ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് പാശ്ചാത്യരാജ്യങ്ങളില്‍ ആരാധകര്‍ കൂടിക്കൂടി വരികയാണ്. ജീവിതശൈലീ രോഗങ്ങളില്‍നിന്ന് രക്ഷനേടാനും ആരോഗ്യത്തോടെ ജീവിക്കാനും ഇന്ത്യന്‍ ഭക്ഷണം ശീലമാക്കുന്നത് വളരെ നന്നെന്നാണ് മിക്ക ലോകരാജ്യങ്ങളും അഭിപ്രായപ്പെടുന്നത്. വിദേശ ഷെഫുമാരാവട്ടെ സമ്പന്നമായ ഇന്ത്യന്‍ ഭക്ഷണസംസ്‌കാരത്തെ സ്വായത്തമാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഇഷ്ടവിഭവമാണ് ദോശ. ഇപ്പോഴിതാ നല്ല കിടിലനായി ഒരു മസാലദോശയുണ്ടാക്കി ഇന്ത്യക്കാരുടെ കൈയടിനേടുകയാണ് ആന്‍ഡി ഹേണ്‍ഡന്‍ എന്ന ന്യൂസിലന്‍ഡുകാരന്‍ ഷെഫ്. 

To advertise here,

പാന്‍ കേക്കിന് സമാനമെങ്കിലും കനം കുറഞ്ഞ് വ്യാപ്തികൂടിയ മസാലദോശയും നെയ്‌റോസ്റ്റും ഉണ്ടാക്കുക എന്നത് ഇന്ത്യക്കാര്‍ക്കടക്കം ഒരു വെല്ലുവിളിയാണ്. അപ്പോഴാണ് ആന്‍ഡി വീട്ടില്‍തന്നെ മാവ് അരച്ച് ബാജിയും തയ്യാറാക്കി മസാലദോശ ഉണ്ടാക്കിയിരിക്കുന്നത്. അതും നല്ല വട്ടത്തില്‍ മൊരിഞ്ഞ സുന്ദരന്‍ ദോശ. കൂടെ തക്കാളിചമ്മന്തിയും ഉണ്ടാക്കുന്നുണ്ട് ആന്‍ഡി. ദോശവീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ കമന്റ് ബോക്‌സില്‍ ഇന്ത്യക്കാരുടെ തള്ളിക്കയറ്റമാണ്. ആദ്യമായാണ് ഒരു വിദേശി ഇത്രയും മനോഹരമായി ദോശ ചുടുന്നത് കാണുന്നത് എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. 

'ഇതാണ് ശരിക്കുള്ള ദോശ', 'എന്നും ദോശ കഴിക്കുന്ന ഓരാളുടെ വകയുള്ള അപ്രൂവല്‍' എന്നിങ്ങനെയാണ് കമന്റുകള്‍. താങ്കളിപ്പോള്‍ ശരിക്കുമൊരു ഇന്ത്യാക്കാരനായി മാറിയിരിക്കുന്നുവെന്നും ആരെങ്കിലും ഇദ്ദേഹത്തിനൊരു ആധാര്‍ കാര്‍ഡ് കൊടുക്കൂ എന്നുമൊക്കെ നെറ്റിസണ്‍സ് അഭിപ്രായം പറയുന്നുണ്ട്. വീഡിയോ കാണുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നുണ്ടെന്നും ആരാണ് താങ്കളെ ഇത്രയും പെര്‍ഫക്ടായി ദോശയുണ്ടാക്കാന്‍ പഠിപ്പിച്ചതെന്നും ഈ വീഡിയോ താങ്ങള്‍ക്ക് ഇന്ത്യന്‍ ആരാധകരെക്കൂടി നേടിത്തന്നിരിക്കുന്നവെന്നും നീളുന്നു കമന്റുകള്‍.