നമ്മുടെ ഡയറ്റിൽ അങ്ങനെ പതിവുള്ള ഒന്നല്ല മധുരക്കിഴങ്ങ്. എന്നാൽ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണെങ്കിലും ഇതിന്റെ പോഷകഗുണങ്ങളെക്കുറിച്ചും പലർക്കും ധാരണയില്ല. ഫൈബറിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു കലവറ കൂടിയാണിത്. ബീറ്റ കരോട്ടിൻ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയും മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അറിഞ്ഞിരിക്കാം മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത.

To advertise here,

കലോറിയുടെ അളവ് കുറവായതുകൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. നൂറ് ഗ്രാം മധുരക്കിഴങ്ങിൽ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇവ ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും. 

ചർമത്തിന്റെ ആരോഗ്യത്തിന് മധുകക്കിഴങ്ങ് കഴിക്കുന്നത് നല്ല രീതിയിൽ പ്രയോജനം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ചർമത്തിലെ ചുളിവുകളെ ഇല്ലാതാക്കുകയും കൂടുതൽ വരുന്നത് തടയുകയും ചെയ്യും. വിറ്റാമിൻ സിയും എയും ചർമ്മത്തിന്റെ സംരംക്ഷണത്തിന് അത്യാവശ്യമാണ്. വിറ്റാമിനുകളുടെ കലവറ കൂടിയായ ഈ കിഴങ്ങ് അത്തരം പ്രശ്‌നങ്ങളും പരിഹരിക്കും.

ഇവയിലടങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്നങ്ങൾക്ക് കുറയ്ക്കാൻ ഇത് നല്ലതാണ്.

വിറ്റാമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാതസാധ്യത കുറയ്ക്കുന്നു.  ഫൈബർ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. അസിഡിറ്റി, വയർ വീർത്തിരിക്കുക, മലബന്ധം തുടങ്ങിയവ തടയാൻ മധുരക്കിഴങ്ങ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം. വയറിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തണം. 

പ്രമേഹരോഗികൾ മധുരക്കിഴങ്ങ് കഴിക്കാൻ മടിയ്ക്കാറുണ്ട്. എന്നാൽ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാൽ പ്രമേഹനിയന്ത്രണത്തിനും നല്ലതാണ്. മിതമായ അളവിൽ കഴിക്കണമെന്നു മാത്രം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)