
ജയന്തയും കൈലാഷും | Photo: Instagram: shuddhswad49
അന്താരാഷ്ട്ര കമ്പനികളുടെ പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ വിപണി കീഴടക്കുന്ന കാലത്ത്, ഇന്ത്യൻ രുചികളുടെ പഴമ തേടിപ്പോയിരിക്കുകയാണ് ബിഹാറിലെ രണ്ട് കൗമാരക്കാർ. ഒരു ലഘുഭക്ഷണത്തിൽ നിന്നുണ്ടായ മോശം അനുഭവമാണ് ഇരുവരെയും തങ്ങളുടെ കുഞ്ഞുസ്വപ്നത്തിന് പിന്നാലെ പോകാൻ പ്രേരിപ്പിച്ചത്. വിൽക്കാനുദ്ദേശിച്ചതാകട്ടെ, വീട്ടിൽ ഉണ്ടാക്കുന്ന പലഹാരമായ ഠേക്കുവയായിരുന്നു. ആത്മവിശ്വാസവും കഠിനാധ്വാനവും അവരെ വിപണിയുടെ നെറുകയിലെത്തിച്ചു. ഇന്ന് രാജ്യത്തുടനീളമുള്ള വീടുകളിലേക്ക് ശുദ്ധവും വൃത്തിയുള്ളതുമായ, ഗൃഹാതുരത്വം ഉണർത്തുന്ന പലഹാരങ്ങളെത്തിക്കുന്ന ‘ശുദ്ധ് സ്വാദ്’ എന്ന ബ്രാന്‍ഡിന് ഉടമകളാണ് ഈ കൗമാരക്കാര്‍.
എല്ലാം മാറ്റിമറിച്ച ദിനം
വഴിയോരത്തെ ഒരു കടയിൽ നിന്ന് ഠേക്കുവ കഴിച്ചതിനെ തുടർന്ന് വയറിൽ അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് ‘ശുദ്ധ് സ്വാദ്’ എന്ന ആശയം ജയന്തയുടെ മനസ്സിലുദിച്ചത്. ആളുകൾക്കിടയിൽ ഇന്ത്യൻ പലഹാരങ്ങൾക്ക് വൈകാരികമായ അടുപ്പമുണ്ടെങ്കിലും, പലപ്പോഴും ഉപഭോക്താവിന് ലഭിക്കുന്നത് വൃത്തിയില്ലാത്തതും അമിതവിലയുള്ളതുമായ ഭക്ഷണമാണെന്ന് അവൻ ചിന്തിച്ചു. ഈ തനതായ രുചികൾ വർഷം മുഴുവനും എല്ലാവർക്കും സുരക്ഷിതമായി ലഭ്യമാക്കണമെന്ന ആഗ്രഹം ജയന്തയുടെ ഉള്ളിൽ വളർന്നു.
തന്റെ ആശയം സുഹൃത്ത് കൈലാഷുമായി പങ്കുവെച്ചതാണ് അടുത്ത വഴിത്തിരിവ്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് റെയിൽവേ സ്റ്റേഷനിൽ വെള്ളം വിൽക്കുകയായിരുന്ന കൈലാഷിനും ജയന്തയുടെ ആശയത്തിൽ മികച്ചൊരു സംരംഭസാധ്യത കണ്ടു. ഠേക്കുവ, മഖാന, ബേസൻ ലഡ്ഡു തുടങ്ങിയ പലഹാരങ്ങൾ ഏറ്റവും നല്ല രീതിയിൽ പാചകം ചെയ്യുന്നതിനായി ഇരുവരും പരിശ്രമം തുടങ്ങി. വിശ്രമമില്ലാതെ മണിക്കൂറുകളോളം ആ ശ്രമം തുടർന്നു.
പ്രതിസന്ധികൾ
ഇരുവരുടേയും യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യത്തെ രണ്ട് മാസം ശുദ്ധ് സ്വാദിന് ഒരു ഓർഡർ പോലും ലഭിച്ചിരുന്നില്ല. അവരുടെ സ്വപ്നങ്ങൾക്ക് യാഥാർഥ്യബോധമില്ലെന്നായിരുന്നു പലരുടേയും ആക്ഷേപം. എന്നാൽ, സ്വന്തം സ്വപ്നത്തിൽനിന്ന് പിന്മാറാൻ ജയന്തയും കൈലാഷും തയ്യാറായിരുന്നു. അവർ ഉത്പ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിലും സ്വന്തം കഥ ആളുകളിലേക്കെത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
പതുക്കെപ്പതുക്കെ, പ്രതികരണങ്ങൾ മാറിത്തുടങ്ങി. ചെറിയ പട്ടണങ്ങൾ മുതൽ വൻ നഗരങ്ങളിൽ നിന്നു വരെ ഓർഡറുകളെത്തി. ഒരു ചെറിയ അടുക്കളയിൽ തുടങ്ങിയ സംരംഭം ഇന്ന് ഇന്ത്യയിലുടനീളം വിതരണമുള്ള സമ്പൂർണ്ണ ഓൺലൈൻ ബിസിനസ്സായി മാറി. മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസ്യതയും ഒരു കോടി രൂപയുടെ വിറ്റുവരവുമുണ്ട് ഇന്ന് 'ശുദ്ധ് സ്വാദ്' എന്ന ബ്രാൻഡിന്.
Content Highlights: Two teens from Bihar turned a bad snack experience into a successful venture, reviving authentic Indian flavors with their brand `Shudh Swad`. Taste tradition, delivered.
Published: 30 Oct 2025, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented