കൊച്ചി: ഓറഞ്ചും ആപ്പിളും പൈനാപ്പിളും ഉൾപ്പെടെ മിക്ക പഴവർഗങ്ങളും കീശ കാലിയാക്കുകയാണ്. ലഭ്യത കുറഞ്ഞതോടെ പഴങ്ങളുടെ വില ഉയരുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് കിലോയ്ക്ക് 50-100 രൂപയാണ് ഉയർന്നത്.
കാലാവസ്ഥാ വ്യതിയാനവും രൂപയുടെ തകർച്ചയുമെല്ലാം സ്വദേശികളുടെയും വിദേശികളുടെയും വില ഉയർത്തി. ഏതാണ്ട് 25 രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് വിവിധയിനം പഴവർഗങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
കേരളത്തിൽ വിൽപ്പനയിൽ മുന്നിലുള്ള ആപ്പിളിന് തരം അനുസരിച്ച് കിലോയ്ക്ക് 220 രൂപ മുതൽ 290 രൂപ വരെ വിലയുണ്ട്. 300 രൂപയ്ക്കു മേലെയുള്ളതുമുണ്ട്. 2024 ഡിസംബറിൽ കിലോയ്ക്ക് 100 രൂപയായിരുന്നു വില. ആഭ്യന്തര ആപ്പിൾ സീസൺ കഴിഞ്ഞതിനാൽ വിദേശികളാണ് വിപണിയിൽ എത്തുന്നത്.
എന്നാൽ, ഡോളറിനെതിരേ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ച ഇറക്കുമതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വലിയ വില നൽകി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ. ആവശ്യം ഉണ്ടെങ്കിലും പഴങ്ങൾ ലഭിക്കാത്ത നിലയാണ് വിപണിയിലെന്ന് ഓൾ കേരള ഫ്രൂട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് യഹിയ കോയ പറഞ്ഞു.
വിപണിയിൽ ഓറഞ്ച് കിലോയ്ക്ക് 100-110 രൂപയിലെത്തി. മുൻവർഷം ഇതേ മാസത്തെക്കാൾ 50 രൂപ അധികമാണ് വില. കഴിഞ്ഞ മാസങ്ങളിൽ കിലോയ്ക്ക് 15 രൂപ ഉണ്ടായിരുന്ന തണ്ണിമത്തൻ (കിരൺ) വില കിലോയ്ക്ക് 40-45 രൂപയിലെത്തി. പേരക്കയ്ക്ക് കിലോയ്ക്ക് 110-120 രൂപ, മുന്തിരി (കുരു ഇല്ലാത്തത്) 200-220 രൂപ, മുന്തിയ ഇനം മാതളം 200 രൂപ എന്നിങ്ങനെയാണ് വില.
പൈനാപ്പിൾ വിലയിലും കുതിപ്പ്
വിപണിയിൽ മറ്റ് പഴങ്ങളുടെ വരവ് കുറഞ്ഞത് പൈനാപ്പിൾ വില ഉയർത്തി. സാധാരണ ഡിസംബർ മാസം വലിയ ഡിമാൻഡ് ഇല്ലാത്തതിനാൽ കർഷകർ ഉത്പാദനം ഉയർത്താറില്ല. എന്നാൽ, മറ്റ് പഴങ്ങൾക്ക് വില കൂടി നിൽക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ പൈനാപ്പിളിലേക്ക് തിരിഞ്ഞു.
ചില്ലറവിപണിയിൽ കിലോയ്ക്ക് 50 രൂപയിലെത്തി വില. 2024 ഡിസംബറിൽ കിലോയ്ക്ക് 40 രൂപയിൽ താഴെയായിരുന്നു വില. നിലവിലെ വിലവർധന ജനുവരി പകുതിവരെ ഈ നില തുടരുമെന്നാണ് പൈനാപ്പിൾ കച്ചവടക്കാർ പറയുന്നത്.
Content Highlights: Discover why fruit prices like oranges, apples, and pineapples are rising significantly in Kerala due to reduced availability, climate change, and currency fluctuations.
Published: 21 Dec 2025, 08:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented