തിരുവനന്തപുരത്തുകാര്‍ക്ക് ബോളി എങ്ങനെയാണോ അതു പോലെയാണ് കോഴിക്കോടുകാര്‍ക്ക് ഹല്‍വ. പക്ഷേ ഇത്തവണ ഹല്‍വ രുചി തേടി പോകുന്നത് കോഴിക്കോടേക്ക് അല്ല, കണ്ണൂര്‍ ഇരിട്ടിയിലുള്ള ഗ്രേസി ജോണിയുടെ അടുത്തേക്കാണ്. ഒറിജിനല്‍ മാമ്പഴ ഹല്‍വ തയ്യാറാക്കി തരാം എന്നാണ് ഗ്രേസി ആന്റി പറഞ്ഞത്. രുചി കൂട്ടാനും ദീര്‍ഘനാള്‍ കേടാകാതെ ഇരിക്കാനും കൃത്രിമം ചേര്‍ക്കാതെ കിട്ടുന്ന പലഹാരങ്ങള്‍ ഇപ്പോഴും ലഭിക്കുമൊ എന്ന സംശയം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും വീട്ടിലെത്തിതോടെ അത് മാറി. നന്നായി പഴുത്ത മാമ്പഴങ്ങള്‍ ഹല്‍വയായി മാറാന്‍ ഞങ്ങളേയും കാത്തിരിപ്പുണ്ടായിരുന്നു.
ആവശ്യമായ ചേരുവകള്‍
- നന്നായി പഴുത്ത മാങ്ങ - നാല് കിലോഗ്രാം
- ശര്‍ക്കരപ്പാനി- ഒരു ഗ്ലാസ്സ്
- തേങ്ങാപ്പാല്‍- ഒരു ഗ്ലാസ്സ്
- നെയ്യ്- മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍
- ഏലയ്ക്ക ചുക്ക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മാമ്പഴം തൊലികളഞ്ഞ് വൃത്തിയാക്കിയത് മിക്‌സിയിലിട്ട് നന്നായി അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കണം. ചുവട് കട്ടിയുള്ള വലിയ പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റണം. മാമ്പഴ പേസ്റ്റ് നന്നായി ചൂടായി നിറം മാറുന്നത് വരെ നന്നായി ഇളക്കണം. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഈ കൂട്ട് യോജിച്ച് വരുമ്പോള്‍ അതിലേക്ക് അരിച്ച് വച്ചിരിക്കുന്ന ശര്‍ക്കരപ്പാനിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് കയ്യ് വിടാതെ ഇളക്കമെന്നതാണ്. വളരെ പെട്ടെന്ന് അടിയില്‍ പിടിച്ചു പോകാന്‍ സാധ്യതയുള്ള കൂട്ടാണിത്. ഈ കൂട്ടിലേക്ക് നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കണം. കൂട്ട് പാത്രത്തില്‍ നിന്ന് വിട്ടു വരുന്ന പാകത്തില്‍ ആവശ്യത്തിന് ചുക്ക് ഏലയ്ക്ക പൊടിയും ചേര്‍ക്കണം. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം പരന്ന പാത്രത്തിലേക്ക് മാറ്റി സെറ്റാക്കാന്‍ വയ്ക്കണം. ഒരു മണിക്കൂര്‍ ആകുമ്പോള്‍ മുറിച്ച് എടുക്കാനുള്ള പാകത്തിന് ആകും.
സീസണ്‍ ആകുമ്പോള്‍ ഒരുപാട് മാമ്പഴം കിട്ടും.എല്ലാ ദിവസവും കഴിച്ചാല്‍ മടുക്കും അങ്ങനെ വരുമ്പോള്‍ ഇതു പോലെ ഹല്‍വ ആക്കിയാല്‍ മതി. പഞ്ചസാരയ്ക്ക് പകരം ആണ് ശര്‍ക്കരപ്പാനി ചേര്‍ക്കുന്നത്, അത് വേണ്ടാത്തവര്‍ക്ക് പഞ്ചസാര തന്നെ ചേര്‍ക്കാം. കുറച്ച് സമയം എടുക്കും എന്നാലെന്താ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന പലഹാരം വിശ്വസിച്ച് എല്ലാവര്‍ക്കും കൊടുക്കാമല്ലോ... ഗ്രേസി ആന്റി പറയുന്നു. കോണ്‍ഫ്‌ളവര്‍ ചേര്‍ത്തില്ലെങ്കില്‍ കടയില്‍ കിട്ടുന്നത് പോലെ സെറ്റ് ആകില്ല, അതു പോലെ തന്നെ വേണമെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുന്ന സമയത്ത് അല്പം കോണ്‍ഫ്‌ളവര്‍ പൊടി വെള്ളത്തില്‍ നന്നായി യോജിപ്പിച്ച് മാമ്പഴക്കൂട്ടിലേക്ക് ചേര്‍ത്താല്‍ മതിയെന്ന് ഗ്രേസി ആന്റി പറയുന്നു.
നല്ല നിറങ്ങളില്‍ കണ്ണാടിക്കൂട്ടില്‍ വിശ്രമിക്കുന്ന ഹല്‍വ കണ്ട് ശീലിച്ച എനിക്ക് മാമ്പഴ ഹല്‍വയുടെ നിറത്തിലും ഘടനയിലും തോന്നിയ സംശയം വെറും സംശയം മാത്രമാണെന്ന് അതില്‍ നിന്ന് ഒരു കഷണം രുചിച്ചപ്പോള്‍ തന്നെ മനസ്സിലായി. മാമ്പഴത്തിന്റെ ശരിയായ രുചിയുള്ള മാമ്പഴ ഹല്‍വ. ഇങ്ങനെയും ചില രുചികള്‍ ഇപ്പോഴുമുണ്ടെന്നത് മനസ്സ് നിറയ്കുന്ന സംഗതിയാണ്.
Content Highlights: Natural Mango Halwa recipe Ente Naadu Ente Ruchi
Published: 23 Oct 2024, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented