അമേരിക്കയിലാണ് സ്ഥിരതാമസമെങ്കിലും ഇന്ത്യന്‍ സംസ്‌കാരത്തെ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിമാരിലൊരാളാണ് പ്രിയങ്കാ ചോപ്ര. അഭിനയത്തിന് പുറമെ സംരംഭകമേഖലയിലും അവര്‍ മികച്ചവിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. 

To advertise here,

പ്രിയങ്കയുടെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു ന്യൂയോര്‍ക്കില്‍ രണ്ട് മുമ്പ് തുടക്കമിട്ട സോന റെസ്‌റ്റൊറന്റ്. സോന റെസ്‌റ്റൊറന്റില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അവര്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇന്ത്യയിലെ തനത് രുചികള്‍ ന്യൂയോര്‍ക്കില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്ക സോനയ്ക്ക് തുടക്കമിട്ടത്.

ഇപ്പോഴിതാ സോന റെസ്‌റ്റൊറന്റിലെ അടുക്കളകാഴ്ചകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. വിവിധ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന്റെ വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. സ്ക്യൂവറിൽ കൊരുത്ത ഗില്‍ ചെയ്‌തെടുത്ത കെബാബിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. റെസ്‌റ്റൊറന്റിലെ ഷെഫുമാരോട് സംസാരിക്കുന്ന പ്രിയങ്കയെയും വീഡിയോയില്‍ കാണാം. 

ബുറാട്ട ബട്ടര്‍ ചിക്കന്‍ പിസ, അവക്കാഡോ ബേല്‍, ചാട്ട് മസാല എന്നീ വിഭവങ്ങള്‍ തയ്യാറാക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാന്‍ കഴിയും. അമൃത്സരി ക്രിസ്പി ഫ്രൈഡ് ഫിഷും പ്രിയങ്ക പരിചയപ്പെടുത്തുന്നു. മീന്‍ വറുത്തത് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് അവര്‍ പറയുന്നതും കേള്‍ക്കാം. 

പ്രിയങ്കയുടെ വീഡിയോ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. എട്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. വിഭവങ്ങള്‍ കണ്ടിട്ട് കഴിക്കാന്‍ തോന്നുന്നുവെന്നും കൊതിയാകുന്നുവെന്നും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു.