ചൈനയിലെ ഏറ്റവും വലിയ ഹോട്ട്പോട്ട് ശൃംഖലയാണ് ഹൈദിലാവോ. അടുത്തിടെ അവരുടെ ഷാങ്ഹായിലുള്ള ശാഖകളിലൊന്നില്‍ രണ്ടുപേര്‍ സൂപ്പില്‍ മൂത്രമൊഴിക്കുകയുണ്ടായി. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ 4000 ത്തിലധികം ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈദിലാവോ.

To advertise here,

ഹൈദിലാവോ റെസ്റ്റോറന്റിലെ ഒരു സ്വകാര്യറൂമില്‍ ഹോട്ട്‌പോട്ട് സൂപ്പിലേക്ക് രണ്ടുപേര്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ആണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. 17-വയസ്സുകാരായ രണ്ടു യുവാക്കള്‍ മദ്യപിച്ചാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് പോലീസ് പറയുന്നു.

ഫെബ്രുവരി 24 നാണ് സംഭവം നടന്നതെന്നും എന്നാല്‍ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ക്ക് ഇക്കാര്യം അറിയാനായതെന്നും റെസ്റ്റോറന്റ് ഭീമന്മാര്‍ വ്യക്തമാക്കി. സമയവും സ്ഥലവും തുടക്കത്തില്‍ നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞില്ലെന്നും ഹൈദിലാവോ പ്രസ്താവനയില്‍ അറിയിച്ചു.

'ഈ സംഭവം മൂലം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുണ്ടായ വൈഷമ്യം ഒരു തരത്തിലും പൂര്‍ണ്ണമായും നികത്താന്‍ കഴിയില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, ഉത്തരവാദിത്തം പൂര്‍ണ്ണമായും എറ്റെടുക്കുന്നു' കമ്പനി അറിയിച്ചു.

ഷാങ്ഹായില്‍ തന്നെ ഹൈദിലാവോയ്ക്ക് പന്ത്രണ്ടോളം ശാഖകളുണ്ട്. ഹോട്ട്‌പോട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സ്വയം പാകം ചെയ്യുന്ന രീതിയാണ് ഹൈദിലാവോയിലേത്. ഒരാള്‍ പാകം ചെയ്ത ഭക്ഷണം മറ്റൊരു ഉപഭോക്താവിന് നല്‍കാറില്ല. അതേസമയം മൂത്രമൊഴിച്ച ഹോട്ട്‌പോട്ട് അടുത്ത ഉപഭോക്താവ് ഉപയോഗിക്കുന്നതിന് മുമ്പ് ശുചീകരണം നടത്തിയിരുന്നോ എന്നത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ സംഭവം തിരിച്ചറിഞ്ഞ ശേഷം  എല്ലാ ഹോട്ട്പോട്ട് ഉപകരണങ്ങളും ഡൈനിംഗ് പാത്രങ്ങളും മാറ്റിസ്ഥാപിച്ചതായും മറ്റ് പാത്രങ്ങള്‍ അണുവിമുക്തമാക്കിയതായും വ്യക്തമാക്കിയ ഹൈദിലാവോ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു.

കൂടാതെ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് എട്ടുവരെ ഈ ശാഖയില്‍നിന്ന് ഭക്ഷണം കഴിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും പണം തിരികെ നല്‍കുകയും അതിനൊപ്പം അവര്‍ ബില്‍ ചെയ്ത തുകയുടെ പത്ത് ഇരട്ടി പണം നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യുമെന്ന് ഹൈദിലാവോ അറിയിച്ചു. ഇത്തരത്തില്‍ നാലായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് ഹൈദിലാവോ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

സിചുവാന്‍ പ്രവിശ്യയിലെ ജിയാന്‍യാങ്ങില്‍ ആദ്യത്തെ റെസ്റ്റോറന്റ് തുറന്ന ഹൈദിലാവോ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് കൈവരിച്ചത്.  ഇപ്പോള്‍ ലോകമെമ്പാടുമായി  ഇവര്‍ക്ക് 1,000-ത്തിലധികം റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.