തണുപ്പില്‍ നിന്ന് കടുത്ത ചൂടിലേക്ക് മാറുകയാണ് നമ്മുടെ കാലാവസ്ഥ. ഇടയ്ക്ക് മഴയും കൂടി എത്തിയതോടെ ചൂടിന് ചെറിയൊരു ആശ്വാസമായെങ്കിലും അടിക്കടിയുള്ള കാലാവസ്ഥാമാറ്റം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഡയറ്റിലും വ്യത്യാസം വരുത്തണമെന്ന് ന്യൂട്രീഷണിസ്റ്റുമാര്‍ നിര്‍ദേശിക്കുന്നു. ഈ സമയത്ത് ജലദോഷവും പനിയും പിടികൂടാനുള്ള സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി ഔഷധഗുണങ്ങളോട് കൂടിയ സ്‌പെഷ്യല്‍ വിഭവം നിര്‍ദേശിക്കുകയാണ് പ്രമുഖ സെലബ്രിറ്റി ന്യൂട്രീഷണിസ്റ്റായ മുന്‍മുന്‍ ഗനെറിവാള്‍. 

To advertise here,

കേരളത്തില്‍നിന്നുള്ള പരമ്പരാഗത വിഭവമായ ഉലുവാക്കഞ്ഞി കഴിക്കുന്നത് കാലാവസ്ഥാ മാറ്റം മൂലം ഉണ്ടാകുന്ന അസുഖങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് മുന്‍മുന്‍ പറയുന്നു. ആഴ്ചയില്‍ ഒരു ദിവസം ഉലുവാക്കഞ്ഞി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മുന്‍മുന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അരിക്കൊപ്പം ചേര്‍ക്കുന്ന നെയ്യ്, തേങ്ങ, ഉലുവ, ഗാര്‍ഡന്‍ ക്രസ്(ആശാളി) എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍. ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നും അവര്‍ പറയുന്നു. ഉലുവാക്കഞ്ഞി തയാറാക്കുന്ന വീഡിയോയും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഉലുവാ കഞ്ഞി തയ്യാറാക്കുന്നവിധം

രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ, ഒന്നര ടീസ്പൂണ്‍ ജീരകം എന്നിവ ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക.

ആവശ്യമുള്ള സാധനങ്ങള്‍

നുറുക്കരി  -ഒരു കപ്പ്
ജീരകം     -1.5 ടീസ്പൂണ്‍
ഉലുവ        -2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത്-ഒരു കപ്പ്
ശര്‍ക്കര പാനി-    മുക്കാല്‍ കപ്പ്
നെയ്യ്        -ഒരു ടേബിള്‍ സ്പൂണ്‍
അലവ് സീഡ്(വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തത്)-2 ടേബിള്‍ സ്പൂണ്‍
ഉപ്പ്          -ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

പ്രഷര്‍ കുക്കറെടുത്ത് അതില്‍ അരി കഴുകി വൃത്തിയാക്കിയത്, തേങ്ങ ചിരകിയത്, ഉലുവ, ജീരകം എന്നിവ കുതിര്‍ത്തത് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് അഞ്ച് കപ്പ് വെള്ളത്തിനൊപ്പം ആവശ്യത്തിന് ഉപ്പുകൂടി ചേര്‍ത്ത് രണ്ട് വിസില്‍ അടിപ്പിക്കുക. കുക്കറിലെ ആവി പോയതിനുശേഷം കഞ്ഞി വെന്തത് മറ്റൊരു പാത്രത്തിലേക്ക മാറ്റാം. ഇതിലേക്ക് മധുരം ഇഷ്ടമെങ്കില്‍ ശര്‍ക്കര പാനി ചേര്‍ത്ത് കൊടുക്കാം. അല്ലെങ്കില്‍ സ്വല്‍പം കൂടി ഉപ്പ് ചേര്‍ക്കാം. ഇതിലേക്ക് നെയ്യും അലിവ് സീഡും കൂടി ചേര്‍ത്ത് കഴിക്കാം.