മോദി സര്‍ക്കാര്‍ വലിയ ഭരണനേട്ടമെന്ന തരത്തില്‍ അവതരിപ്പിച്ച അതിവേഗ-ആഡംബര ട്രെയിനാണ് വന്ദേഭാരത്. പ്രീമിയം സര്‍വീസായ വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഭക്ഷണവും അതേ നിലവാരത്തില്‍ തന്നെയാകേണ്ടതാണ്. എന്നാല്‍ വന്ദേഭാരതില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ കുറേ നാളുകളായി ഉയര്‍ന്നുവരുന്നത്. അതില്‍ തന്നെ, ഭക്ഷണത്തില്‍ നിന്ന് പാറ്റ ഉള്‍പ്പെടെയുള്ള ചെറുജീവികളെ ലഭിച്ച സംഭവങ്ങളും പലതവണ വാര്‍ത്തയായി. 

To advertise here,

അടുത്തിടെ തിരുനല്‍വേലി-ചെന്നൈ എഗ്‌മോര്‍ വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാരനാണ് ജീവനുള്ള പാറ്റയുള്ള ഭക്ഷണം ലഭിച്ചത്. സംഭവത്തില്‍ കരാറുകാരനില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കിയതായി ദക്ഷിണറെയില്‍വേ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ വിരുതുനഗര്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. മാണിക്കം ടാഗോര്‍. 

വന്ദേഭാരതില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തുന്നത് എട്ട് മാസമായി ആവര്‍ത്തിക്കപ്പെടുന്ന സംഭവമാണെന്നും കരാറുകാരനില്‍ നിന്നും കേവലം പിഴയീടാക്കുന്നതിന് പകരം കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'പ്രിയ മോദി ജീ, എട്ട് മാസമായി നിങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തില്‍ പാറ്റയെയും ചെറുജീവികളേയും ആവര്‍ത്തിച്ച് വിളമ്പുന്നതായി സങ്കല്‍പ്പിച്ച് നോക്കൂ. ഉത്തരവാദിത്തം ഉറപ്പാക്കാന്‍ കേവലം 50,000 രൂപ പിഴ ഈടാക്കിയാല്‍ മതിയോ? യാത്രക്കാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിന് കര്‍ശനമായ നടപടിയും പരിഷ്‌കാരവും നടപ്പാക്കേണ്ട സമയം അതിക്രമിച്ചു.' -മാണിക്കം ടാഗോര്‍ എക്‌സില്‍ കുറിച്ചു. 

ചെന്നൈ എഗ്‌മോര്‍ വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതിന്റെ വീഡിയോയും മുമ്പുണ്ടായ സമാന സംഭവങ്ങളുടെ വാര്‍ത്താ തലക്കെട്ടുകളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. പ്രീമിയം ട്രെയിനുകളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് നേരത്തേ മാണിക്കം ടാഗോര്‍ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ തന്നെ നേരിട്ട് വിമര്‍ശിച്ച് അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തത്.