ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആണ് ജൂണ്‍ ഒന്ന് ലോക ക്ഷീരദിനമായി ആചരിച്ചു തുടങ്ങിയത്. ക്ഷീര ഉത്പാദനമേഖലയുടെ നേട്ടങ്ങള്‍ ആഘോഷിക്കുക, പാലിനെ ആഗോള ഭക്ഷ്യ ഇനമായി അംഗീകരിക്കുക എന്നതാണ് ക്ഷീരദിനം ആഘോഷിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ലോകമെമ്പാടുമായി നൂറുകോടിയിലേറെ പേരുടെ ജീവനോപാധിയാണ് പാലും പാലുത്പന്നങ്ങളും.

To advertise here,

നമ്മുടെ ജീവിതത്തില്‍ പാലിന്റെയും പാലുത്പന്നങ്ങളുടെയും പ്രധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുക എന്നതാണ് ലോക ക്ഷീരദിനം ആഘോഷിക്കുന്നതിന്റെ പ്രഥമ ലക്ഷ്യം. പോഷകങ്ങളുടെ കലവറയായ പാലിലെ പ്രധാന ഘടകം കാല്‍സ്യമാണ്. പ്രഭാതഭക്ഷണം മുതല്‍ അത്താഴം വരെ പാലും വിവിധ പാലുത്പന്നങ്ങളും നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. 

ലോകത്ത് ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ആഗോള പാലുത്പാദനത്തിന്റെ 22 ശതമാനം ഇന്ത്യയാണ് സംഭാവന ചെയ്യുന്നത്. യു.എസ്., ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് പാലുത്പാദനത്തില്‍ ഇന്ത്യയുടെ തൊട്ടുപിന്നില്‍ ഉള്ളത്. 

ആഗോള കാലാവസ്ഥാമാറ്റം മൂലമുള്ള പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിക്കുക, ഭൂമിയിലെ അതിന്റെ സ്വാധീനം ക്ഷീരമേഖലയ്ക്ക് എങ്ങനെ കുറയ്ക്കാന്‍ കഴിയും എന്നതാണ് ഇത്തവണത്തെ ക്ഷീരദിനത്തിന്റെ തീം.