ദീര്‍ഘനേരം ഒരു സ്ഥലത്ത് അനങ്ങാതെ ഇരിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് അറിയാത്തവര്‍ വിരളമായിരിക്കും. ഡെസ്‌ക് ജോലി ചെയ്യുന്നവര്‍ അവരുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യുട്രീഷനിസ്റ്റായ രുജുത ദിവേകര്‍. 

To advertise here,

ഇരുന്ന് ജോലിചെയ്യുന്നവര്‍ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പും സമയക്രമവും ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ ആരോഗ്യനില അല്പം മെച്ചപ്പെടുത്താന്‍ അത് സഹായിക്കുമെന്നും വൈകുന്നേരത്തെ ലഘുഭക്ഷണ സമയം വളരെ പ്രധാനമാണെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. 2007- മുതല്‍ ബോളിവുഡ് താരം കരീന കപൂറിന്റെ ഡയറ്റീഷ്യനാണ് രുജുത ദിവേകര്‍. 

വൈകുന്നേരം എന്ത് കഴിക്കുകയാണെങ്കിലും അത് അത്താഴത്തെ സ്വാധീനിക്കും. മാത്രമല്ല ദഹനം, ഉറക്കം, എന്തിനേറെ അടുത്ത ദിവസത്തെ പോലും അത് ബാധിക്കുമെന്ന് രുജുത പറയുന്നു. 

വൈകുന്നേരം 4-നും 6-നും ഇടയിലുള്ള സമയത്ത് ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ശ്രമിക്കാം. അവല്‍, ഉപ്പുമാവ് അല്ലെങ്കില്‍ ഒരു റൊട്ടി എന്നിവ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാണ്. അവയില്‍ കലോറി കുറവാണ്. ദഹിക്കാന്‍ എളുപ്പവുമാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന് സംതൃപ്തി നല്‍കുകയും അത്താഴത്തിന് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വറുത്ത ലഘുഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍, അനാരോഗ്യകരമായ കൊഴുപ്പ് ശരീരത്തിലെത്തുകയും അത്താഴത്തിനുള്ള വിശപ്പ് ഇല്ലാതാകുകയും ചെയ്യുന്നു. ഇത് അര്‍ധരാത്രിയിലെ വിശപ്പ്, ഉറക്കക്കുറവ്, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. 

നല്ല ലഘുഭക്ഷണം ശരീരഭാരം നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും വയറുവീര്‍ക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. 

വീട്ടിലെ ഭക്ഷണം 
ഭക്ഷണത്തിന്റെ കാര്യത്തില്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചേരുവകളുടെയും പാചകരീതിയുടെയും കാര്യത്തില്‍ നിയന്ത്രണം സാധ്യമാകുന്നു എന്നതും ചെലവ് കുറവാണെന്നതും ഇതിന് കാരണമാണ്. 

'വീട്ടില്‍ പാകം ചെയ്യുന്ന എന്തും നിങ്ങള്‍ക്ക് കഴിക്കാം. ഒഴിവാക്കേണ്ടത് പുറത്തുനിന്നുള്ള ഭക്ഷണവും പാക്ക് ചെയ്ത ഭക്ഷണങ്ങളുമാണ്. ചിപ്സ്, കോള, കുക്കീസ് തുടങ്ങിയവ നിങ്ങളുടെ ഓഫീസില്‍ സൗജന്യമായി ലഭിച്ചാലും ഒഴിവാക്കണം,' അഭിമുഖത്തില്‍ ദിവേകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)