രാത്രി ഉറക്കം കിട്ടാത്തത് പലരും നേരിടുന്ന വലിയ പ്രശ്‌നമാണ്. ഉറക്കം നഷ്ടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ഉത്കണ്ഠയും ജീവിതശൈലിയുമെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്. കടുത്ത പ്രശ്‌നമായി ഇത് മാറിയിട്ടുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്. എന്നാല്‍ ചില ഭക്ഷണങ്ങളും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

ഉറക്കക്കുറവുള്ളവര്‍ കഴിച്ചിരിക്കേണ്ട ഫലമാണ് കിവി. വിറ്റാമിന്‍ സി, ഇ എന്നിവയും പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്റി ഓക്‌സിഡന്റിന്റെ കഴിവ്  ഉറക്കത്തെ മെച്ചപ്പെടുത്താന്‍ ഗുണകരമാണ്. അതിനാല്‍  രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവി പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

ഓട്‌സും ഇത്തരത്തില്‍ ഉറക്കത്തെ സഹായിക്കുന്ന ഭക്ഷണമാണ്. ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഓട്സ്  ഉറക്കം ലഭിക്കാന്‍ വലിയ രീതിയില്‍ സഹായിക്കും.

ബദാം ഡയറ്റില്‍ പതിവാക്കുന്നതും നല്ലതാണ്.  മഗ്നീഷ്യം നല്ല അളവില്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്ന ഒന്നാണ്. അതിനാല്‍ രാത്രി കുറച്ച് ബദാം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണകരമാണ്.

ഏതുപോലെ വലിയ അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഒന്നാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കുകയും ഉറക്കത്തിലേയ്ക്ക് നയിക്കുകയും ചെയ്യും.  അതിനാല്‍ രാത്രി ഉറങ്ങും മുന്‍പ് നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കത്തിന് ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)