ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട രുചി വൈവിധ്യമാണ് ഇന്ത്യയുടെ ഭക്ഷണപാരമ്പര്യത്തിനുള്ളത്. ഓരോ ഭൂപ്രദേശത്തിനനുസരിച്ചും സംസ്‌കാരത്തിനനുസരിച്ചും ഭക്ഷണത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. മധുരപലഹാരങ്ങള്‍, ബിരിയാണികള്‍, കറികള്‍ തുടങ്ങി ഭക്ഷണത്തിന്റെ നീണ്ട നിര തന്നെയുണ്ട് ഇന്ത്യയില്‍. മികച്ച ഭക്ഷ്യനഗരങ്ങളെ തിരഞ്ഞെടുക്കുന്ന ടേസ്റ്റ് അറ്റ്‌ലസ് 2025-26 പട്ടികയിലും ഇന്ത്യയിലെ നഗരങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

To advertise here,

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ. ആഗോളതലത്തില്‍ മികച്ച പത്ത് നഗരങ്ങളില്‍ ഉള്‍പ്പെട്ട ഒരേയൊരു ഇന്ത്യന്‍ നഗരമാണ് മുംബൈ. നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായ ഭേല്‍പ്പുരി, പാവ് ഭാജി, വട പാവ്, മോദകം എന്നിവയെല്ലാം ഈ അംഗീകാരം നേടാന്‍ മുംബൈയെ സഹായിച്ചു. വഴിയോരകച്ചവടങ്ങളെയും നഗരത്തിലെ പ്രശസ്തമായ പരമ്പരാഗത റെസ്റ്റോറന്റുകളും ഇതിനായി പരഗണിച്ചിരുന്നു.

ടേസ്റ്റ് അറ്റ്‌ലസ് അനുസരിച്ച് മികച്ച നഗരങ്ങളുടെ പട്ടികയില്‍ ആദ്യ നാല് സ്ഥാനം കരസ്ഥമാക്കിയത് ഇറ്റാലിയന്‍ നഗരങ്ങളാണ്. ഒന്നാം സ്ഥാനം നേപ്പിള്‍സ് നഗരം സ്വന്തമാക്കിയപ്പോള്‍ മിലന്‍, ബൊലോന, ഫ്‌ലോറന്‍സ് തുടങ്ങിയ നഗരങ്ങളാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.

മുംബൈ കൂടാതെ ഇന്ത്യയിലെ മറ്റ് അഞ്ച് നഗരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തനതായ പാചക വൈദഗധ്യം പ്രകടിപ്പിച്ച നഗരങ്ങളാണ് ഇവ. അമൃത്‌സരി കുല്‍ച, പാലക് പനീര്‍, ദാല്‍ മഖനി, സര്‍സോന്‍ കാ സാഗ്, മധുരമുള്ള ഫിര്‍നി എന്നിവ ഉള്‍പ്പെടുന്ന പഞ്ചാബി വിഭവങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് അമൃത്‌സര്‍. പട്ടികയില്‍ 48- ാം സ്ഥാനത്താണ് അമൃത്‌സര്‍.

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയും ഹൈദരാബാദും തൊട്ടുപുറകിലായി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ദാല്‍ മഖനി, മൂര്‍ഘ് മഖനി, ചോലെ ഭട്ടൂരെ ഗുലാബ് ജാമുന്‍ തുടങ്ങിയ പലഹാരങ്ങളാണ് ന്യൂഡല്‍ഹിയുടെ പ്രധാന വിഭവങ്ങളെങ്കില്‍ ഹൈദരാബാദി ബിരിയാണി, പെസാരി ദോശ, ഹലീം, കറാച്ചി ബിസ്‌കറ്റ് തുടങ്ങി നിസാമി കാലഘട്ടത്തിലെ ഭക്ഷണങ്ങളാണ് ഹൈദരാബാദില്‍ ശ്രദ്ധിക്കപ്പെട്ടത്. വടക്കേ ഇന്ത്യയില്‍ നിന്നും കൊല്‍ക്കത്തയും ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. സാമ്പര്‍, ദോശ, ഇഡ്ഢലി, തുടങ്ങിയ വിഭവങ്ങളാണ് ചെന്നൈയില്‍ മികച്ചതായി തിരഞ്ഞെടുത്തത്.