാലുപേരുടെയും പേരുകളുടെ ആദ്യക്ഷരം കൊണ്ടുണ്ടാക്കിയ 'ആര്‍.ബി.എസ്.' കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ അച്ചാറുകളാണ് സ്വദേശത്തും വിദേശത്തും ജനപ്രീതി നേടി മുന്നോട്ടുപോകുന്നത്.

എരിവും മധുരവുമൂറും
Also Read
കണ്ണിമാങ്ങ, ബീഫ്, വെളുത്തുള്ളി, നാരങ്ങ, ഈന്തപ്പഴം, മുന്തിരി, ചെമ്മീന്‍, സ്രാവ് തുടങ്ങി പത്തോളം വ്യത്യസ്തരുചികളിലുള്ള അച്ചാറുകള്‍ ഇവരുണ്ടാക്കുന്നുണ്ട്. ഈ ഓണത്തിനുമാത്രം വിറ്റത് 75,000 രൂപയുടെ അച്ചാറാണ്. അച്ചാര്‍ രുചിച്ചവര്‍ ലേബലിലെ ഫോണ്‍നമ്പര്‍ നോക്കി വീണ്ടും ആവശ്യപ്പെടുന്നു എന്നത് തങ്ങളുടെ വിജയത്തിന് കാരണമായതായി ഇവര്‍ പറയുന്നു.
ബ്രിജിത്തിന്റെ വീടാണ് അച്ചാര്‍നിര്‍മാണ കേന്ദ്രം. സീസണ്‍ അനുസരിച്ചുള്ള അച്ചാറുകളും എന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ കൊണ്ടുള്ള അച്ചാറും ഉണ്ടാക്കുന്നു. അതിനാല്‍ സ്ഥിരം കച്ചവടമുണ്ട്. ആര്‍.ബി.എസിന്റെ മീന്‍ അച്ചാറുകള്‍ക്കാണ് ആവശ്യക്കാരേറെ.
ഈവര്‍ഷം കണ്ണിമാങ്ങയ്ക്ക് ആവശ്യക്കാര്‍ കൂടിയതിനാല്‍ ഉണ്ടാക്കിയ അച്ചാര്‍ പെട്ടെന്ന് തീര്‍ന്നു. കോങ്ങാട് അങ്ങാടിയിലെ സ്ഥിരംകടയില്‍നിന്ന് വാങ്ങുന്ന കശ്മീരി മുളകാണ് അച്ചാറിന് ഉപയോഗിക്കുന്നത്. ആവശ്യമായ കൂട്ടെല്ലാം പൊടിച്ചുണ്ടാക്കുന്നു.
ആര്‍.ബി.എസ്. അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ് ബ്രിജിത്തും സെക്രട്ടറി രമ്യയുമാണ്. പി. സുചിത്ര ബിരുദധാരിയാണ്. രുക്മിണിയുടെ മകന്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ ശ്രീരാഗും ബ്രിജിത്തിന്റെ മകന്‍ ആഷറും പുറംകച്ചവടത്തില്‍ ജീപ്പ് ഓടിക്കാന്‍ കൂടെയുണ്ട്.
കച്ചവടവും സ്വയം
അച്ചാര്‍ കച്ചവടം അംഗങ്ങള്‍ നേരിട്ടാണ് നടത്തുന്നത്. ജില്ലയിലെ വിവിധഭാഗങ്ങളില്‍ ജീപ്പിലെത്തിയാണ് കച്ചവടം. പോലീസ് സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് പ്രധാന ഉപഭോക്താക്കള്‍.
2021 ഓഗസ്റ്റില്‍ രമ്യയും രുക്മിണിയും ആശയം ബ്രിജിത്തുമായി പങ്കുവെച്ചപ്പോഴാണ് അച്ചാര്‍നിര്‍മാണത്തിന് തുടക്കമായത്. സുചിത്രയും ഇവരോടൊപ്പം ചേര്‍ന്നു. നാലുപേരും 1,500 രൂപവീതം ചെലവിട്ടായിരുന്നു തുടക്കം. പിന്നീടിതുവരെ ആള്‍വീതം ചെലവിട്ടത് 9,000 രൂപ മാത്രം.
കുടുംബശ്രീ മിഷനില്‍നിന്ന് നാലുശതമാനം പലിശനിരക്കില്‍ എടുത്ത ഒരുലക്ഷം രൂപ വായ്പയാണ് പിന്നീട് പ്രധാന പ്രവര്‍ത്തനമൂലധനമായത്. ബാക്കി പ്രവര്‍ത്തനങ്ങളെല്ലാം കച്ചവടത്തില്‍നിന്ന് കിട്ടിയ വരുമാനം ഉപയോഗിച്ചായിരുന്നു. എടുത്തവായ്പ തിരിച്ചടച്ചു കഴിഞ്ഞു. ഇനി 1.50 ലക്ഷംരൂപകൂടി വായ്പയെടുക്കാനള്ള തയ്യാറെടുപ്പിലാണ്.
അച്ചാര്‍ നിര്‍മാണം പൂര്‍ണമായും നാലുപേരും ചേര്‍ന്നാണ് നടത്തുന്നത്. അച്ചാറില്‍ വെള്ളം തീരെ ചേര്‍ക്കാറില്ല, സ്വാദിനായി കൃത്രിമ കൂട്ടുകളുമില്ല്‌ല. ഇതാണ് ഇവരുടെ അച്ചാര്‍നിര്‍മാണത്തിന്റെ പ്രത്യേകത.
വിദേശത്തും
പെരിങ്ങോടിന്റെ അച്ചാര്‍ സ്വാദ് സ്വദേശത്തും വിദേശത്തും പ്രിയങ്കരമായിക്കഴിഞ്ഞു. ബെംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ആവശ്യക്കാരെത്തുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, യു.കെ., പോളണ്ട്, യു.എസ്.എ. എന്നിവിടങ്ങളിലെല്ലാം ഇവരുടെ അച്ചാറിന് ആവശ്യക്കാരുണ്ട്.
Content Highlights: kudumasree pickles businesss success story
Published: 23 Sept 2024, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented