പാലക്കാട്: ഇഡ്ഡലികൊണ്ട് ആറാടുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല, പാലക്കാട് വലിയങ്ങാടി കണ്ണകിയമ്മന്‍കോവില്‍ സ്ട്രീറ്റിലെ മാമീസ് കിച്ചണില്‍. പാലക്കാട്ടുകാരുടെ ഇഡ്ഡലിയെ വ്യത്യസ്തരൂപത്തിലും രുചിക്കൂട്ടിലും എങ്ങനെ അവതരിപ്പിക്കാമെന്ന ചിന്തയില്‍ നിന്നാണ് വടക്കന്തറ സ്വദേശിയായ ബി. സുനില്‍കുമാര്‍ മാമീസ് കിച്ചന്‍ ആരംഭിക്കുന്നത്. രുചിപ്പലമയും പരീക്ഷണങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്കായി 21 തരം ഇഡ്ഡലികള്‍ ഇവിടെ കിട്ടും.

To advertise here,

കുട്ടികള്‍ക്ക് ഐസ്‌ക്രീംപോലെ പിടിച്ചുകഴിക്കാന്‍ പാകത്തിന് സ്റ്റിക് ഇഡ്ഡലി, വട്ടത്തിലുള്ള ഇഡ്ഡലി കണ്ടുമടുത്തവര്‍ക്ക് ചതുരന്‍ ഇഡ്ഡലി, പോഷകസമ്പുഷ്ടമായ റാഗി ഇഡ്ഡലി, വലിപ്പം കുറഞ്ഞ മിനി ഇഡ്ഡലി, റവ ഇഡ്ഡലി, ഇളനീര്‍ ഇഡ്ഡലി, കാരറ്റോ ബീറ്റ്‌റൂട്ടോ ചീരയോ ചേര്‍ത്ത് തയ്യാറാക്കിയ വെജിറ്റബിള്‍ ഇഡ്ഡലി... എന്നിങ്ങനെ ഇഡ്ഡലിയെ അതിന്റെ പതിവുപരുവത്തില്‍നിന്ന് മാറ്റിയെടുത്താണ് അവതരണം.

പരീക്ഷണം ഇഡ്ഡലിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. സാമ്പാര്‍, ചട്‌നി, ചമ്മന്തിപ്പൊടികള്‍ എന്നിങ്ങനെയുള്ള തൊടുകറികളിലുമുണ്ട് രുചിപ്പൂരം. എല്ലാം ഒന്നിനൊന്ന് കേമം.

കാരറ്റ് ഇഡ്ഡലി ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി-ഒരു കിലോ

ഉഴുന്ന്-300 ഗ്രാം

കാരറ്റ് ചിരണ്ടിയത്-ആവശ്യത്തിന്

ഉപ്പ്-പാകത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി കഴുകി ആറുമണിക്കൂര്‍ കുതിര്‍ത്തുവെക്കുക. ഉഴുന്ന് ഒരുവട്ടംമാത്രം കഴുകി ഒരുമണിക്കൂര്‍ കുതിര്‍ത്തുവെക്കുക. ഇവ ആവശ്യത്തിന് ഉപ്പുചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ആ മാവിലേക്ക് ചിരണ്ടിവെച്ച കാരറ്റ് ചേര്‍ത്തിളക്കുക. അഞ്ചുമിനിറ്റിനുശേഷം ഇഡ്ഡലിത്തട്ടില്‍ മാവ് കോരിയൊഴിക്കുക. ചിരണ്ടിയെടുത്ത കാരറ്റ് ഓരോ നുള്ളുകൂടി ഇഡ്ഡലിക്കുമുകളില്‍ വിതറുക. ആവിയില്‍ 12 മിനിറ്റ് പാകംചെയ്തശേഷം ഇറക്കിവെക്കുക. ചൂടാറുംമുമ്പ് വിളമ്പുക.