വാഷിങ്ടണ്‍: അമേരിക്കയില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് വിവിധ റസ്റ്ററന്റ് കമ്പനികൾ. യം ബ്രാൻഡ്സ് ബർഗർ കിങ് തുടങ്ങിയ കമ്പനികളാണ് കൂടുതൽ നടപടികളിലേക്ക് കടന്നത്. തങ്ങളുടെ റസ്റ്ററന്റുകളിലെ വിഭവങ്ങളിൽ നിന്ന് ഉള്ളി ഒഴിവാക്കാനാണ് കമ്പനികൾ നൽകിയ നിർദേശം.
ടാകോ ബെല്‍, പിസ്സ ഹട്ട്, കെ.എഫ്.സി എന്നിവിടങ്ങളില്‍ നിന്ന് യം ബ്രാന്‍ഡ്‌സ് ഉള്ളി പിന്‍വലിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ സുരക്ഷയും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുമെന്ന് കമ്പനി അറിയിച്ചു. മക്‌ഡൊണാള്‍ഡ്‌സിന് ഉള്ളി വിതരണം ചെയ്ത ടെയ്‌ലര്‍ ഫാംസ്, ബര്‍ഗര്‍ കിങ്ങിന്റെ ചില ഔട്ട്‌ലെറ്റുകളിലും ഉള്ളി വിതരണം ചെയ്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ടെയ്‌ലര്‍ ഫാംസ് തങ്ങള്‍ വിതരണം ചെയ്ത ഉള്ളി തിരിച്ചുവിളിച്ചിട്ടുമുണ്ട്.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിക്കുകയോ അധികൃതര്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. എങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ നിന്ന് ഉള്ളി വാങ്ങിയ 5% റസ്റ്ററന്റുകളോട് അത് നീക്കം ചെയ്യാനും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കാനും നിര്‍ദേശം നല്‍കിയതായി ബര്‍ഗര്‍ കിങ് അറിയിച്ചു.
നേരത്തേ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധിപേർ ചികിത്സതേടുകയും കൊളാറോഡോയില്‍ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) അറിയിച്ചത്.
സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 11 വരെയുള്ള കാലയളവിലാണ് മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 10 വെസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്തിരുന്നു. കൊളാറോഡോ, നെബ്രസ്‌ക മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഭക്ഷ്യസുരക്ഷക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഉത്പന്നങ്ങള്‍ താത്കാലികമായി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മക്‌ഡൊണാള്‍ഡ്‌സ് പ്രസിഡന്റ് ജോ എര്‍ലിങ്കര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: KFC Burger King to Remove Onions outlets food poisoning
Published: 29 Oct 2024, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented