ദ ഗട്ട്ലെസ് ഫുഡി എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഫുഡ് ബ്ലോഗര്‍ നടാഷ ദിദ്ദീ(50) ഞായറാഴ്ച പൂനെയില്‍ അന്തരിച്ചു. ഷെഫായിരുന്ന നടാഷയുടെ ഇന്‍സ്റ്റഗ്രാം പേജിന് വലിയ ആരാധകനിരയുണ്ടായിരുന്നു. അവരുടെ പാചകകുറിപ്പുകളും വീഡിയോകളും വളരെ വേഗത്തില്‍ ജനശ്രദ്ധ നേടിയിരുന്നു. നടാഷയുടെ ഭര്‍ത്താവാണ് മരണവിവരം സാമൂഹികമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്.

To advertise here,

വലിയ ദു:ഖത്തോടും വേദനയോടുമാണ് എന്റെ ഭാര്യയുടെ മരണവിവരം അറിയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നത്-എന്ന കുറിപ്പോടെയാണ് അദ്ദേഹം മരണവിവരം അറിയിച്ചത്. നടാഷയുടെ മരണകാരണം വ്യക്തമല്ല.  എന്നാല്‍ അവര്‍ പല അഭിമുഖങ്ങളിലും തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

വയറിളക്കം, ഓക്കാനം, ഭക്ഷണം കഴിച്ചതിന് ശേഷം തലകറക്കമോ ക്ഷീണമോ തുടങ്ങിയ ഒന്നിലധികം ബുദ്ധിമുട്ടുകള്‍ താന്‍ നേരിടുന്നുവെന്ന് അവര്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. വയറ്റില്‍ മുഴകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ ആമാശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. അതിന് ശേഷം വളരെ കുറച്ച് ഭക്ഷണം മാത്രമാണ് അവര്‍ കഴിച്ചിരുന്നത്. ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അവരുടെ ദ ഗട്ട്ലെസ് ഫുഡി  എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടര്‍ന്നും നിലനിര്‍ത്തുമെന്നും ഭര്‍ത്താവ് കുറിച്ചു. അവളുടെ പോസ്റ്റുകളും  സ്‌റ്റോറികളും പലയാള്‍ക്കും പ്രചോദനമായിരുന്നു. അവളെ പിന്‍തുടരുന്നവര്‍ അവളുടെ പാചകക്കുറിപ്പുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുവെന്നുമറിയാം.അതിനാലാണ് ഈ തീരുമാനം.

തന്റെ ഫോളേവേഴ്‌സിനോട് സമ്പര്‍ക്കം പുലര്‍ത്തുന്നത് അവള്‍ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ കൃത്യമായി ആളുകളോട് ഇടപെടുന്നതും പ്രാധാന്യത്തോടെയാണ് നടാഷ കണ്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധിയാളുകളാണ് അനുശോചനങ്ങള്‍ രേഖപ്പെടുത്തി കമന്റുകളിടുന്നത്.