ജപ്പാനില്‍ പിറവികൊണ്ട മാച്ചയ്ക്ക് ആരാധകരേറെയാണ്. സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ മാച്ചാ ടീ രാജ്യാതിര്‍ത്തികള്‍ കടന്ന് ആരാധകരെ നേടി. എന്നാലിതാ മാച്ചയോട് നോ പറഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കഫേയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 

To advertise here,

ജര്‍മനിയിലുള്ള ഒരു കഫേയ്ക്ക് മുന്നിലുള്ള നോട്ടീസാണ് വൈറലായ വീഡിയോയിലുള്ളത്. മാച്ച കുടിക്കുന്നവര്‍ക്ക് പ്രവേശനമില്ലെന്ന് കുറിച്ചുകൊണ്ടാണ് കോഫി മാത്രംവില്‍ക്കുന്ന കഫേ രംഗത്തെത്തിയിരിക്കുന്നത്. 

'മാച്ച കുടിക്കുന്നവര്‍ക്ക് പ്രവേശനമില്ല. ഇതൊരു കോഫി സ്ഥാപനമാണ്. കാപ്പിക്കുരുവിനെ ബഹുമാനിക്കുക' എന്നാണ് കഫേയുടെ വാതിലിന് മുന്നില്‍ ഒട്ടിച്ചിരിക്കുന്നത്. മൂന്ന് കഫേകളുടെ ഉടമയും സ്വന്തമായി ഒരു ബാരിസ്റ്റ സ്‌കൂള്‍ നടത്തുന്നയാളുമായ പ്രശസ്ത ബാരിസ്റ്റ ഡ്രിറ്റന്‍ അല്‍സേലയാണ് ഈ നിലപാടിന് പിന്നില്‍. ഇയാളുടെ കഫേയാണിത്. സാധാരണയായി തന്റെ ലാറ്റെ ആര്‍ട്ടിന്റെ പേരിലാണ് അദ്ദേഹം ഓണ്‍ലൈനില്‍ പ്രശംസിക്കപ്പെടാറുള്ളത്. എന്നാല്‍ ഇത്തവണ മാച്ചയോടുള്ള അദ്ദേഹത്തിന്റെ പരസ്യമായ വെറുപ്പാണ് ശ്രദ്ധ നേടുന്നത്.

'ആന്റി-മാച്ചാ കാമ്പെയ്ന്‍' എന്ന് പേരിട്ട ഒരു പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. 'എല്ലാ രാജ്യങ്ങളിലെയും കാപ്പി പ്രേമികളേ, മാച്ചയ്ക്കെതിരെ ഒന്നിക്കുക' എന്നതു പോലുള്ള രസകരമായ മുദ്രാവാക്യങ്ങളോടെയാണ് പോസ്റ്റുകള്‍. ഇതിന്റെ ഭാഗമായാണ് കഫേയിലേക്കുള്ള പ്രവേശനകവാടത്തില്‍ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. 

ബാരിസ്റ്റയുടെ നിലപാടിനെ എതിര്‍ത്തും അനുകൂലിച്ചും ഒരുപാട് പ്രതികരണങ്ങളെത്തി. ചിലര്‍ തമാശ പറയുകയും മീമുകള്‍ പങ്കുവെക്കുകയും ചെയ്തപ്പോള്‍, മാച്ചയോടുള്ള കഫേയുടെ നിലപാടിനെ മറ്റുചിലര്‍ അഭിനന്ദിച്ചു.

'മാച്ചയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നു, ആളുകള്‍ ചിന്തിക്കാതെ ആള്‍ക്കൂട്ടത്തെ അന്ധമായി പിന്തുടരുകയാണെ'ന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. 'ഒരു കാപ്പി പ്രേമി എന്ന നിലയില്‍, ഞാന്‍ യോജിക്കുന്നു,' എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.

'മാച്ച കുടിക്കുന്നവരെക്കുറിച്ച് എനിക്ക് വലിയ ചിന്തയൊന്നുമില്ല, പക്ഷേ ഈ ഒരു ബോര്‍ഡ് കാണാന്‍ വേണ്ടി മാത്രം ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെ കടയില്‍ വരും,' എന്നാണ് മറ്റൊരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എഴുതിയത്. 

പലര്‍ക്കും മാച്ച ജീവിതശൈലിയുടെ പ്രതീകമായി മാറിയിരിക്കുകയാണ്. സെലിബ്രിറ്റികളടക്കം ഈ ട്രെന്‍ഡ് പിന്തുടരുന്നുണ്ട്. കഫേകളും ഇന്‍ഫ്‌ളുവന്‍സര്‍മാരും ഇതിനെ ഒരു ട്രെന്‍ഡാക്കി മാറ്റിയിരിക്കുകയാണ്. 

എന്താണ് മാച്ചാ ടീ
വിപണിയിലെ വിലയേറിയ ചായപ്പൊടികളിലൊന്നാണ് മാച്ചാ. പ്രത്യേകതരത്തിലുണ്ടാക്കിയെടുക്കുന്ന ഒരു ഗ്രീന്‍ ടീ. നിറത്തിലും രുചിയിലും ഗുണത്തിലുമെല്ലാം ഇത് ഗ്രീന്‍ ടീയില്‍നിന്ന് വ്യത്യസ്തമാണ്. വെയില്‍ നേരിട്ട് കൊള്ളിക്കാതെ തണലില്‍ വളര്‍ത്തിയ ഇലകൊണ്ടാണ് ഇതിന്റെ പൊടിയുണ്ടാക്കുന്നത്. ആന്റി ഓക്സിഡന്റുകളാണ് സമ്പന്നമാണ് മാച്ചാ ടീ. 

കോശങ്ങളുടെ കേടുപാടുകള്‍ തടയാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മാച്ചയ്ക്ക് കഴിയും. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാച്ച സഹായിക്കും. മാനസിക നില മെച്ചപ്പെടുത്താനും ഇത് കുടിയ്ക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  

ചായ തയ്യാറാക്കാന്‍ മാത്രമല്ല സ്മൂത്തികള്‍, പലഹാരങ്ങള്‍ എന്നിവയിലും മാച്ചാ പൊടി ഉപയോഗിക്കാറുണ്ട്.