
'കുട്ടിക്കാലം മുതലേ കഴിക്കുന്നതാണ് ഈ ഉണ്ണിയപ്പം. ഇതിന് തൊട്ടടുത്താണ് അച്ഛന്റെ വീട്. ഏകദേശം ഒരു മാസത്തോളം കാത്തിരിക്കണം ഈ ഉണ്ണിയപ്പം കിട്ടാന്‍. ബുക്കിങ് രീതിയാണ് പിന്തുടരുന്നത്. ഇതിന്റെ രുചികൊണ്ട് എത്രകാലം കാത്തിരിക്കാനും ഭക്ഷണപ്രേമികള്‍ക്ക് മടിയില്ല.' മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഈറ്റ് കൊച്ചി ഈറ്റ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച രാഹുല്‍ എന്‍.കുട്ടി ചെയ്ത വീഡിയോയില്‍ പറയുന്ന കാര്യങ്ങളാണിത്. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ കുറിച്ചായിരുന്നു രാഹുലിന്റെ ഈ വീഡിയോ.
ഈ വീഡിയോയില്‍ കാണുന്ന രാഹുലിന്റെ പുഞ്ചിരി ഇനിയില്ല എന്ന് ഒരു ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. രാഹുലിന്റെ അപ്രതീക്ഷിത വിയോഗം ഈറ്റ് കൊച്ചി ഈറ്റ് പേജിലൂടെ അതിലെ അംഗങ്ങള്‍തന്നെയാണ് ആരാധകരെ അറിയിച്ചത്. തൃപ്പൂണിത്തറ മാടവനയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചിയിലെ വ്യത്യസ്തമായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ തുടക്കം മുതല്‍ ആളുകള്‍ കണ്ടുപരിചയിച്ച മുഖമാണ് രാഹുലിന്റേത്. പല തരത്തിലുള്ള ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി നമ്മുടെ മുന്നിലെത്തിയ രാഹുല്‍ മനോഹരമായ ശബ്ദത്തിന് ഉടമ കൂടിയായിരുന്നു. കാഴ്ച്ചക്കാരെ പിടിച്ചിരുത്താനുള്ള കഴിവും പരിചയപ്പെടുത്തുന്ന ഭക്ഷണം കഴിച്ചതുപോലെ തോന്നിപ്പിക്കാനുള്ള അവതരണമികവും രാഹുലിനുണ്ടായിരുന്നു.
തടിച്ച ശരീരപ്രകൃതമായിരുന്ന രാഹുല്‍ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 2009 മുതലാണ് ഭാരം കുറയ്ക്കാനുള്ള കാര്യങ്ങള്‍ രാഹുല്‍ ചെയ്തുതുടങ്ങിയത്. പത്ത് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിയെന്നും രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. 2009-ലേയും 2019-ലേയും ചിത്രങ്ങളും രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഫുഡ് അടിച്ച് തടി കുറച്ചവന്‍' എന്നാണ് ഇതിന് താഴെ ആരാധകര്‍ കമന്റ് ചെയ്തിരുന്നത്.
ഫുഡീമേനോന്‍ എന്നറിയപ്പെടുന്ന ഫുഡ് വ്‌ളോഗറായ കെ ജയശങ്കര്‍ രാഹുലിന്റെ വിയോഗത്തില്‍ വികാരനിര്‍ഭരമായ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രാഹുലിന്റെ യാത്ര വളരെ നേരത്തെയാണെന്നും രാഹുലിനൊപ്പം ഭക്ഷണം ഒരുമിച്ച് പങ്കിട്ട ഓര്‍മകള്‍ ഒരിക്കലും മരിക്കില്ലെന്നും ഫുഡിമേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2015-ലാണ് ഈറ്റ് കൊച്ചി ഈറ്റ് കമ്മ്യൂണിറ്റി തുടങ്ങിയത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ജോലി തേടി കൊച്ചിയിലെത്തിയ കാര്‍ത്തിക് മുരളിയാണ് ഇതിന്റെ സ്ഥാപകന്‍. ഭക്ഷണത്തില്‍ തത്പരരായ ആളുകളെ ഒരുമിപ്പിച്ച് കാര്‍ത്തിക് ഒരു ഗ്രൂപ്പുണ്ടാക്കിയെടുത്തു. അങ്ങനെ ഫുഡി ആയ രാഹുലും ആ ഗ്രൂപ്പില്‍ ഒരംഗമാകുകയായിരുന്നു. ഫെയ്‌സ്ബുക്ക് ഫണ്ട് നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയെന്ന നേട്ടവും ഈറ്റ് കൊച്ചി ഈറ്റ് സ്വന്തമാക്കി. കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ഡോളറാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചത്. എട്ടു വര്‍ഷത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് പേജിലും ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലും ഇന്‍സ്റ്റഗ്രാമിലുമായി ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഇന്ന് ഈറ്റ് കൊച്ചി ഈറ്റിനുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഫോളോവേഴ്‌സ് നാല് ലക്ഷത്തില്‍ കൂടുതലാണ്.
Content Highlights: eat kochi eat food vlogger rahul n kutty lifestory
Published: 04 Nov 2023, 12:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented