ഭക്ഷണശീലങ്ങളും ഇഷ്ടങ്ങളും ഓരോ വ്യക്തിയിലും വിഭിന്നമാണ്. നോണ്‍ വെജ് ഭക്ഷണമില്ലാതെ ഒരു ദിവസം പോലും കഴിയാന്‍ പറ്റാത്തവരുണ്ട്. പച്ചക്കറികള്‍ മാത്രം ഇഷ്ടപ്പെടുന്നവരും നിരവധിയുണ്ട്. ഭക്ഷണശീലത്തിന്റെ പേരിലുള്ള ഒരു കത്താണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ വൈറലായിരിക്കുന്നത്.

To advertise here,

ഭക്ഷണത്തെപ്പറ്റിയുള്ള ഒരു പരാതിക്കത്തിന്റെ പേരിലാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള കുടുംബം വാർത്തയിൽ നിറഞ്ഞത്. ഇവര്‍ വീഗന്‍ കുടുംബമാണ്. വീഗനായിരിക്കുന്നവര്‍ മത്സ്യം, മാംസം, മുട്ട,പാല്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്നുള്ള ഒരു വസ്തുവും ഭക്ഷണമായി കഴിക്കാത്തവരാണ്.

ഇവരുടെ അയല്‍വാസികളാവട്ടെ മാംസഭുക്കാണ്. അവര്‍ ദിവസവും അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ വീട്ടില്‍ ഉണ്ടാക്കും.ഇത്തരത്തില്‍ ഇറച്ചിയും മീനുമെല്ലാം പാകം ചെയ്യുമ്പോള്‍ അടുക്കളയിലെ ജനാല വഴി മണം എത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതോടെ വീഗന്‍ വീട്ടുകാര്‍ ഇവര്‍ക്കൊരു കത്തെഴുതി ഇട്ടു. 

ഈ കത്താണ് ചര്‍ച്ചയായിരിക്കുന്നത്. അയല്‍ക്കാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. നിങ്ങള്‍ പാചകം ചെയ്യുമ്പോള്‍ അടുക്കയിലെ ജനാല അടച്ചിടാമോ എന്നാണ് കത്തില്‍ ചോദിക്കുന്നത്. ഞങ്ങള്‍ വീഗന്‍  ഭക്ഷണശീലം പിന്‍തുടരുന്നവരായതിനാല്‍ നിങ്ങള്‍ പാചകം ചെയ്യുന്ന ഇറച്ചിയുടെ മണം ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.  ഞങ്ങളുടെ പ്രശ്‌നം നിങ്ങള്‍ മനസിലാക്കുമെന്ന്  കരുതുന്നു. സാറാ... വെയ്ന്‍.... കുട്ടികളും അറിയുന്നതിന്...'- ഇതാണ് കത്തിലെ ഉള്ളടക്കം.

പെര്‍ത്തിലെ ആളുകള്‍ മാത്രമുള്ളൊരു സാമൂഹികമാധ്യമത്തിന്റെ പേജിലാണ് ആദ്യം ഈ കത്ത് പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് കത്ത് ഇവിടെ നിന്ന് നീക്കം ചെയ്തു. അപ്പോഴേക്കും കത്ത് വൈറലായി. ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. ഒരു വിഭാഗം ആളുകള്‍ വീഗന്‍ കുടുംബത്തെ അനുകൂലിച്ചു.

അവരുടെ അപേക്ഷ അയല്‍വാസികള്‍ മനസിലാക്കണമെന്നായി. മറ്റൊരു കൂട്ടര്‍ വീഗന്‍ കുടുംബത്തെ എതിര്‍ത്തും കമന്റിട്ടു. അയല്‍വാസികളുടെ ജനാല അടക്കുന്നതും അല്ലാത്തതുമെല്ലാം അവരുടെ താത്പര്യമാണെന്നും അത് പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും അവര്‍ വാദിച്ചു. എന്തൊക്കെയായാലും കത്ത് വൈറലായത് വളരെ വേഗത്തിലാണ്.