ജീവിതത്തിരക്കുകള്‍ക്കിടയില്‍ വലിയ മാനസികസമ്മര്‍ദം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ഉറക്കം മനസിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

To advertise here,

എപ്പോഴും സ്‌ട്രെസും ക്ഷീണവും അനുഭവിക്കുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'ട്രിപ്‌റ്റോഫാന്‍' എന്ന അമിനോ ആസിഡ് 'സെറട്ടോണിന്‍' ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഘടകമാണ്. 

നട്‌സ് കഴിക്കുന്നതും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവയിലുള്ള ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിന്‍- ഇയും തലച്ചോറിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഹൃദയാരോഗ്യത്തിനും ഇവ ഗുണകരമാണ്. വാല്‍നട്ട് കഴിക്കുന്നതില്‍ നിന്നും ഓമേഗ 3 ലഭിക്കും. ബദാമില്‍ നിന്നും വിറ്റാമിന്‍ ഇ ലഭിക്കും. ഇവയെല്ലാം ഓര്‍മശക്തിയും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും.

പാല്‍, മുട്ട തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മടിക്കരുത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഇവയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങളും മാനസികാരോഗ്യത്തിന് നല്ലതാണ്.  ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.  വിഷാദരോഗപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ഇത് വളരെ നല്ലതാണ്.

മഞ്ഞള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും മനസിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. ഇത് ഓര്‍മശക്തിയെ പരിപോഷിപ്പിക്കുകയും വിഷാദം പോലുള്ള മാനസിക വിഷമതകളെ ചെറുക്കുകയും ചെയ്യും.ഡാര്‍ക്ക് ചോക്ലേറ്റാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ    ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)