ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരിൽ പലരും തിരഞ്ഞെടുക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണിത്. എന്നാൽ ഉപവാസമെടുക്കുന്നതിന്റെ ദൈർഘ്യം കൂടുതലായതിനാൽ പലപ്പോഴും പാതിവഴിയിൽ വച്ച് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഉപേക്ഷിക്കുന്നവരുമുണ്ട്. ഇതിനൊരു പരിഹാരമുണ്ടെന്ന് പറയുകയാണ് പുതിയൊരു പഠനം. വിരസതയില്ലാതെ തന്നെ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ശീലമാക്കാനുള്ള വഴിയാണ് പഠനത്തിൽ പറയുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആഴ്ചയില്‍ തുടര്‍ച്ചയല്ലാത്ത മൂന്ന് ദിവസങ്ങളില്‍ ഉപവസിക്കുകയും ബാക്കി ദിവസങ്ങള്‍ സാധാരണത്തേപ്പോലെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഗുണംചെയ്യുമെന്നാണ് പഠനം പറയുന്നത്. സാധാരണ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതിയില്‍ നിന്ന് വ്യത്യസ്ഥമായി തുടര്‍ച്ചയായി രണ്ട് ദിവസം ഉപവസിക്കാതിരിക്കുന്നതിലൂടെ അമിതവണ്ണം ഉപേക്ഷിക്കാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
അമിതവണ്ണമുള്ള 165 പേരെയാണ് പരീക്ഷണ വിധേയമാക്കിയത്. ഇതില്‍ ചിലര്‍ തുടര്‍ച്ചയില്ലാതെ ആഴ്ചയിലെ മൂന്ന് ദിവസം ഉപവാസമെടുക്കുകയും( 4:3) മറ്റു ചിലര്‍ വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും കലോറി ക്രമീകരിച്ചും ഭക്ഷണം കഴിച്ചു. ഇതില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍ രസകരമാണ്.
ആഴ്ചയില്‍ തുടര്‍ച്ചയല്ലാത്ത മൂന്ന് ദിവസങ്ങളില്‍ ഉപവാസമെടുത്തവരിൽ 7.6% ശരീര ഭാരം കുറയുകയും വര്‍ഷം മുഴുവന്‍ കലോറി ക്രമീകരിച്ച് ഭക്ഷണം കഴിച്ചവരില്‍ 5 % ശരീരഭാരം കുറഞ്ഞതായും ഗവേഷകര്‍ കണ്ടെത്തി.
ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്നവര്‍ പലവിധ കാരണങ്ങള്‍ കൊണ്ട് പാതി വഴിയില്‍ ഉപേക്ഷിച്ചുപോകാറുണ്ട്. എന്നാല്‍ ആഴ്ചയില്‍ തുടര്‍ച്ചയല്ലാത്ത ദിവസങ്ങളില്‍ ഇന്റര്‍മിറ്റന്‍ ഫാസ്റ്റിങ് പിന്തുടര്‍ന്നവരില്‍ 19% പേര്‍ മാത്രമാണ് ഇതില്‍ നിന്ന് കൊഴിഞ്ഞുപോയത്. അതേസമയം എന്നും ഡയറ്റ് ക്രമീകരിച്ച് ഭക്ഷണം കഴിച്ചിരുന്നവരില്‍ 47% പേരാണ് കൊഴിഞ്ഞുപോയത്.
എല്ലാ ദിവസ്സവും കലോറി നോക്കി ഭക്ഷണം ക്രമീകരിക്കുന്നതിന്റെ വിരസത മാറ്റാന്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസ്സം മാത്രം നടത്തുന്ന ഉപവാസത്തിനായേക്കാം എന്നാണ് ഗവേഷകരുടെ വാദം. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിൻ്റെ ഗുണങ്ങള്‍
- ശരീരഭാരം കുറയ്ക്കാനും വിസറല്‍ ഫാറ്റ് കുറയ്ക്കാനും സഹായിക്കുന്നു.
- ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. ടൈപ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.
- അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സോണിസം, സ്‌ട്രോക് എന്നീ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
- ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു.
പാര്‍ശ്വഫലങ്ങള്‍
- ക്ഷീണം, ഉറക്കക്കുറവ്, അമിതവിശപ്പ്, തലവേദന എന്നിവ ഉണ്ടാകാം.
- തുടര്‍ച്ചയായ കലോറി നിയന്ത്രണത്തിലൂടെ വിശപ്പിന്റെ ആസക്തി വര്‍ദ്ധിക്കുന്നു.
- ദഹനക്കേട്, വയറിളക്കം, ഓക്കാനം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. നാരുകള്‍ സമ്പുഷ്ടമായ പോഷകസാന്ദ്രമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.
- ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ശരിയായിട്ടല്ല പ്ലാന്‍ ചെയ്യുന്നതെങ്കില്‍ പോഷകാഹാരക്കുറവ് ഉണ്ടാകാം.
എല്ലാവര്‍ക്കും സ്വീകാര്യമാകില്ല
ഇന്റര്‍മിറ്റന്റ് രീതിക്ക് ഗുണങ്ങള്‍ ഒട്ടനവധിയാണെങ്കിലും എല്ലാവര്‍ക്കും ഇത് സ്വീകാര്യമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലര്‍ പൂര്‍ണമായും ഈ ഡയറ്റിങ് രീതി ഒഴിവാക്കേണ്ടി വരും. അസിഡിറ്റി, കോര്‍ട്ടിസോള്‍ നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളവര്‍, തൈറോയിഡ് പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ ഈ ഡയറ്റിങ് രീതി ഒഴിവാക്കേണ്ടി വരും.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യുട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: New study shows a 3-day intermittent fasting plan is more effective for weight loss
Published: 08 Apr 2025, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented