റെസ്‌റ്റോറന്റില്‍ കിട്ടുന്ന എന്ത് തരം വിഭവവും ഇന്ന് വീട്ടില്‍ പരീക്ഷിക്കാന്‍ മിക്കവര്‍ക്കും താത്പര്യമാണ്. പാചകത്തിന്റെ കാര്യത്തില്‍ വിവിധയിനം ഭക്ഷണങ്ങളും വൈവിധ്യമാര്‍ന്ന രീതികളുമെല്ലാം നാം പരീക്ഷിക്കാറുണ്ട്.പക്ഷെ ചിലപ്പോഴൊക്കെ വീട്ടില്‍ ഉണ്ടാക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ക്ക്‌ കടയില്‍ നിന്നും വാങ്ങുന്ന ഭക്ഷണം പോലെ രുചിയോ ഭംഗിയോ ലഭിച്ചെന്ന്‌
വരില്ല. പിസയുണ്ടാക്കുമ്പോഴും ഇത്തരം ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലരും നേരിട്ടുണ്ടാകും. കുട്ടികള്‍ക്കും മറ്റും ഹോംലിയായി പിസ ഉണ്ടാക്കികൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ പഴയതുപോലെ പരാജയപ്പെടാതിരിക്കാന്‍ ചില ടിപ്‌സ് പരീക്ഷിക്കാം.

To advertise here,

പിസ ഉണ്ടാക്കാനുള്ള മാവ് അമിതമായി കുഴയ്ക്കാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കുക. ഒരുപാട് കുഴച്ച് വലിച്ചുനീട്ടിക്കൊണ്ടിരുന്നാല്‍ മാവ് മൃദുവാകില്ല. പകരം പൊട്ടാനും ടോപ്പിംഗ്‌സ് ശരിയാകാതെ വരാനും സാധ്യതയുണ്ട്. അതുപോലെ മാവ് റോളിംഗ് പിന്‍ കൊണ്ട് പരത്താന്‍ പാടില്ല. എത്ര കട്ടിയാണേലും കൈ കൊണ്ട് തന്നെ പരത്താന്‍ ശ്രദ്ധിക്കണം.

പിസയ്ക്കുള്ള മാവ് തയ്യാറായിക്കഴിഞ്ഞാല്‍ അത് നിര്‍ബന്ധമായും നിശ്ചിത സമയത്തേക്ക് മാറ്റിവയ്ക്കണം. പലരും ഇത് ചെയ്യാന്‍ മറന്നുപോകും. അല്ലെങ്കില്‍ വളരെ കുറഞ്ഞ സമയം മാത്രമാകും മാറ്റിവയ്ക്കുന്നത്. എന്നാല്‍ നിശ്ചിത സമയം കുഴച്ച്  മാറ്റി വെച്ചാല്‍ മാത്രമാണ് അത് സോഫ്റ്റായും രുചിയായുമെല്ലാം കിട്ടുകയുള്ളൂ. കുറഞ്ഞത് അര മണിക്കൂറെങ്കിലും മാവ് മാറ്റി വെയ്ക്കണം.

പിസ ഉണ്ടാക്കുമ്പോള്‍ എന്തെങ്കിലും എടുത്ത് ടോപ്പിംഗ്‌സ് ആക്കരുത്. കുറഞ്ഞ അളവില്‍ മാത്രം ടോപ്പിംഗ്‌സ് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പിസയുടെ രുചി നഷ്ടപ്പെടും. അതുപോലെ തന്നെ പിസ ബേക്ക് ചെയ്യാന്‍ വയ്ക്കും മുമ്പ് ഓവന്‍ ഒന്ന് പ്രീഹീറ്റ് ചെയ്യാന്‍ മറക്കരുത്. പലരും ഇത് ചെയ്യാറില്ല. ഇങ്ങനെ ചെയ്‌തെങ്കില്‍ മാത്രമേ പിസ കൃത്യമായി എല്ലായിടവും വെന്ത് പാകമാകൂ.

പിസ തയ്യാറായിക്കഴിഞ്ഞാല്‍ ഓവനില്‍ നിന്ന് എടുത്ത ഉടനെ തന്നെ അത് മുറിക്കാന്‍ നോക്കരുത്. അല്‍പനേരം അത് അങ്ങനെ തന്നെ വയ്ക്കണം. അപ്പോള്‍ മാത്രമാണ് പിസ സെറ്റാകുന്നത്. അതിന് മുമ്പേ മുറിക്കാന്‍ ശ്രമിച്ചാല്‍ ടോപ്പിംഗ്‌സ് ഉതിര്‍ന്നുവീഴാനും പിസ കൃത്യമായി കഷ്ണം ആകാതിരിക്കാനുമെല്ലാം കാരണമാകും.