പലരേയും അലട്ടുന്ന പ്രശ്‌നമാണ് തലമുടി കൊഴിയുന്നതും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതുമെല്ലാം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് മുടിയുടെ ആരോഗ്യത്തെ നിർണയിക്കുന്നതിൽ വലിയ പങ്കുണ്ട്. വിറ്റാമിനുകളുടെ കുറവാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതും മുടി കൊഴിയുന്നതിന് കാരണമായിത്തീരുന്നതും. പ്രോട്ടീൻ, വിറ്റാമിൻ ബി, വിറ്റാമിൻ സി, ഡി, ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിൻ, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തണം. ഇത്തരത്തിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

മുടിയുടെ ആരോഗ്യം ഉറപ്പിക്കാൻ കഴിച്ചിരിക്കേണ്ട ഭക്ഷണമാണ് തൈര്. ഇതിൽ പ്രോട്ടീൻ, വിറ്റാമിൻ ബി, കാത്സ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ തലമുടിയുടെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. മുടി കൊഴിച്ചിൽ തടയുകയും ചെയ്യും.

സാൽമൺ ഫിഷ്, മത്തി തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടി വളരാൻ ഗുണം ചെയ്യും. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഈ പഴങ്ങൾ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യം വർധിപ്പിക്കും. കൂടാതെ ചർമത്തിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

വിറ്റാമിനുകളുടെ സ്രോതസ്സായ ചീരയും ഡയറ്റിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ഇതിലുണ്ട്. അതിനാൽ ചീര ഡയറ്റിൽ ഉൾപ്പെടുന്നത് തലമുടിയുടെ ആരോഗ്യം വേഗത്തിൽ മെച്ചപ്പെടുത്തും. 

മുട്ടകഴിക്കുന്നത് മുടിയുടെ കാര്യത്തിൽ അത്യാവശ്യമായ കാര്യമാണ്. പ്രോട്ടീനുകളും വിറ്റാമിൻ ബിയും ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും ഇതിൽ ധാരാളമായുണ്ട്. അതിനാൽ മുട്ട പതിവായി കഴിക്കുന്നത് തലമുടി നന്നായി വളരാനും സഹായിക്കും. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബെറി പഴങ്ങൾ കഴിക്കുന്നത് തലമുടി വളരാൻ ഏറെ ഗുണം ചെയ്യും. 

അവക്കാഡോ കഴിക്കുന്നതും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിൻ ഇയും ബയോട്ടിനും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാൻ സഹായിക്കും. സിങ്കും അയണും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, അണ്ടിപരിപ്പ്, വാൾനട്‌സ് തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)