ശരീരഭാരം കൂടുന്നതിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രധാന വില്ലനായി വരുന്നത് മധുരമാണ്. തടി കുറക്കാന്‍ ആഗ്രഹിക്കുന്നവരില്‍ പലരും ചോറ് കഴിക്കുന്നത് നിര്‍ത്തിയാല്‍ തന്നെ മധുരം ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവരാണ്. രാവിലെ തുടങ്ങുന്ന ചായകുടിയില്‍ നിന്നാണ് മധുരത്തിന്റെ ഉപയോഗം തുടങ്ങുന്നത്. പഞ്ചസാര രോഗങ്ങളുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണെന്നും പലപ്പോഴും നമ്മള്‍ മറക്കുന്നു. 

To advertise here,

അമിത ഉപയോഗം മൂലം ശരീരഭാരം കൂടല്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയൊക്കെ ഇത് ക്ഷണിച്ചുവരുത്തിയേക്കും. ആരോഗ്യമുള്ള ചര്‍മ്മത്തിനും പഞ്ചസാര വെല്ലുവിളിയുയര്‍ത്തും. മുഴുവനായി നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. അതിനായി ഈ വഴികള്‍ നോക്കാം.

നമ്മളില്‍ പലര്‍ക്കും പ്രഭാതഭക്ഷണത്തിന് മുന്‍പ്  ബിസ്‌ക്കറ്റ് തുടങ്ങിയ ബേക്കറി സാധനങ്ങള്‍ കഴിക്കുന്ന ശീലം ഉണ്ടായിരിക്കും. ഇവയും ജങ്ക് ഫുഡ്, പ്രൊസസിഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണം. മധുരം വലിയതോതില്‍ ഇവയുടെ ചേരുവയാണ്. അത് ശരീരത്തെ ഹാനികരമായി ബാധിക്കും.

രാവിലത്തെ  ചായ,കോഫി എന്നിവയില്‍ നിന്നും പഞ്ചസാര തീര്‍ത്തും ഒഴിവാക്കാം. പകരം ശര്‍ക്കര ഉപയോഗിക്കാം.  കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയുമാണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ശര്‍ക്കര സഹായിക്കും.  പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തേനും പകരം ഉപയോഗിക്കാം.

കേക്കും ബ്രൗണിയും ഇഷ്ടപ്പെടുന്നവര്‍ നിരവധിപ്പേരുണ്ട്. ഇതിലൊക്കെ വലിയ തോതില്‍ മധുരം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതിന് പകരം സാലഡുകളോ നട്‌സോ മറ്റോ കഴിക്കാം.  ഓട്‌സും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

വൈറ്റ് ബ്രെഡ്, ചോറ് പോലുള്ള കാര്‍ബൈഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ അളവും കുറയ്ക്കുന്നതാണ് അമിതവണ്ണവും ആരോഗ്യപ്രശ്‌നങ്ങളും കുറയ്ക്കാന്‍ നല്ലത്.കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ , ഷേയ്ക്കുകള്‍  തുടങ്ങിയവ കുടിക്കുന്നത് ഒഴിവാക്കണം. പകരം ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്ക്, തണ്ണിമത്തന്‍ എന്നിവ ശീലമാക്കാം.

പ്രഭാതഭക്ഷണത്തിനൊപ്പം പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്കും പുട്ടും ദോശയുമൊക്കെ കഴിക്കുമ്പോള്‍ ഒപ്പം പഞ്ചസാര കൊടുത്ത് ശീലിപ്പിക്കരുത്. അത് പിന്നീട് ദോഷം ചെയ്യും. ഇത്തരത്തില്‍ ശീലമുള്ളവര്‍ അത് പതുക്കെ മാറ്റിയെടുക്കണം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)