വടക്കഞ്ചേരി: നല്ല ചൂടുപൊറോട്ടയുണ്ട് എടുക്കട്ടേ..തട്ടുകടകളിലും ഹോട്ടലുകളിലും പതിവായി കേള്‍ക്കുന്ന ചോദ്യമാണിത്. പൊറോട്ട പ്രിയരായതിനാല്‍ പൊറോട്ട തന്നെ പോരട്ടെയെന്നാകും മിക്കവരുടെയും ഉത്തരം. പക്ഷേ, വടക്കഞ്ചേരിയില്‍ മമ്പാട് കളരിക്കല്‍ വിപിന്‍ ദാസും കൂട്ടരും നടത്തുന്ന പൊറോട്ട സ്‌റ്റോറി എന്ന ഭക്ഷണശാലയില്‍ എത്തിയാല്‍ ആശയക്കുഴപ്പത്തിലാകും. കാരണം, ഇവിടെ ഒന്നും രണ്ടുമല്ല 21 തരം പൊറോട്ടകള്‍ തയ്യാറാണ്.

To advertise here,

മധുരൈ ബണ്‍ പൊറോട്ട, നൂല്‍ പൊറോട്ട, പഴം പൊറോട്ട, വെണ്ണ പൊറോട്ട, പേപ്പര്‍ പൊറോട്ട, മുട്ട പൊറോട്ട, ഉള്ളി പൊറോട്ട, സിലോണ്‍ പൊറോട്ട, വിവിധ കിഴി പൊറോട്ടകള്‍, പലതരം കൊത്തുപൊറോട്ടകള്‍ തുടങ്ങി നാടന്‍ കേരള പൊറോട്ട വരെ നീളുന്നതാണ് ആ പട്ടിക. നൂല്‍പൊറോട്ടയും മധുര ബണ്‍ പൊറോട്ടയുമാണ് താരങ്ങള്‍.

പൊറോട്ടയ്‌ക്കൊപ്പം 21 തരം ചിക്കന്‍ കറികളും വെജിറ്റബിള്‍ കറികളും 10 തരം ഇറച്ചിക്കറികള്‍ തുടങ്ങിയവയും ഇവിടുത്തെ സ്‌പെഷ്യലാണ്. ചിക്കന്‍ കൊണ്ടാട്ടം, അഫ്ഗാനി ചിക്കന്‍, ബീഫ് ഡ്രൈ ഫ്രൈ, വെജിറ്റബിള്‍ കടായി, നവരത്‌ന കുറുമ തുടങ്ങിയവയാണ് കറികളിലെ കേമന്മാര്‍. കേരളത്തിലും തമിഴ്‌നാട്ടിലും ചുറ്റിനടന്ന് വിവിധയിനം പൊറോട്ടകളുടെ രുചിക്കൂട്ട് മനസ്സിലാക്കിയാണ് വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ സംരംഭത്തിന് തുടക്കമിട്ടത്.

മധുരൈ സ്വദേശി ആര്‍. കണ്ണനാട് പൊറോട്ട മാഷ്. മൂന്നാര്‍ സ്വദേശി സായ് സുരേഷാണ് പാചകത്തലൈവര്‍. 

നൂല്‍ പൊറോട്ട തയ്യാറാക്കുന്ന വിധം

ഒരു കിലോഗ്രാം മൈദയില്‍ രണ്ട് മുട്ട, 100 മില്ലീലിറ്റര്‍ പാല്‍, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ച് അരമണിക്കൂര്‍ വെക്കണം. തുടര്‍ന്ന് ചെറിയ ഉരുളകളാക്കിയെടുത്ത് നന്നായി പരത്തണം. കത്തികൊണ്ട് അടുപ്പിച്ച് അടുപ്പിച്ച് വരഞ്ഞശേഷം വട്ടത്തില്‍ ചുറ്റിയെടുത്ത് ഒന്നുകൂടി പരത്തിയെടുത്ത് ചുട്ടെടുക്കാം. ചുട്ടെടുത്ത പൊറോട്ടകള്‍ അടുക്കിവെച്ച് ഇരുകൈകള്‍ കൊണ്ട് ആയത്തില്‍ കൂട്ടിയടിച്ചെടുത്താല്‍ നൂല്‍ പൊറോട്ട റെഡി. നൂല്‍ പൊറോട്ട തയ്യാറാക്കുമ്പോള്‍ പൊറോട്ടമാവ് സാധാരണ ചെയ്യുംപോലെ വീശിയടിച്ച് പരത്തേണ്ടതില്ല.

മധുരൈ ബണ്‍ പൊറോട്ട

മാവ് കുഴച്ച് അരമണിക്കൂറോളം വെച്ചശേഷം വീശിയടിച്ച് പരത്തണം. പരത്തിയ മാവ് നീളത്തിലാക്കി ബണ്‍ രൂപത്തില്‍ ചുറ്റിയെടുക്കണം. ഇത് പരത്താതെ കല്ലില്‍ വേവിച്ചെടുത്താല്‍ നല്ല മയമുള്ള മധുരെ ബണ്‍ പൊറോട്ട റെഡി.