ഇടക്കിടയ്ക്കുള്ള വിശപ്പിന് പ്രതിവിധിയായി ചെറിയ വിലയ്ക്ക് ലഭിക്കുന്ന ഇൻസ്റ്റൻ്റ് നൂഡിൽസിനെ ആശ്രയിക്കാത്തവർ വിരളമാണ്. കൊറിയൻ, ജപ്പാൻ ഭക്ഷണങ്ങളോടുള്ള പ്രിയം ഇൻസ്റ്റന്റ് നൂഡിൽസിന് കൂടുതൽ സ്വീകാര്യത നൽകിയിട്ടുണ്ട്.
നൂഡിൽസിന്റെ ലോകമെമ്പാടുമുള്ള ജനപ്രീതിക്ക് കാരണം അതിന്റെ കുറഞ്ഞ വിലയും തയ്യാറാക്കാനുള്ള എളുപ്പവുമാണ്. വിഖ്യാതമായ നൂഡിൽസിനെ സ്മരിക്കാനുളള ദിവസമായിരുന്നു ഒക്ടോബർ ആറ്. ഇന്ത്യയിലുൾപ്പടെ പരസ്യങ്ങളിലൂടെ പ്രിയപ്പെട്ട ഭക്ഷണമായ ഇൻസ്റ്റൻ്റ് നൂഡിൽസ് പട്ടിണിക്കുള്ള പ്രതിവിധിയായി ഉത്ഭവിച്ച ഭക്ഷണമാണെന്ന് അറിയാമോ!
വിശപ്പിന്റെ കഥ
രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം മറികടക്കാനായി റസ്റ്ററൻ്റുകൾക്കും ഫുഡ് കാർട്ടുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. യുദ്ധത്തിനുശേഷം ജപ്പാൻ ക്ഷാമത്തിലേക്ക് പോകാതിരിക്കാൻ വലിയ അളവിൽ യുഎസിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യപ്പെട്ടു. യുഎസ് സേന റേഷൻ ഏർപ്പെടുത്തുകയും റസ്റ്ററന്റുകൾക്കുള്ള യുദ്ധകാല നിരോധനം തുടരുകയും ചെയ്തു. എന്നാൽ ഭക്ഷ്യ വിതരണ സംവിധാനത്തിൽ വന്ന പാളിച്ചകൾ കാരണം ഗോതമ്പ് കരിഞ്ചന്തയിൽ എത്തുകയും അത് നൂഡിൽസാക്കി നഗരങ്ങളിലെ അനധികൃത തട്ടുകടകളിൽ വിൽക്കുകയും ചെയ്തു.
നീണ്ട വരികളിൽ വയറുനിറയ്ക്കാൻ നൂഡിൽസിനായി കാത്തുനിൽക്കുന്ന ആളുകളെ കണ്ട തായ്‌വാൻ കുടിയേറ്റക്കാരനാണ് നൂഡിൽസിൻ്റെ ചരിത്രം മാറ്റിയെഴുതിയത്. ഏല്ലാവർക്കും കഴിക്കാൻ ഭക്ഷണമുണ്ടാകുന്ന കാലം വന്നാലെ ലോകത്ത് സമാധാനമുണ്ടാകൂ എന്ന് തൻ്റെ ആത്മകഥയിൽ എഴുതിയ, യുദ്ധാനന്തരം അനുഭവപ്പെട്ട വിശപ്പിനും ഭക്ഷ്യക്ഷാമത്തിനും സാക്ഷ്യം വഹിച്ച മൊമോഫുകു ആൻൻ്റോ ആയിരുന്നു അത്. വീട്ടിൽ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാൻ കഴിയുന്ന നൂഡിൽസ് കണ്ടുപിടിക്കാൻ അദ്ദേഹത്തെ ആ കാഴ്ച പ്രചോദിപ്പിച്ചു.
രണ്ട് മിനിറ്റിൽ പാകം ചെയ്യാവുന്ന നൂഡിൽസ്
വിശപ്പ് മാറ്റാൻ കഴിയുന്ന സൗകര്യപ്രദമായ വിഭവം ആവശ്യമാണെന്ന് കണ്ടെത്തിയ അദ്ദേഹം തന്റെ വീടിന്റെ പിറകുവശത്തെ ഷെഡിൽ പഴയ നൂഡിൽസ് യന്ത്രവും വോക്കും (പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ തയ്യാറാക്കാനായി ഉപയോഗിക്കുന്ന പാൻ, ചൈനയിലാണ് ഇവയുടെ ഉത്ഭവം) ഉപയോഗിച്ച് പരീക്ഷണം നടത്തി. ഭാര്യയുടെ പാചക പരീക്ഷണങ്ങളിൽ നിന്ന് ഡീപ്പ് ഫ്രൈയിങ്ങിൻ്റെ ശാസ്ത്രം മനസ്സിലാക്കി. ഇവ വെള്ളം നീരാവിയാക്കി മാറ്റുന്നു എന്നും മനസ്സിലാക്കി. ഈ രീതിയിൽ നൂഡിൽസുകൾ രണ്ട് മിനിറ്റിനുള്ളിൽ പാകം ചെയ്യാൻ സാധിക്കുമെന്നും അധികനാൾ പഴകാതെ സൂക്ഷിക്കാമെന്ന ധാരണയിലേക്കുമെത്തി.
1958-ൽ മൊമോഫുകു ആൻ്റോ ‘ഇൻസ്റ്റന്റ് കുക്ക് ചിക്കൻ രാമൻ’ പുറത്തിറക്കി. അധ്വാനവും സമയവും കുറച്ച് ഇൻസ്റ്റൻ്റായി തയ്യാറാക്കാവുന്ന നൂഡിൽസ്!
1971-ൽ ഇൻസ്റ്റന്റ് നൂഡിൽസ് പോളിസ്റ്റൈറീൻ കപ്പുകളിൽ പാക്കേജുചെയ്ത് ചൂടു വെള്ളം മാത്രം അധികമായി ചേർത്താൽ കഴിക്കാവുന്ന ഉത്പന്നം പുറത്തിറങ്ങി.
ആദ്യകാലത്ത് സാധാരണ നൂഡിൽസിനേക്കാൾ ആറ് മടങ്ങ് വില കൂടുതലായിരുന്നെങ്കിലും ഇൻസ്റ്റന്റ് നൂഡിൽസുകൾ ജനപ്രിയമായതോടെ വില അതിവേഗം കുറഞ്ഞു. 35 യെനായിരുന്നു ആദ്യകാല വില.
പാക്കറ്റ് പൊട്ടിച്ച്, പൊടികളും മുട്ടയും ചേർത്ത് നമ്മളിന്ന് കഴിക്കുന്ന ഇൻസ്റ്റൻ്റ് നൂഡിൽസ് ഇന്ത്യയിലെ സാധാരണക്കാർക്ക് പ്രധാന രണ്ട് ബ്രാൻഡുളിലൂടെയണ് പരിചയമെങ്കിലും ഒരു രാജ്യത്തിൻ്റെയും വിശപ്പിൻ്റെയും കഥകൂടിയുണ്ട് അതിനുപിന്നിൽ.
വേൾഡ് ഇൻസ്റ്റൻ്റ് നൂഡിൽസ് അസോസിയേഷൻ കണക്കുപ്രകാരം ചൈനയാണ് നിലവിൽ ഏറ്റവും അധികം ഇൻസ്റ്റൻ്റ് നൂഡിൽസ് കഴിക്കുന്ന രാജ്യം. 2024-ൽ 43.8 ബില്യൺ ഇൻസ്റ്റൻ്റ് നൂഡിൽസ് ചൈനയിൽ വിളമ്പിയതായാണ് കണക്കുകൾ. രണ്ടാം സ്ഥാനത്തുള്ള ഇൻഡൊനീഷ്യയ്ക്ക് പിന്നാലെ 8.32 ബില്യൺ സേർവിങ്ങുകൾ കഴിച്ച് മൂന്നാം സ്ഥാനത്ത് ഇന്ത്യയാണുള്ളതെന്നതും ഇൻസ്റ്റൻ്റ് നൂഡിൽസിൻ്റെ സ്വീകാര്യതയെ കാണിക്കുന്നു.
Published: 07 Oct 2025, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented