സാമൂഹികമാധ്യമങ്ങളില്‍ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ പുതിയ പാചകരീതികളും വ്യത്യസ്തമായ ഭക്ഷണളും വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം പരീക്ഷിച്ചു കാണാറുണ്ട്.

To advertise here,

ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും കിട്ടാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വ്യത്യസ്തമായൊരു ഐസ്‌ക്രീമുണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്‍ഡോറിലെ ഒരു വഴിയോരകച്ചവട സ്റ്റാളില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്

.ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. വിവിധതരം ഐസ്‌ക്രീമുകള്‍ പരീക്ഷിക്കുന്നതിലും നമ്മളില്‍ ഭൂരിഭാഗം പേരും താത്പര്യം കാണിക്കുന്നവരാണ്. എന്നാല്‍ ഈ ഐസ്‌ക്രീം ചേരുവകള്‍ തന്നെ വളരെ വിചിത്രമായതാണ്.

പച്ചമുളക് ചേര്‍ത്താണ് ഈ ഐസ്‌ക്രീം തയ്യാറാക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിക്കേണ്ട അവസ്ഥയാണെന്ന് തോന്നുന്നില്ലേ. ഈ ഐസ്‌ക്രീമില്‍ പച്ചമുളക് ചെറുതായി മുറിച്ച് അതില്‍ ചോക്‌ളേറ്റ് സോസും കാരമലും ചേര്‍ക്കുന്നുണ്ട്. 

വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് വിമര്‍ശനവുമായെത്തിയിരിക്കുന്നത്. രുചിച്ചു നോക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചവര്‍ വളരെ കുറച്ച് മാത്രമാണ്. ഭൂരിഭാഗം പേരും വീഡിയോയ്‌ക്കെതിരേയാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐസ്‌ക്രീം കഴിക്കാനുള്ള ഇഷ്ടം തന്നെയില്ലാതാക്കി, ഡിസ്‌ലൈക്ക് എവിടെ എന്നിങ്ങനെയാണ് ഈ കമന്റുകള്‍. എന്നിരുന്നാലും വീഡിയോ വളരെ വേഗത്തിലാണ് വൈറലായിരിക്കുന്നത്.