വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകൾ എന്ന് പൊതുവേ പറയുന്നത്. കഠിനമായ ധാതുക്കളുടെയും ഉപ്പിന്റെയുമെല്ലാം നിക്ഷേപങ്ങളാൽ ഉണ്ടാകുന്ന കല്ലുകൾ ചികിത്സിക്കാതെയിരുന്നാൽ വേദനയും ആരോഗ്യപ്രശ്‌നങ്ങളും ഗുരുതരമാകും. നോർത്ത് കർണാടക, ഒഡീഷ, ഉത്തർപ്രദേശ് എന്നീ സ്ഥലങ്ങളിൽ 'ഹീറ്റ് സ്‌ട്രെസ്സ് നെഫ്രോപ്പതി' ഉണ്ടെന്നും അതൊരു നിശബ്ദ പകർച്ചവ്യാധിയായി മാറുകയാണെന്നുമാണ് ഇന്ത്യൻ സൊസൈറ്റി ഓഫ് നെഫ്രോളജി (ISN) 2026 മാർച്ചിൽ പുറത്തുവിട്ട ഗവേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

To advertise here,

വൃക്കയിലെ കല്ലുകൾ അമിതമായ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നതിനാൽ ഇതിൽ നിന്ന് കരകയറാൻ ഭക്ഷണരീതികളിൽ പൂർണമായ മാറ്റം ആവശ്യമാണ്. നിർജലീകരണം വൃക്കയിൽ കല്ലുകളുണ്ടാകുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉറപ്പാക്കാൻ വിവിധ പാനീയങ്ങൾ നാം കുടിക്കാറുണ്ട്. ഇളനീരും തുളസി വിത്തുകളും കൂട്ടിയുണ്ടാക്കുന്ന പാനീയം അതിൽ ഉൾപ്പെടുന്നു. ഇവ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ അവ എങ്ങനെ, എപ്പോൾ കഴിക്കണം എന്നറിയേണ്ടത് അത്യാവശ്യമാണ്.

എന്തുകൊണ്ടാണ് വേനൽക്കാലത്ത് വൃക്കയിലെ കല്ലുകൾ വർധിക്കുന്നത്? 
വേനൽക്കാലത്തെ ഉയർന്ന താപനില ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളിൽ അമിതമായ സമ്മർദം ചെലുത്തുന്നു. 'ഹീറ്റ് സ്‌ട്രെസ്സ്' എന്നാണിത് അറിയപ്പെടുന്നത്. ശരീര താപനില നിയന്ത്രിക്കാൻ അമിതമായ ജലനഷ്ടം സംഭവിക്കുന്നതിനാൽ നിർജലീകരണം സംഭവിക്കാം. ഇതുകൊണ്ടാണ് വേനൽക്കാലത്ത് സാധാരണയിലുമധികം വെള്ളം കുടിക്കണമെന്ന് പറയുന്നത്. ശരീരത്തിൽ ഇലക്ട്രോലൈറ്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് വെള്ളം കുടിക്കേണ്ടതുണ്ടെന്നും പറയപ്പെടുന്നു.

ഇളനീര്: ഇളനീർ പ്രകൃതിദത്തമായ ജലാംശ സ്രോതസ്സായി കണക്കാക്കപ്പെടുന്നു. ഇത് ശരീരത്തിന് ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യവും നൽകാൻ കഴിയും. കൂടാതെ വിഷാംശം ഇല്ലാതാക്കുന്ന, ആന്റിബാക്ടീരിയൽ, ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ദഹനത്തിനും സഹായിക്കുന്നു. ജേണൽ ഓഫ് യൂറോളജിയിൽ സൂചിപ്പിച്ചതുപോലെ, വൃക്കകളിൽ ഉപ്പുകൾ പുറന്തള്ളാൻ വേണ്ടത്ര വെള്ളം ലഭിക്കാത്തപ്പോൾ ഉണ്ടാകുന്ന വൃക്കയിലെ കല്ലുകളെ ഇത് തടയാൻ സാധ്യതയുണ്ട്. ഇളനീര് നിരന്തരം കുടിക്കുന്നത് മൂത്രത്തെ നേർപ്പിക്കാൻ സഹായിക്കും. കൂടാതെ, ഇളനീരിന് ഗ്യാസ്ട്രിക് തകരാറുകൾക്കും വയറിളക്കത്തിനും നല്ല ചികിത്സാ ഫലങ്ങളുണ്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനും ഇത് സഹായിക്കുന്നു.

സബ്ജാ വിത്തുകൾ: സബ്ജാ വിത്തുകൾക്ക് ഔഷധ ഗുണങ്ങളേറെയാണ്. നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയടങ്ങിയ ഈ വിത്തുകൾ ജലത്തെ നന്നായി ആഗിരണം ചെയ്യും. എന്നാൽ ഇവ നിങ്ങൾക്ക് എത്രത്തോളം അനുയോജ്യമാണ്, ദിവസവും എപ്പോഴാണ് നിങ്ങൾ അവ കഴിക്കുന്നത്, ശരീരത്തിലെ അവയുടെ പ്രോസസ്സിങ് എങ്ങനെയാണ് എന്നിവ അടിസ്ഥാനമാക്കിയാണ് സബ്ജാ വിത്തുകളിൽനിന്നും കിട്ടുന്ന ഗുണത്തെ വിലയിരുത്താനാവുക.

ഇളനീരും സബ്ജാ വിത്തുകളും ചേർന്ന പാനീയം 
വൃക്കയുടെ ആരോഗ്യപരിപാലനത്തെ സംബന്ധിച്ചിടത്തോളം, വിവിധ ഭക്ഷണപദാർത്ഥങ്ങളുടെ ആരോഗ്യ ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്ന ഒരു സമീപനം ആളുകൾ സ്വീകരിക്കാറുണ്ട്. ഇളനീരും സബ്ജാ വിത്തുകളും വൃക്കയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ഗുണങ്ങൾ നൽകാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇളനീര് കഴിക്കുന്നത് മൂത്രത്തിലെ ഉപ്പ് ക്രിസ്റ്റലുകളുടെ രൂപീകരണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഇന്റർനാഷണൽ ബ്രസ്സ് ജെ യൂറോളിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നത്. തുളസി വിത്തുകൾ വൃക്കയിലെ കല്ലുകളെ നേരിട്ട് തടയുമെന്നതിന് തെളിവുകളില്ല. എന്നാൽ അവയുടെ ഓക്‌സലേറ്റ് ഉള്ളടക്കം കൂടുതലായതിനാൽ പാർശ്വഫലങ്ങൾ ഉണ്ടാകാം.

ഇളനീര് അല്ലെങ്കിൽ സബ്ജാ വിത്തുകൾ പോലുള്ള പ്രകൃതിദത്ത ജലാംശ സ്രോതസ്സുകളുടെ ഉപഭോഗം സുരക്ഷിതമാക്കാൻ നിയന്ത്രണവും ജാഗ്രതയും ആവശ്യമാണ്. ശരീരത്തിലെ ജലാംശത്തിന്റെ നില സ്വാഭാവികമായി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു പോഷകാഹാര വിദഗ്ധനെയോ ഡയറ്റീഷ്യനെയോ സമീപിക്കേണ്ടതുണ്ട്. അവർക്ക് നിങ്ങളുടെ ഭക്ഷണക്രമം, ജീവിതശൈലി, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ പരിശോധിച്ച് അതിനായുള്ള സുരക്ഷിതമായ മാർഗങ്ങൾ നിർദേശിക്കുന്നതാണ്. ക്ലിനിക്കൽ സാധുത ഇതുവരെ കണ്ടെത്താനായിട്ടില്ലാത്തതിനാൽ രക്തസമ്മർദം കുറഞ്ഞവർ തുളസി വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ശ്രദ്ധിക്കുക: ഈ റിപ്പോർട്ട് പൊതുവായ വിവരങ്ങൾ മാത്രം നൽകാനുള്ളതാണ്. വൈദ്യോപദേശത്തിന് പകരമല്ല. കൂടുതൽ വിവരങ്ങൾക്ക് ഒരു സ്‌പെഷ്യലിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കുക.