ചായയില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലാണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് തുകയ്ക്കാണ് ഗുവാഹാട്ടിയിലെ ലേലക്കമ്പനിയില്‍ നിന്ന് തേയില വിറ്റുപോയത്. 3,851 കോടി രൂപയുടെ വിറ്റുവരവാണ് ഗുവാഹാട്ടി ടീ ഓക്ഷന്‍ സെന്ററില്‍ നടന്നത്. ഇത് ഇവിടുത്തെ തേയിലയുടെ ആഗോള ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്. 

To advertise here,

ഗുവാഹാട്ടി ടീ ഓക്ഷന്‍ ബയേഴ്‌സ് അസോസിയേഷ(ജിടാഗ്-GTAC)ന്റെ കണക്കനുസരിച്ച് 169.13 മില്യണ്‍ കിലോഗ്രാം തേയിലയാണ് കിലോഗ്രാമിന് ശരാശരി 227.70 രൂപയ്ക്ക് വിറ്റത്. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 183.20 രൂപയ്ക്ക് 166.34 മില്യണ്‍ കിലോഗ്രാം തേയിലയാണ് വിറ്റത്.  

അനുയോജ്യമായ കാലാവസ്ഥയില്‍ പരമ്പരാഗത നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയാണ് അസമില്‍ തേയില ഉത്പാദിപ്പിക്കുന്നത്. 2008 മുതല്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍(ജിഐ) ടാഗ് ലഭിച്ച ഇവിടുത്തെ തേയില ലോകോത്തര നിലവാരവും വിശ്വസ്തതയും നിലനിര്‍ത്തിയെന്നുതന്നെയാണ് പുതിയ കണക്ക് സൂചിപ്പിക്കുന്നത്. 

വര്‍ഷംതോറും 700 മില്യണ്‍ കിലോഗ്രാമിനടുത്ത് തേയില അസമില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ഏകദേശം ഇന്ത്യയിലെ മൊത്തം തേയില ഉത്പാദനത്തിന്റെ പകുതിയോളം വരുമെന്നാണ് പറയപ്പെടുന്നത്.