ജനപ്രിയ ഭക്ഷണങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ മാഗിയ്ക്ക് എന്തായാലും അതില്‍ ഇടമുണ്ടാകും. ഞൊടിയിടയ്ക്കുള്ളില്‍ തയ്യാറാക്കാമെന്നതു കൊണ്ടാവാം ഈ നൂഡില്‍സ് വിരുതന് ഇത്ര ആരാധകരുണ്ടായത്. പച്ചക്കറികള്‍ നുറുക്കണ്ട, കറിക്കൂട്ട്  തയ്യാറാക്കണ്ട, വെള്ളം തിളയ്ക്കുന്ന സമയത്തിനുള്ളില്‍ വിശപ്പടക്കാം. രുചിയിലും തീരെ മോശമല്ലല്ലോ.

To advertise here,

മാഗിയില്‍ പുതിയ ചേരുവകള്‍ ചേര്‍ത്ത് പലരും പലവിധ പരീക്ഷണങ്ങളും നടത്താറുണ്ട്. മാഗി കൊണ്ടുള്ള പാചക പരീക്ഷണങ്ങള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സുലഭവുമാണ്. പലതും ഭക്ഷണപ്രേമികള്‍ പരീക്ഷിച്ചു നോക്കി നല്ല അഭിപ്രായം പറഞ്ഞവയാണ്. ചിലത് പക്ഷേ കേമമായി പാളിപ്പോകാറുമുണ്ട്. പുതിയ ഒരു പരീക്ഷണമിപ്പോള്‍ വൈറലായി കറങ്ങി നടക്കുന്നുണ്ട്. സംഗതി കുറച്ച് കടന്നു പോയില്ലേ എന്ന് സംശയം തോന്നാം. ചീറ്റോസാണ് മാഗിയിലെ പ്രധാന ചേരുവ.

ചീറ്റോസില്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ച് മാഗി പാകം ചെയ്തെടുക്കുന്നത് കണ്ടാല്‍ മാഗി ആരാധകരുടെയും ചീറ്റോസ് ആരാധകരുടെയും കണ്ണു നിറയും. ചീസി ചീറ്റോസ് എന്നു പേരിട്ട പുതിയ വിഭവം രുചിച്ചു നോക്കി അടിപൊളിയാണെന്ന് പരീക്ഷണം നടത്തിയ യുവതി പറയുന്നുണ്ട്. ധൈര്യമുള്ളവര്‍ക്ക് പരീക്ഷിച്ചു നോക്കാം. 

'സോ സോട്ട്' എന്ന യൂട്യൂബ് ചാനലിലാണ് വിചിത്ര പാചക പരീക്ഷണം പങ്കുവെച്ചത്. വീഡിയോ ഇതിനകം 22 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു. കെമിസ്ടി ലാബില്‍ പോലും ഇത്തരം പരീക്ഷണങ്ങള്‍ നടന്നു കാണില്ല, മാഗിയോട് ഈ ചതി വേണ്ടായിരുന്നു എന്നിങ്ങനെ രസകരമായ ധാരാളം കമന്റുകളും വീഡിയോയ്ക്ക്  താഴെയുണ്ട്.