ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റിലാണ്. ഒപ്പം വ്യായാമവും വേണം. കഴിക്കാനെടുക്കുന്ന ഭക്ഷണം, അതിന്റെ അളവ്, ആഹാരശൈലി... അങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സുരക്ഷിതമായ രീതിയിലല്ല നിങ്ങളുടെ ഭാരംകുറയ്ക്കാനുള്ള ശ്രമമെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുവേണം ശരീരഭാരം ഭാരംകുറയ്ക്കാൻ.
പ്രോട്ടീന്‍-ഫൈബര്‍ സമ്പന്നമായ പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഭാരംകുറയ്ക്കല്‍ പ്രക്രിയ കുറച്ചുകൂടി ആയാസരഹിതമാക്കാന്‍ സാധിക്കും. ഇത്തരം പഴങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ മെറ്റബോളിസം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും. പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരം ബേസല്‍ മെറ്റബോളിക് റേറ്റ്, റെസ്റ്റിങ് മെറ്റബോളിക് റേറ്റ് എന്നിവയെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പഴങ്ങള്‍ ഏതൊക്കെ എന്നുനോക്കാം. നമ്മുടെ ചുറ്റുവട്ടത്തുള്ളതും പ്രോട്ടീന്‍ റിച്ച് ആയിട്ടുള്ളതുമായ പഴമാണ് പേരക്ക. മാത്രമല്ല, വിറ്റാമിന്‍ സിയും ധാരാളമുണ്ട്. രോഗപ്രതിരോധ ശേഷിക്കും നല്ലരീതിക്കുള്ള ദഹനത്തിനും അനിവാര്യമാണ് വിറ്റാമിന്‍ സി. പേരക്കയില് ഫൈബര്‍ കണ്ടന്റും ധാരളമുണ്ട്. അതിനാല്‍ വേഗം വിശപ്പ് അനുഭവപ്പെടുകയുമില്ല. ഇത്തരം സവിശേഷതകളുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പഴമാണ് പേരക്ക.
കലോറി കുറവും വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവ കൊണ്ട് സമ്പന്നവുമാണ് ഓറഞ്ച്. ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. അല്ലികളായോ ജ്യൂസ് ആയോ, സലാഡ് ആയോ ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിന്‍ സി, എ, അയണ്‍, പൊട്ടാസ്യം തുടങ്ങിയവ ധാരാളമുള്ള പാഷന് ഫ്രൂട്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഉണക്കമുന്തിരിയും ഭാരംകുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവയിലെ പ്രോട്ടീന്‍ സാന്നിധ്യവും ഫൈബറുമാണ് ഇതിന് സഹായിക്കുന്നത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: include these fruits to control body weight
Published: 16 Dec 2024, 11:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented