ചെറുതുരുത്തി: കേരളകലാമണ്ഡലം കാന്റീനില്‍ ഇനിമുതല്‍ മാംസാഹാരവും വിളമ്പും. നിലവില്‍വന്ന് 94 വര്‍ഷത്തിനുശേഷം ആദ്യമായാണിത്. മാസത്തില്‍ രണ്ടുതവണ ചിക്കന്‍ബിരിയാണി നല്‍കും. ഐസ്‌ക്രീമും ഉണ്ടാകും. വിദ്യാര്‍ഥികള്‍ മാംസാഹാരം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തില്‍ കലാമണ്ഡലം ഭരണസമിതിക്ക് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ അനുമതി നല്‍കിയത്.
480-ഓളം വിദ്യാര്‍ഥികള്‍ക്ക് ചിക്കന്‍ബിരിയാണിയും മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് വെജിറ്റേറിയന്‍ ബിരിയാണിയും നല്‍കി. മെസ്സില്‍ സൗകര്യമില്ലാത്തതിനാല്‍ വിയ്യൂര്‍ ജയിലില്‍ ഫ്രീഡംപദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ബിരിയാണിയാണ് വിതരണംചെയ്തത്. വൈസ് ചാന്‍സലറും രജിസ്ട്രാറും അധ്യാപകരും എല്ലാവരും ചേര്‍ന്നാണ് ഭക്ഷണംകഴിച്ചത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചു. വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെയുള്ളപ്പോള്‍ ഇഷ്ടമുള്ള ഭക്ഷണത്തിനായുള്ള ആവശ്യം തെറ്റല്ലെന്ന് രജിസ്ട്രാര്‍ ഡോ. പി. രാജേഷ് കുമാര്‍ പറഞ്ഞു.
Also Read
വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ആപ്പുവഴി മാംസാഹാരമടക്കം വരുത്തി കഴിക്കുന്നത് പതിവാണ്. അധ്യാപകരും ജീവനക്കാരുമടക്കം ഒരു വലിയവിഭാഗം ആളുകളും മാംസഹാരം കഴിക്കുന്നവരാണ്. കാംപസില്‍ മാംസാഹാരം നിരോധിച്ച് രേഖാമൂലമുള്ള നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുരുകുലസമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യരീതികള്‍ അനുസരിച്ച് വെജിറ്റേറിയന്‍ ഭക്ഷണമാണ് അനുവദിച്ചിരുന്നത്. കുട്ടികള്‍ക്കായി നടത്തിയ കൗണ്‍സലിങ്ങുകളിലും ആരോഗ്യപരിശോധനകളിലും മാംസാഹാരംകൂടി ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഒരു തുടക്കം എന്നനിലയില്‍ ചിക്കന്‍ബിരിയാണി കഴിക്കാന്‍ അനുമതി നല്‍കിയത്.
വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ പ്രഭാതഭക്ഷണത്തിന് നെയ്യ്, ചെറുപയര്‍ എന്നിവയോടെ കഞ്ഞിയാണ് നല്‍കുന്നത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും സാധാരണ ഭക്ഷണം നല്‍കും. ചില ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നുണ്ട്. മാംസാഹാരം അനുവദിച്ചതിനെതിരേ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവയ്ക്ക് വിധേയമാകുമ്പോള്‍ സസ്യേതരഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം.
Content Highlights: Kerala Kalamandalam serves non-vegetarian food to students for the first time in its history
Published: 13 Jul 2024, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented