ഭക്ഷണത്തോടുള്ള തന്റെ പ്രിയത്തേക്കുറിച്ചും അതേസമയം വ്യായാമത്തോടുള്ള അർപ്പണബോധവും ബോളിവുഡ് താരം ആലിയ ഭട്ട് പലപ്പോഴും തുറന്നുപറയാറുണ്ട്. ലണ്ടനിലെ തന്റെ പ്രിയപ്പെട്ട മിൽക്ക് കേക്കിനെക്കുറിച്ചായാലും ലോകം മുഴുവൻ ഏറ്റെടുത്ത ബീറ്റ്റൂട്ട് റൈത്തയെക്കുറിച്ചായാലും ആലിയ ഭക്ഷണത്തോടുള്ള ഇഷ്ടം മറച്ചുവെക്കാറില്ല. താരത്തിന്റെ ആരോഗ്യകരമായ ജീവിതശൈലിയെയും ഭക്ഷണക്രമത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാൺ് ട്രെയിനറായ കരൺ സാഹ്‌നി. അടുത്തിടെ നൽകിയ പോഡ്കാസ്റ്റിലാണ് കരൺ സാഹ്‌നി, താരത്തിന്റെ അച്ചടക്കമുള്ള ജീവിതചര്യയെക്കുറിച്ചും തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യത്തെക്കുറിച്ചും പങ്കുവെച്ചത്.
പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും ഒരുപോലെ കൈകാര്യം ചെയ്യുന്നതിനൊപ്പം ഫിറ്റ്‌നസിന് മുൻഗണന നൽകുന്ന ആലിയയുടെ കഴിവിനെ കരൺ സാഹ്‌നി പ്രശംസിക്കുന്നുണ്ട്. "സത്യസന്ധമായി പറഞ്ഞാൽ, ഞാൻ ആലിയയെ പരിശീലിപ്പിക്കുന്നത് കൊണ്ട് പറയുന്നതല്ല, അവർ ഒരു അമ്മയാണ്, സ്വന്തമായി ബിസിനസ്സ് നടത്തുന്നു, മികച്ച നടിയാണ്, അതിലുപരി അതീവ അച്ചടക്കമുള്ള വ്യക്തിയുമാണ്’- ഫിറ്റ്‌നസ് സ്റ്റുഡിയോയായ ദി ട്രൈബ് ഇന്ത്യയുടെ പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞു.
12 മണിക്കൂർ നീളുന്ന ഷൂട്ടിങ്ങുകൾക്കിടയിലും ആലിയ തന്റെ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയിൽ കൃത്യമായ അച്ചടക്കം പാലിക്കാറുണ്ട്. ഈ സ്ഥിരതയാണ് മറ്റുള്ളവരിൽ നിന്ന് അവരെ വ്യത്യസ്തയാക്കുന്നത്. മകളുടെ കാര്യങ്ങളിലും ആലിയ അതീവ ശ്രദ്ധാലുവാണെന്ന് കരൺ പങ്കുവെച്ചു. "ഭക്ഷണത്തിന്റെ കാര്യത്തിൽ അവർ വളരെ 'ക്ലീൻ' ആയ ശീലങ്ങളാണ് പിന്തുടരുന്നത്. ആ അച്ചടക്കം അവരുടെ എല്ലാ പ്രവർത്തികളിലും പ്രതിഫലിക്കുന്നുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ട്രെങ്ത് ട്രെയിനിങ് , യോഗ, പോഷകാഹാര രീതി എന്നിവ സമന്വയിപ്പിച്ചതാണ് ആലിയയുടെ ഫിറ്റ്‌നസ് യാത്ര. 2022-ൽ മകൾ റാഹ കപൂർ ജനിച്ചതിന് ശേഷം, വളരെ സ്വാഭാവികവും സാവധാനത്തിലുള്ളതുമായ ഫിറ്റ്‌നസ് രീതിയാണ് അവർ തിരഞ്ഞെടുത്തത്. കഠിനമായ വ്യായാമമുറകളിലൂടെ പെട്ടെന്ന് ഭാരം കുറയ്ക്കാൻ ശ്രമിക്കാതെ, പ്രസവാനന്തര ആരോഗ്യത്തിന് അനുയോജ്യമായ പൈലേറ്റ്‌സ്, നടത്തം, പോഷകഗുണമുള്ള ഭക്ഷണങ്ങൾ എന്നിവയിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്.
സാലഡുകളേക്കാൾ തനിക്ക് ഇഷ്ടം ചോറും പരിപ്പും പച്ചക്കറികളുമാണെന്ന് ആലിയ മുമ്പ് പറഞ്ഞിട്ടുണ്ട്. ചപ്പാത്തി കഴിക്കുമ്പോൾ റാഗി അല്ലെങ്കിൽ ജോവർ കൊണ്ടുണ്ടാക്കിയവയാണ് തിരഞ്ഞെടുക്കാറുള്ളത്. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്ന ശീലമാണ് ആലിയയുടേത്.
അതേസമയം, ആലിയ ഒരിക്കലും പട്ടിണി കിടക്കാറില്ലെന്ന് ന്യൂട്രീഷനിസ്റ്റ് ആഞ്ചി കസാബി പറയുന്നു. കാർബോഹൈഡ്രേറ്റും കൊഴുപ്പും കലോറിയും കുറഞ്ഞ മധുരപലഹാരങ്ങൾ മിതമായ അളവിൽ അവർ ആസ്വദിക്കാറുണ്ട്.
Published: 21 Apr 2026, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented