മഹാരാഷ്ട്രയിൽ എഫ്ഡിഎ കമ്മിഷണറായി തുകറാം മുന്ധെ ചാർജെടുത്തതോടെയാണ് അനലോഗ് പനീറിനെക്കുറിച്ച് പലരും അറിയുന്നത് തന്നെ. കണ്ടാൽ പനീറിനെപ്പോലെ തന്നെയിരിക്കുന്ന ഈ വ്യാജനാണ് പനീർ വിഭവങ്ങൾ തയ്യാറാക്കാൻ പല ഹോട്ടലുകാരും സ്വീകരിച്ചിരുന്നത്. മഹാരാഷ്ട്രയും ഉത്തരാഖണ്ഡുമെല്ലാം അനലോഗ് പനീറിന്റെ ഉല്പാദനവും വിതരണവും നിരോധിക്കുകയും ചെയ്തു. വെജിറ്റബിൾ ഓയിലുകളും പാൽ ഇതര ഘടകങ്ങളും ഉപയോഗിച്ചാണ് അനലോഗ് നിർമിക്കുന്നത്. അനലോഗ് പനീറിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ ആളുകൾ റെസ്‌റ്റോറന്റുകളിൽനിന്ന് പനീർ വിഭവങ്ങൾ കഴിക്കാൻ ഭയക്കുകയാണ്. എന്നാൽ റെസ്റ്ററന്റുകളിൽ നൽകുന്ന പനീർ യഥാർത്ഥമാണെന്ന് തിരിച്ചറിയാനായി സാധിക്കും.
യഥാർത്ഥ പനീറിന്റെ സവിശേഷതകൾ
പ്രമുഖ ഷെഫ് ഹർപാൽ സിങ് സോഖിയുടെ അഭിപ്രായത്തിൽ, പനീറിന്റെ ഘടന ശ്രദ്ധിച്ചാൽ തന്നെ അത് വ്യാജമാണോ എന്ന് ഒരുപരിധിവരെ തിരിച്ചറിയാം.യഥാർത്ഥ പനീർ മൃദുവും നേരിയ ഈർപ്പമുള്ളതുമായിരിക്കും.സ്വാഭാവികമായ പാലിന്റെ രുചിയും മണവുമാണ് ഇതിനുണ്ടാകുക.കടിച്ചെടുക്കുമ്പോൾ പനീറിന് ആവശ്യത്തിന് ഉറപ്പുണ്ടാകുമെങ്കിലും റബ്ബർ പോലെയോ പശ പോലെയോ വലിയുന്ന അവസ്ഥയുണ്ടാകില്ല.അസ്വാഭാവികമായി അമിത മിനുസമോ, എണ്ണമയമോ ഉള്ള പനീറുകൾ സൂക്ഷിക്കണം. എന്നാൽ വറുത്തതോ അമിതമായി വേവിച്ചതോ ആയ പനീറുകൾക്ക് സ്വാഭാവികമായി കട്ടി കൂടുതലായിരിക്കാം
അനലോഗ് പനീറിന് സോയയുടെയോ പാം ഓയിലിന്റെയോ മണം അനുഭവപ്പെടും. അമിതമായി വെളുത്ത ഈ പനീറിന് നല്ല മിനുസവുമുണ്ടാകും. റബ്ബർ പോലെ അമിതമായി വലിയുന്നതായി തോന്നാം.
കത്തികൊണ്ട് മുറിക്കുമ്പോൾ അമിതമായി പൊടിഞ്ഞുപോകുന്നുണ്ടെങ്കിൽ അത് യഥാർഥ പനീർ ആയിരിക്കണമെന്നില്ല. വേവിക്കുമ്പോൾ അമിതമായി വെള്ളം പുറന്തള്ളുകയോ, ആകൃതി നഷ്ടപ്പെട്ട് അലിഞ്ഞുപോകുകയോ ചെയ്യും.
ഫോർക്ക് ടെസ്റ്റിലൂടെ തിരിച്ചറിയാം
ഫോർക്കോ സ്പൂണോ ഉപയോഗിച്ച് പനീർ കഷണത്തിൽ ചെറുതായി അമർത്തിനോക്കുക. യഥാർത്ഥ പനീർ പതുക്കെ അമരുമ്പോൾ ചെറുതായി പൊടിയും.എന്നാൽ പനീർ കഷണം പൊടിയാതെ റബ്ബർ പന്ത് പോലെ തിരികെ വരികയോ, അമിതമായ കാഠിന്യം കാണിക്കുകയോ ചെയ്താൽ അത് കൃത്രിമമായി നിർമ്മിച്ചതാകാൻ സാധ്യതയേറെയാണെന്ന് മുംബൈയിലെ പ്രമുഖ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് പ്രാചി മാണ്ഡോലിയ പറയുന്നു. ശുദ്ധമായ പാലിൽ നിന്ന് പനീർ നിർമ്മിക്കുന്നതിന് ചെലവ് കൂടുതലാണ്. അതിനാൽ സാധാരണ ഹോട്ടലുകളേക്കാൾ വളരെ കുറഞ്ഞ വിലയിൽ പനീർ വിഭവങ്ങൾ നൽകുന്നുണ്ടെങ്കിൽ അതിൽ ഉപയോഗിച്ചിരിക്കുന്നത് ഗുണനിലവാരം കുറഞ്ഞ പനീറോ അനലോഗ് പനീറോ ആകാൻ സാധ്യതയുണ്ടെന്ന് പ്രാചി ചൂണ്ടിക്കാണിക്കുന്നു.
നിറവും മണവും
പാൽമണം തന്നെയാണ് യഥാർഥ പനീർ തിരിച്ചറിയാനുള്ള ഏറ്റവും മികച്ച വഴിയെന്ന് ഡയറ്റീഷ്യൻ അർച്ചന ബത്ര പറയുന്നു.യഥാർത്ഥ പനീറിന് നേരിയ ഓഫ് വൈറ്റ് നിറമായിരിക്കും. മിനുസപ്രതലത്തിന് പകരം മാറ്റ് ഫിനിഷ് പ്രതലമായിരിക്കും യഥാർഥ പനീറിന്.
Content Highlights: Analog paneer is made from vegetable oils and non-dairy ingredients instead of pure milk., Real paneer has a natural milk aroma, off-white color, and a matte finish texture., Fake paneer is overly glossy, rubbery, stretches like cheese, or crumbles easily., Use the fork test to check if the paneer bounces back like a rubber ball, indicating adulteration.
Published: 10 Aug 2026, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented