കല്പറ്റ: മലയാളിയുടെ ഇഷ്ടവിഭവമായ കോഴിയിറച്ചിക്ക് ഇപ്പോൾ തീവില. കിലോയ്ക്ക് 250 മുതൽ 260 രൂപ വരെയാണ് കോഴിവില. കഴിഞ്ഞ ഒരുമാസംകൊണ്ട് കോഴിത്തീറ്റയിലുണ്ടായ വിലവർധനയാണ് നിലവിൽ വിലകൂടാൻ കാരണമെന്നാണ് ഫാമുടമകളും കച്ചവടക്കാരും പറയുന്നത്. ഒരുമാസത്തിനുള്ളിൽ കോഴിത്തീറ്റയുടെ 50 കിലോയുടെ ഒരുചാക്കിന് 500 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ 2500 രൂപ കൊടുത്താണ് ഫാമുടമകൾ ഒരുചാക്ക് കോഴിത്തീറ്റ വാങ്ങുന്നത്. പശ്ചിമേഷ്യൻ സംഘർഷംമൂലം ഡീസൽ വില വർധിപ്പിച്ചതും സോയാ, ചോളം എന്നിവയുടെ ലഭ്യതക്കുറവുമാണ് വിലവർധനയ്‌ക്കു കാരണം.

To advertise here,

ഇതിനുപുറമേ കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളമായി. രണ്ടാഴ്ച മുൻപ് 15 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 35 രൂപയാണ് വില. ചെലവ് ഇരട്ടിയായതോടെ ഫാമുടമകൾക്ക് വിലകൂട്ടുകയല്ലാതെ മറ്റു വഴികളില്ലാതെയായി. ഫാമുടമകളും ഇടനിലക്കാരും വില വർധിപ്പിച്ചതോടെ കച്ചവടക്കാരും വിലകൂട്ടാൻ നിർബന്ധിതരാവുകയാണ്.

തമിഴ്‌നാട്ടിൽനിന്നാണ് കൂടുതലായും ജില്ലയിലേയ്ക്ക് കോഴികളെത്തുന്നത്. അവിടെ കനത്തചൂടായതിനാൽ ഫാമുകളിൽ ഉത്പാദനം കുറഞ്ഞത് ഇറക്കുമതിയെ ബാധിച്ചു. അമിതചൂടുകാരണം 5000 കോഴികളെ വളർത്തിയിരുന്ന ഫാമുകൾ ഉത്പാദനം നാലായിരവും മൂവായിരവുമൊക്കെയായി ചുരുക്കിയതും കോഴിവിലയെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസേനയുള്ള കച്ചവടത്തിന്റെ 30 ശതമാനത്തോളം അതിഥിത്തൊഴിലാളികളിൽ നിന്നായിരുന്നു. കൂടാതെ പല ഫാമുകളിലും ജോലിചെയ്തിരുന്നത് അതിഥിത്തൊഴിലാളികളായിരുന്നു. തിരഞ്ഞെടുപ്പിന് നാട്ടിൽപ്പോയ തൊഴിലാളികളിൽ പലരും തിരിച്ചുവരാത്തതും പ്രതിസന്ധിക്ക്‌ കാരണമായി.

തൊഴിലാളികളില്ലാത്തതിനാൽ പല ഫാമുകളും പൂട്ടൽ ഭീഷണിയിലാണ്. മഴക്കാലം തുടങ്ങിയതോടെ കല്യാണമുൾപ്പടെയുള്ള ആഘോഷപരിപാടികൾ നടക്കാത്തതും തിരിച്ചടിയായി. കേരളത്തിലെ കോഴിക്കച്ചവടം നേരിടുന്ന മറ്റൊരു ഭീഷണി തമിഴ്‌നാട്ടിലെ കുത്തകകളാണെന്ന് ഫാമുടമകൾ ആരോപിച്ചു. നിലവിൽ ഫാമുകളിലേക്ക് കോഴിക്കുഞ്ഞുങ്ങളെയും കോഴിത്തീറ്റയും വിതരണം ചെയ്യുന്നത് ഇക്കൂട്ടരാണ്. തമിഴ്‌നാട്ടിൽ ഫാമുകൾക്ക് സർക്കാർ സൗജന്യമായി വൈദ്യുതിയും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. ഇതവർക്ക് ഏറെ ഗുണകരമാണ്. ആ മാതൃക കേരളത്തിലും നടപ്പാക്കണമെന്നാണ് ഫാമുടമകളുടെ ആവശ്യം.

വിലകൂട്ടാതെ പിടിച്ചുനിൽക്കാൻ പറ്റില്ല

കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കൂടിയതിനാൽ വിൽക്കുന്ന കോഴിയുടെ വിലകൂട്ടാതെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. വർഷങ്ങളായി കോഴിഫാം നടത്തുന്നുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് കോഴിത്തീറ്റയുടെ വില ഒറ്റയടിക്ക് ഇത്രയും വർധിപ്പിക്കുന്നത്. 1950 രൂപയ്ക്ക് ഒരുചാക്ക് കോഴിത്തീറ്റ ഫാമിലെത്തിയ സ്ഥാനത്ത് ഇപ്പോൾ 2500 രൂപ കൊടുക്കണം. ഒരു കോഴിക്കുഞ്ഞിന് പൂർണ വളർച്ചയിലെത്താൻ മൂന്നരക്കിലോ തീറ്റ വേണം.

-ഷിൽജു എബ്രഹാം, കോഴി ഫാമുടമ, മാനന്തവാടി