കൊച്ചി: സിന്ധു നദിക്കും സത്‌ലജ് നദിക്കും മധ്യേയുള്ള പഞ്ചാബിലും കശ്മീരിലും മുൾട്ടാനിലും പെഷാവറിലുമെല്ലാമായി വലിയൊരു സാമ്രാജ്യം സൃഷ്ടിച്ച മഹാരാജ രഞ്ജിത് സിങ്. ബുദ്ധികൂർമതയും അസാമാന്യ ഓർമ്മശക്തിയുമുണ്ടായിരുന്ന രഞ്ജിത് സിങ്, സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവായ കഥ ചരിത്രത്തിലെ തന്നെ ത്രില്ലറുകളിലൊന്നാണ്. സിഖ് സമൂഹം ഇപ്പോഴും ആവേശത്തോടെയും അഭിമാനത്തോടെയും ഓർക്കുന്ന രഞ്ജിത് സിങ് മഹാരാജാവിന്റെ പേരിൽ നമ്മുടെ കൊച്ചിയിൽ ഇപ്പോൾ ഒരു വിഭവമുണ്ട്. കടവന്ത്രയിലെ സേഥി ദി ദാബയിലെത്തിയാൽ തീൻമേശയിൽ ചൂടോടെ ആ വിഭവമെത്തും, മഹാരാജാസ് ചിക്കൻ. കൊച്ചിയുടെ രുചിയിലേക്ക് പല ദേശങ്ങളിൽനിന്നു വിരുന്നെത്തിയ വിഭവങ്ങളിൽ സൂപ്പർ ഹിറ്റായ ഒന്നാണ് പഞ്ചാബി വിഭവമായ മഹാരാജാസ് ചിക്കൻ.

To advertise here,

മഹാരാജാവും ബെലിറാമും

“മഹാരാജാസ് ചിക്കൻ ഞങ്ങൾ കൊച്ചിയിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചത് ഞങ്ങളുടെ മഹാരാജാവിന്റെ ഓർമ്മയിൽ തന്നെയാണ്. രഞ്ജിത് സിങ് മഹാരാജാവിന്റെ പാചകക്കാരനായിരുന്ന ബെലിറാമിന്റെ ഒരു സ്പെഷ്യൽ ഐറ്റമായിരുന്നു ഈ വിഭവം” - മഹാരാജാസ് ചിക്കനു പിന്നിലെ കഥ സേഥി ദി ദാബയിലെ ഷെഫ് ആയ മൊഹീന്ദർ സിങ് സേഥി പങ്കുവെച്ചു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഈ വിഭവം മറ്റാരുണ്ടാക്കിയാലും അത്ര രുചിയുണ്ടാകില്ലെന്നായിരുന്നു രാജാവിന്റെ വിശ്വാസം. കോഴി ചുട്ടെടുത്ത ശേഷം പ്രത്യേകമായ ചാറിൽ ചേർത്തുണ്ടാക്കുന്ന വിഭവമാണിത്. അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് ഈ വിഭവം പാചകം ചെയ്യുന്നത്. രാജാവിന് ഈ വിഭവം തയ്യാറാക്കാനായി ബെലിറാം പുലർച്ചെ എഴുന്നേൽക്കും. രാജാവ് പ്രാതലിനായി എത്തുമ്പോഴേക്കും രുചികരമായ ചിക്കൻ വിഭവം ബെലിറാം തയ്യാറാക്കിയിട്ടുണ്ടാകും. മഹാരാജാവിന്റെ മരണശേഷം പഞ്ചാബിൽ ഏറെ ശ്രദ്ധേയമായ ഈ വിഭവം ഇപ്പോൾ മഹാരാജാവിന്റെ പേരിൽ തന്നെയാണ് ഞങ്ങൾ കൊച്ചിയുടെ തീൻമേശയിലെത്തിച്ചിരിക്കുന്നത്-മൊഹീന്ദർ സിങ് പറഞ്ഞു.

കസ്തൂരിയും കശുവണ്ടിയും

മഹാരാജാവിന് ഇത്രയേറെ ഇഷ്ടമായ ചിക്കൻ വിഭവത്തിന്റെ പാചകക്കുറിപ്പ് ചോദിച്ചപ്പോൾ മൊഹീന്ദർ സിങ് ചിരിച്ചു. “മഹാരാജാസ് ചിക്കൻ ഉണ്ടാക്കണമെങ്കിൽ അത് ഒരൊന്നൊന്നര പണിയാണ്. ചിക്കനിലേക്ക് കസ്തൂരി തേച്ചു പിടിപ്പിച്ചാണ് പാചകം തുടങ്ങുന്നത്. അതിനൊപ്പം പഞ്ചാബി സ്പെഷ്യൽ മസാലയും കശ്മീരി ചില്ലി പൗഡറും തൈരും കൂടി ചിക്കനിൽ തേച്ചുപിടിപ്പിക്കും. ഏലക്കയും കുരുമുളകും ഗ്രാമ്പുവും കരയാമ്പുവും ജീരകവും മല്ലിയും ചേർത്താണ് പഞ്ചാബി സ്പെഷ്യൽ മസാലയുണ്ടാക്കുന്നത്. ഇതെല്ലാം തേച്ചുപിടിപ്പിച്ച ചിക്കൻ നാലുമണിക്കൂർ മാറ്റിവയ്ക്കണം. അതിനു ശേഷം സ്പെഷ്യൽ ഗ്രേവി ഉണ്ടാക്കാൻ തുടങ്ങണം. സവാള വാട്ടിയെടുത്ത ശേഷം കുരുമുളകും പട്ടയും ചേർത്ത് ഗ്രൈൻഡറിൽ അടിച്ചെടുക്കണം. ഇതിലേക്ക് കശുവണ്ടിയും കൂടി ചേർത്ത് അടിച്ച ശേഷം പാത്രത്തിൽ ഇട്ട് വെള്ളം ചേർത്ത് തിളപ്പിക്കണം. അല്പസമയം കഴിയുമ്പോഴേക്കും മുകൾഭാഗത്ത് എണ്ണ തെളിഞ്ഞുവരുമ്പോഴേക്കും സ്പെഷ്യൽ പഞ്ചാബി ഗ്രേവി റെഡിയായി” - മൊഹീന്ദർ പാചക രീതി വിശദീകരിച്ചു.

മഹാരാജാസും പിന്നെ ലെസ്സിയും

പഞ്ചാബി ഡാൻസ് പോലെ ബല്ലേ ബല്ലേ പറയുന്ന ഒരു വിഭവം തന്നെയാണ് മഹാരാജാസ് ചിക്കൻ എന്നാണ് മൊഹീന്ദർ പറയുന്നത്. “മസാല ചേർത്ത് ഗ്രിൽ ചെയ്ത ചിക്കനിലേക്ക് സ്പെഷ്യൽ ഗ്രേവിയും ചേർത്താണ് പാചകത്തിന്റെ അടുത്ത ഘട്ടം. ഇതിലേക്കും സ്പെഷ്യൽ മസാല ചേർക്കുന്നതോടെ ഗ്രേവി കുറുകിത്തുടങ്ങും. അതോടെ രുചികരമായ മഹാരാജാസ് ചിക്കൻ റെഡിയാകും. വാഴയിലയിൽ വിളമ്പുന്ന ഈ വിഭവം അലങ്കരിക്കാൻ തക്കാളിയും കുക്കുമ്പറുമൊക്കെ അരിഞ്ഞിടാവുന്നതാണ്. അല്പം സ്പൈസിയും സെമി ഗ്രേവിയുമായ വിഭവത്തിലെ ഗ്രിൽ ചെയ്തെടുത്ത ചിക്കനും കൂടിയാകുമ്പോൾ സാധനം അടിപൊളിയല്ലേ. ഇതിനൊപ്പം മഹാരാജാവ് അടക്കം എല്ലാ പഞ്ചാബികളുടെയും പ്രിയപ്പെട്ട പട്യാല ലെസ്സിയും കൂടിയാകുമ്പോൾ സംഭവം സൂപ്പർ. പഞ്ചാബിൽനിന്ന് കൊച്ചിയിലെത്തിച്ച മഹാരാജാസ് ചിക്കൻ ഭക്ഷണപ്രേമികൾ ആവേശപൂർവം ഏറ്റെടുക്കുന്നതിൽ ഞങ്ങൾക്ക് നിറഞ്ഞ സന്തോഷമുണ്ട്” - മൊഹീന്ദർ സിങ് സേഥി പറയുമ്പോൾ അതിന്റെ സാക്ഷ്യപത്രം പോലെ അദ്ദേഹത്തിനരികിലെ ബോർഡിൽ ആ വാചകമുണ്ടായിരുന്നു, ‘ടുഡേസ് സ്പെഷ്യൽ, മഹാരാജാസ് ചിക്കൻ’.