വടകര: ഭൂരിഭാഗം ചക്കയും വീണടിഞ്ഞ് ആര്‍ക്കും ഉപകാരപ്പെടാതെപോയ കാലം മായുന്നു. ചക്കയ്ക്ക് ഇപ്പോള്‍ ആവശ്യക്കാരുണ്ട്, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് നല്ല വിപണിയും. ചക്കയധിഷ്ഠിത വ്യവസായത്തിനാകട്ടെ കോടികളുടെ കിലുക്കം. ചക്ക ഇപ്പോള്‍ പഴയ ചക്കയല്ലെന്ന് സാരം.
2018-ല്‍ ചക്കയെ കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിക്കുന്ന സമയത്ത് സംസ്ഥാനത്ത് ആകെ ഉത്പാദിപ്പിക്കുന്ന 60 കോടി എണ്ണം ചക്കയില്‍ പകുതിയിലേറെയും പാഴാകുന്ന സാഹചര്യമായിരുന്നു. അന്ന് മൂല്യവര്‍ധിത ഉത്പാദനത്തിന് ഉപയോഗപ്പെടുത്തിയത് 10 ശതമാനം ചക്കമാത്രം. ഇന്ന് കഥ മാറി. മൊത്തം ചക്കയുടെ 60 മുതല്‍ 70 ശതമാനംവരെ ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് ഈ മേഖലയിലെ കൂട്ടായ്മകളുടെ കണക്ക്. മൂല്യവര്‍ധിത ഉത്പന്നനിര്‍മാണത്തിന് 30 മുതല്‍ 35 ശതമാനംവരെ ചക്ക ഉപയോഗിക്കുന്നു. സംസ്ഥാനത്ത് ഒരുവര്‍ഷം 1000 മുതല്‍ 1500 ടണ്‍ ചക്കവരെ മൂല്യവര്‍ധിതഉത്പന്നമാക്കി വിപണിയില്‍ ഇറക്കുന്നുണ്ട്.
സംരംഭകര്‍ സാക്ഷി
പത്തുവര്ഷംമുന്പ് വര്‍ഷം 10 ടണ്‍ ചക്ക സംഭരിച്ചാണ് കണ്ണൂര്‍ തളിപ്പറമ്പിലെ ആര്‍ട്ടോകാര്‍പസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് ചക്കയധിഷ്ഠിത വ്യവസായം തുടങ്ങിയത്. ഇന്ന് അവര്‍ സംഭരിക്കുന്നത് വര്‍ഷം 500 ടണ്‍ ചക്ക. ഒരുകിലോ ചക്കയ്ക്ക് 15 രൂപമുതല്‍ 25 രൂപവരെ നല്‍കിയാണ് സംഭരണം. സീസണില്‍ ചക്ക സംഭരിച്ചുവെച്ച് വര്‍ഷം മുഴുവന്‍ ഉത്പാദനം നടത്താന്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഉള്‍പ്പെടെയുണ്ടെന്ന് ആര്‍ട്ടോകാര്‍പസ് എംഡി സുഭാഷ് കോറോത്ത് പറഞ്ഞു. വയനാട് മീനങ്ങാടിയിലെ അന്ന ഫുഡ്സ് പ്രോഡക്ട്സ് ഉടമ പി.ജെ. ജോണ്‍സണും പറയുന്നത് ചക്ക ഉപഭോഗത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ്.
12 വര്ഷംമുന്പ് വര്‍ഷം നാലോ അഞ്ചോ ടണ്‍ ചക്കമാത്രം സംസ്കരിച്ചിരുന്ന ജോണ്സണ് ഇപ്പോള്‍, വര്‍ഷം 150 ടണ്‍ ചക്ക മൂല്യവര്ധിതഉത്പന്നമാക്കുന്നുണ്ട്. ചുളയായും ചക്കയായും ഇവിടെ സ്വീകരിക്കും. ചുളയ്ക്ക് കിലോയ്ക്ക് 70 രൂപയുണ്ട്. പാഴായിപ്പോകുമായിരുന്ന ടണ്‍കണക്കിന് ചക്കയാണ് ഇത്തരം വ്യവസായസംരംഭങ്ങളിലൂടെ മൂല്യം ഉയര്‍ത്തുന്നത്. ചക്കയധിഷ്ഠിത വ്യവസായം കേരളത്തില്‍ ഇപ്പോഴും വളരെ കുറവാണ്. ശ്രദ്ധേയമായ വന്‍കിടസ്ഥാപനങ്ങള്‍ പത്തില്‍ത്താഴെ മാത്രം. സീസണില്‍മാത്രം പ്രവര്‍ത്തിക്കുന്ന ചെറുകിട യൂണിറ്റുകളാണ് അധികവും.
'ചക്കക്കൂട്ടം' തെളിച്ചവഴി
2018-ല്‍ രൂപംകൊണ്ട വാട്സാപ്പ് കൂട്ടായ്മയാണ് ചക്കക്കൂട്ടം. നിലമ്പൂര്‍ സ്വദേശി അനില്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം. ഓരോ ചക്കയും ഫലപ്രദമായി ഉപയോഗിക്കാന്‍ ചക്ക ഉത്പാദകരെയും വ്യാപാരികളെയും വ്യവസായികളെയും കോര്‍ത്തിണക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്ന് ചക്കക്കൂട്ടത്തിന് കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാട്സാപ്പ് കൂട്ടായ്മകളുണ്ട്. മൊത്തം 1400-ഓളം വാട്സാപ്പ് ഗ്രൂപ്പുകള്‍. ഇതില്‍ നാല്പതിനായിരത്തോളംപേര് അംഗങ്ങളാണ്. ചക്ക കൂടുതലുളള സ്ഥലത്തുനിന്ന് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഈ കൂട്ടായ്മ വഹിക്കുന്ന പങ്ക് ചെറുതല്ല.
ഏറണാകുളം പട്ടിമറ്റം കേന്ദ്രമാക്കി ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ച് ഇവിടെ മൂല്യവര്‍ധിത ഉത്പന്നനിര്‍മാണവും തുടങ്ങി. പ്രധാനമായും ഉണ്ടാക്കുന്നത് വാക്വം ഫ്രൈഡ് ചിപ്സാണ്. എണ്ണയുടെ അംശം കുറവായ ഈ ഉത്പന്നത്തിന് ഏറെ ആവശ്യക്കാരുണ്ട്. സീസണില്‍ ദിവസം മൂന്നുടണ്‍ ചക്കവരെ കമ്പനി കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്നുണ്ട്. കൂടാതെ, എല്ലാ മാസവും ചക്കഉത്പന്ന നിര്‍മാണത്തില്‍ പരിശീലനം സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ പരിശീലനം നേടി ചെറുകിടസംരംഭങ്ങള്‍ തുടങ്ങിയവര്‍ ഏറെയാണ്.
ഒരുവിലയും കിട്ടാത്ത അവസ്ഥയില്‍നിന്ന് ചക്കയ്ക്ക് വിലയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചതാണ് ചക്കക്കൂട്ടം കൂട്ടായ്മയുടെ വലിയ നേട്ടമെന്ന് കോഡിനേറ്റര്‍ അനില്‍ ജോസ് പറഞ്ഞു.
Content Highlights: Kerala`s Jackfruit Revolution: From Waste to Wealth
Published: 18 Apr 2025, 07:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented