നമ്മള്‍ കഴിക്കുന്ന ഭക്ഷണം മൊത്തത്തിലുള്ള ആരോഗ്യത്തെ നിര്‍ണയിക്കുന്ന ഒന്നാണ്. ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യസ്ഥിതിയും തമ്മില്‍ വലിയ ബന്ധമുണ്ട്. ചില ഭക്ഷണങ്ങള്‍ മുഖക്കുരു വരാനുള്ള സാധ്യത കൂട്ടുന്നവയാണ്. പലര്‍ക്കും ഇതിനെക്കുറിച്ച് ധാരണയില്ലാത്തതും കൂടിയാണ് വലിയ രീതിയില്‍ മുഖക്കുരു വരുന്നതിനുള്ള കാരണം. ഭക്ഷണശീലങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാല്‍ തന്നെ അത് മനസിലാക്കുവാന്‍ കഴിയും. മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

To advertise here,

പാലുത്പ്പന്നങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്. പാലും പാലുത്പ്പന്നങ്ങളും ഇന്‍സുലിന്‍ ഉല്‍പാദനത്തെ കൂട്ടും. ഇത് ചര്‍മ്മത്തില്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ എണ്ണ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണുകള്‍ പാലിലുണ്ട്. ഇതും മുഖക്കുരുവിന് കാരണമാകും. അതിനാല്‍ ക്രീം, ചീസ് മുതലായവ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

ചോക്ലേറ്റ് ഒഴിവാക്കുന്നത് നല്ലതാണ്. ചര്‍മ്മത്തില്‍ എണ്ണ ഉത്പ്പാദനം കൂട്ടുന്ന മെഥൈല്‍ക്‌സാന്തൈന്‍സ് എന്ന സംയുക്തങ്ങള്‍ ചോക്ലേറ്റിലുണ്ട്. കൂടാതെ, ചോക്ലേറ്റില്‍ പഞ്ചസാരയും വലിയ അളവിലുണ്ട്. ഇത് ഇന്‍സുലിന്‍ വര്‍ധനവിന് വഴിതെളിക്കും, ഇത് മുഖക്കുരുവിനും കാരണമാകും. സോയ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് നല്ലതാണ്. സോയയിലെ ചില ഘടകങ്ങള്‍ ചര്‍മ്മത്തില്‍ എണ്ണയുടെ അമിതമായ ഉല്‍പാദനത്തിന് കാരണമാകും. ഇത് മുഖക്കുരുവിന് കാരണമാവും. 

പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും. ഈ ഭക്ഷണങ്ങള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുമ്പോള്‍, അവ  രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വര്‍ധപ്പിക്കുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യും. മുഖക്കുരുവിന് കാരണമാകുന്ന ചര്‍മ്മത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ചയെയും പഞ്ചസാര ഉത്തേജിപ്പിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണം.

എരിവുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം. ഈ ഭക്ഷണങ്ങള്‍ ശരീരം അമിത ചൂടാക്കും. അത് വിയര്‍ക്കുന്നതിന് കാരണമാകും. ഇത് സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)