'താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്' -ഇതെഴുതാൻ ഇരിക്കുന്നതിന് ഒരു മണിക്കൂർമുൻപ് ഈ വാർത്ത നൽകിയ ആശ്വാസം ചെറുതല്ലായിരുന്നു. ഇപ്പോൾ കേൾക്കുന്നു, ഇസ്രയേൽ ടെഹ്‌റാൻ ആക്രമിച്ചിരിക്കുന്നു എന്ന്! അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന അനിശ്ചിതത്വത്തിലാണ് ലോകം. യുദ്ധത്തെക്കുറിച്ച് കേൾക്കുന്ന വാർത്തകളിൽ എത്ര ശരി, എത്ര തെറ്റ് എന്ന് ചോദിക്കാൻ നമുക്കുമുന്നിലാവട്ടെ, ഒരു സഞ്ജയൻ ഇല്ലതാനും.

To advertise here,

ഭീഷ്മപതനശേഷം കുരുക്ഷേത്രത്തിൽനിന്ന് തിരിച്ചെത്തിയ സഞ്ജയൻ വ്യാസാനുഗ്രഹത്താൽ ലഭിച്ച ദിവ്യദൃഷ്ടികൊണ്ടാണ് പിന്നീടുള്ള യുദ്ധം കാണുന്നതെന്ന് മഹാഭാരതത്തിലുണ്ട്. കാണുന്നതെല്ലാം വിശദമായി കേൾക്കാൻ കാതുവിടർത്തിയിരിക്കുന്നതോ, അന്ധനായ ധൃതരാഷ്ട്രരും! യുദ്ധം നേരിട്ടുകാണാനുള്ള കൊതിയുണ്ടെങ്കിൽ ദിവ്യദൃഷ്ടി നൽകാമെന്ന് അന്ധനായ ധൃതരാഷ്ട്രരോട് പിതാവായ വ്യാസൻ പറഞ്ഞാണ്. അതിനുള്ള ശക്തി ആ നൃപനില്ലായിരുന്നു. കുരുക്ഷേത്രയുദ്ധം സഞ്ജയനിലൂടെ ഒരിക്കൽ കേട്ടിട്ട്, 'യുദ്ധത്തിനെക്കുറിച്ച് വിശദമായി പറയൂ' എന്നാണ് ധൃതരാഷ്ട്രർ ആവശ്യപ്പെടുന്നത്. ധൃതരാഷ്ട്രരിൽ യുദ്ധവർണനകൾ കേൾക്കാൻ ദുരമൂത്ത ഒരു മനുഷ്യനെ കാണാം. യുദ്ധം നേരിലനുഭവിക്കാൻ അയാൾക്ക് ഭയമാണ്. കേൾവിയാണ് അയാൾക്ക് സൗകര്യം. നേരിലനുഭവിക്കുന്ന യുദ്ധത്തിന്റെ കേടുകൾ എന്തെന്ന് വ്യാസപുത്രനായ ധൃതരാഷ്ട്രർക്ക് നന്നായി അറിയുകയും ചെയ്യാം. അച്ഛാ, നീയറിയുന്നതെന്തൊക്കെയോ അതെല്ലാം എനിക്കുമറിയാമെന്നും ഈ ലോകം സ്വാർഥമോഹിതമായതിനാൽ ലോകബുദ്ധിയിൽപ്പെട്ടുപോയവനാണ് ഈ താനുമെന്ന് ധൃതരാഷ്ട്രർ വ്യാസനോട് പറയുന്നത് മഹാഭാരതത്തിൽ വായിക്കാം.

യുദ്ധമെന്നാൽ അകലങ്ങളിൽമാത്രം സംഭവിക്കുന്ന, നാം നേരിട്ടനുഭവിക്കാത്ത അതിവിചിത്രമായ ഒരേർപ്പാടാണെന്നാണ് ഇത്രനാളും നമ്മൾ കരുതിയിരുന്നത്. എന്നാൽ, ഇറാൻ-ഇസ്രയേൽ, അമേരിക്ക യുദ്ധം ആ ചിന്തയെ, അതുനൽകിയ സ്വാസ്ഥ്യത്തെ ചെറുതായൊന്ന് തൊട്ടു. ഈ സ്പർശം കുറച്ച് ആഴമുള്ളതായി തോന്നിത്തുടങ്ങിയത് വീടുകളിൽ, നാലുപേർ കൂടുന്നിടത്ത് യുദ്ധമൊരു സംഭാഷണവിഷയമായി മാറിയപ്പോഴാണ്. അകലത്തിലൊരിടത്ത് സംഭവിക്കുന്ന മനുഷ്യക്കുരുതികളെയോർത്ത് നാമെന്തിന് ഇവിടെയിരുന്ന് സംസാരിക്കണം എന്നുതന്നെയാണ് നമ്മൾ ഇത്രനാളും ചിന്തിച്ചത്. യുദ്ധവാർത്തകൾ രുചിക്കാൻ തക്കംപാർത്തിരിക്കുന്ന നമ്മളിൽപ്പലരിലും ഒരു തുള്ളി ധൃതരാഷ്ട്രർ ഉണ്ട്.

ഈ അന്ധതകൊണ്ടാണ് പലസ്തീനിലെ വംശഹത്യ നമ്മളെ ബാധിക്കാതിരുന്നത്. എന്നാൽ, ഇപ്പോൾ എന്തുകൊണ്ട് യുദ്ധമെന്നത് രണ്ടുപേർ ഒന്നിച്ചുനിൽക്കുന്നിടത്തെ മൂന്നാമത്തെ സാന്നിധ്യമാവുന്നു? അടുക്കളയിൽ നാമത് അറിഞ്ഞുതുടങ്ങിയതുകൊണ്ടാണെന്ന് എല്ലാവർക്കുമറിയാം. പാചകക്കലത്തിനുചുവട്ടിലെ തീ കെടുത്താൻമാത്രം ബലമുള്ള ഇവരാരാണെന്ന് അന്വേഷിച്ചുതുടങ്ങിയപ്പോഴാണ് യുദ്ധഭ്രാന്തന്മാരായ ഭരണാധികാരികളെ എല്ലാവരും അടുത്തുകണ്ടത്. ഇവരെക്കുറിച്ച് സംസാരിച്ചുതുടങ്ങിയപ്പോൾ ആഗോള രാഷ്ട്രീയമെന്നത് പണ്ഡിതർക്കിടയിൽമാത്രം ഭ്രമണംചെയ്യുന്നതല്ലെന്ന് കുറച്ചാളുകൾക്കെങ്കിലും മനസ്സിലായിത്തുടങ്ങി.

ഈ യാഥാർഥ്യം പല രീതിയിലാണ് മുന്നിൽ വന്നെത്തുക. കൊച്ചിയിലെ 'ഫ്രഞ്ച് ടോസ്റ്റ്' എന്ന കഫേയിലെ ഈ ഭക്ഷണവിവരപ്പട്ടികയിലേക്ക് യുദ്ധമോർക്കാതെ കണ്ണുതാഴ്ത്താൻ കഴിയില്ല. 'വാർ ടൈം മെനു' എന്നാണ് തലക്കെട്ട്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരിൽ കുറച്ചുപേരിലേക്കെങ്കിലും യുദ്ധമെന്ന ഹീനവൃത്തിയെക്കുറിച്ച് തീൻമേശയിൽ നിന്നുമൊരു നിശ്ശബ്ദസന്ദേശം നൽകാൻ ഈ മെനുവിന് കഴിഞ്ഞിട്ടുണ്ടാവണം. വ്യക്തിപരമായി ഇതെന്നെ അസ്വസ്ഥപ്പെടുത്തി. കുറച്ചുനേരം സ്വസ്ഥമായി ഇരിക്കാനായി തിരഞ്ഞെടുത്ത ഒരു കഫേയിൽ അപ്രതീക്ഷിതമായി മുന്നിലെത്തിയ ഈ മെനു, സ്വാസ്ഥ്യമെന്തെന്നറിയാത്ത മനുഷ്യർ കുറച്ചപ്പുറമുണ്ടെന്ന് ഓർമപ്പെടുത്തുന്നു. നാം കഴിക്കുന്ന ഭക്ഷണം, നമ്മൾ ബാക്കിയാക്കുന്ന ഭക്ഷണം, നല്ലതും ചീത്തയുമായിത്തിരിക്കുന്ന ഭക്ഷണങ്ങൾ, അങ്ങനെ പല ശീലങ്ങളും ഔദ്ധത്യങ്ങളും കുറച്ചുസമയത്തേക്കെങ്കിലും ഉള്ളിലൂടെ അതിവേഗം ചുറ്റിത്തിരിഞ്ഞുപോയി. അപ്രധാനമെന്ന് തോന്നിപ്പിക്കുന്ന ചില കാര്യങ്ങൾക്ക് ചരിത്രത്തിൽ വലിയ പങ്കുണ്ടാവാം എന്നുകൂടി ഓർമിപ്പിക്കുന്നു ഇത്.

'വാർ ടൈം' എന്ന് എഴുതുമ്പോൾ ഒരാൾക്ക് സംശയമുണ്ടാവാം അതിന് യുദ്ധം ഇവിടെയല്ലല്ലോ എന്ന്? ഏതുയുദ്ധവും നമ്മുടെ അടുത്തുതന്നെയാണ് നടക്കുന്നത്. ധൃതരാഷ്ട്രരുടെ അജ്ഞാനാന്ധതയിൽ അത് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. അതിന് സഞ്ജയനെപ്പോലെ ഇന്ദ്രിയജയം നേടേണ്ടതില്ല. സഹജീവികളോടുള്ള മമത തന്നെ ധാരാളമാണ്.