കൊല്ലം: കാലം മാറി; ന്യൂജെന്‍ കുടുംബങ്ങളില്‍ ഡൈനിങ് ഔട്ട് അല്ലെങ്കില്‍ ഹോട്ടല്‍ ഭക്ഷണം ഒരു പതിവായി മാറി. വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാനുള്ള മടിയും സമയക്കുറവും ഹോട്ടല്‍ ഭക്ഷണങ്ങളുടെ രുചിക്കൂട്ടുമെല്ലാം പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ ഏവരെയും പ്രേരിപ്പിക്കുകയാണ്.
ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ആഹാരം കഴിക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിനു ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കും. പക്ഷേ, കഴിക്കുന്നത് മായംകലര്‍ന്ന ഭക്ഷണമാണെങ്കിലോ... മരണംവരെ സംഭവിച്ചേക്കാം.
പുറത്തുനിന്ന് ആഹാരം കഴിക്കുന്നവരും ഓര്‍ഡര്‍ ചെയ്ത് ആഹാരം വീട്ടിലെത്തിച്ച് കഴിക്കുന്നവരും ആഹാരരീതിയില്‍ കരുതല്‍ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫോര്‍മാലിനും അമോണിയയും കലര്‍ത്തിയ മത്സ്യം, കീടനാശിനികള്‍ വിതറിയ പഴങ്ങളും പച്ചക്കറികളും, വിലകുറഞ്ഞ എണ്ണകള്‍ കലര്‍ത്തിയ വെളിച്ചെണ്ണ, കൃത്രിമപ്പാല്‍, മായംചേര്‍ന്ന തേയിലപ്പൊടി, പ്ലാസ്റ്റിക് കണികകള്‍ അടങ്ങിയ കുടിവെള്ളം ഇങ്ങനെ സര്‍വവും മായമായ കാലത്ത് അകത്തുചെല്ലുന്നതെല്ലാം മാരകമായ വിഷമാണ്.
ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് 2024 ഏപ്രില്‍മുതല്‍ 2025 മാര്‍ച്ച്വരെ ശേഖരിച്ച സാംപിളുകളില്‍ മാരകമായ അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയിരുന്നെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. കൃത്രിമ ഭക്ഷ്യനിറങ്ങള്‍, കീടനാശിനികള്‍, പ്രിസര്‍വേറ്റീവുകള്‍, മാലിന്യങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.
മായംചേര്‍ക്കുന്ന പുതുതന്ത്രങ്ങള്‍ കണ്ടെത്താന്‍ ഉന്നത സാങ്കേതികമികവുള്ള ലാബുകളും ഉപകരണങ്ങളും സാങ്കേതികവിദഗ്ധരും ആവശ്യമാണെന്നാണ് ആരോഗ്യ കുടുംബക്ഷേമസമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളിലെ ഹാനികരമായ രാസവസ്തുക്കളുടെ പ്രയോഗം തടയല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ എട്ടിനാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ ഉടമ കുടുങ്ങും
ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരിലധികവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് കാര്‍ഡില്ലാതെ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഉടമയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ വെളിച്ചെണ്ണയും നാടനല്ല
നാടന്‍ വെളിച്ചെണ്ണ എന്നപേരില്‍ ലേബലുകള്‍ ഇല്ലാതെ കുപ്പികളിലാക്കി വില്‍ക്കുന്നുണ്ട്. പല മില്ലുകളിലും എണ്ണ കേടാകാതിരിക്കാന്‍ കൊപ്രയില്‍ സള്‍ഫര്‍ പുരട്ടി തേങ്ങ ഉണക്കാന്‍ ഇടുന്നതായും സമിതിക്കുമുന്നില്‍ പരാതി ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇത്തരം സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌കൂള്‍ ഉച്ചഭക്ഷണവും പരിശോധിക്കണം
ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ സ്‌കൂളുകളിലും അതത് ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്ഥാപനം, പൊതുവിതരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധന നടത്തണമെന്നാണ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
Content Highlights: Health Department warns about adulterated food, chemicals in fish, veggies, oil & water. Learn risks & precautions to protect your family`s health.
Published: 30 Oct 2025, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented