ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ആഘോഷമാക്കുന്ന ഒന്നാണ് ഓണം.  ഓണത്തിന്റെ ഏറ്റവും പ്രധാനകാര്യം ഓണസദ്യതന്നെ. എന്നാല്‍ ഈ ഓണസദ്യ കൊണ്ട് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്  വസ്ത്ര ബ്രാന്‍ഡായ 'കോട്ടണ്‍ ജയ്പ്പൂര്‍'. അവരുടെ പുതിയ വസ്ത്ര ശേഖരത്തില്‍ ഓണം ടച്ച് കൊണ്ടുവരാന്‍ നടത്തിയ ശ്രമമാണ് പൊല്ലാപ്പായത്.  

തങ്ങളുടെ പരസ്യ ചിത്രങ്ങളില്‍ കസവുള്ള കേരളാ വസ്ത്രങ്ങളുടെ മോഡലിലുള്ള ഔട്ട്ഫിറ്റുകള്‍ അണിഞ്ഞിരിക്കുന്ന രണ്ട് മോഡലുകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അവര്‍ സദ്യ വിളമ്പിയ ഇലയ്ക്ക് മുന്നില്‍ പരസ്പരം ഭക്ഷണം നല്‍കുന്ന വിധമാണ് ചിത്രം. അബദ്ധം പിണഞ്ഞത് ഇലയില്‍ വിളമ്പിയ വിഭവങ്ങളിലാണ്.  ഇലയില്‍ ചോറും പായസവും അടങ്ങുന്ന സദ്യയ്ക്ക് പകരം അവര്‍, ദോശ, ഇഡ്ഡലി, ചമ്മന്തി, സാമ്പാര്‍ തുടങ്ങിയവിഭവങ്ങളാണ് വിളമ്പിയിരിക്കുന്നത്.

ഓണാഘോഷത്തെയും സദ്യയെയും പരിഹസിച്ചതിന്റെ ദേഷ്യത്തിലാണ് ഇപ്പോഴും സോഷ്യല്‍ മീഡിയ. കോട്ടണ്‍ ജയ്പ്പൂരിന്റെ ട്വിറ്റര്‍ പേജില്‍ ഒട്ടേറെ പേരാണ് രോഷം പ്രകടിപ്പിച്ചത്. ബ്രാന്‍ഡുകള്‍, തങ്ങള്‍ക്ക് അറിവില്ലാത്ത സംസ്‌കാരങ്ങളെ കേട്ടു കേള്‍വി മാത്രം വെച്ച് 'ഉപയോഗിക്കരുത്' എന്നാണ് ചിലരുടെ അഭിപ്രായം.

'അവര്‍ മിക്കവാറും ധരിച്ചിരിക്കുന്നത് ഓണം ഒരു ദക്ഷിണേന്ത്യന്‍ ഉത്സവമാണ് എന്ന് മാത്രമാകും. അത് കൊണ്ട് അവര്‍ ഏതെങ്കിലും ഒരു ദക്ഷിണേന്ത്യന്‍ ഭക്ഷണശാലയില്‍ പോയി അവരുടെ മെനുവില്‍ കാണുന്ന ആദ്യ മൂന്ന് വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത്, അത് വെച്ച് പരസ്യം നിര്‍മ്മിച്ചിട്ടുണ്ടാകും, കാരണം ദക്ഷിണേന്ത്യ മുഴുവന്‍ ഒരു പോലെയാണല്ലോ,'' ഒരാളുടെ കമന്റ് ഇങ്ങനെ. പിന്നീട് വസ്ത്ര ബ്രാന്‍ഡ്, വിവാദമായ ഫോട്ടോ അടങ്ങുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഷെയര്‍ ചെയ്യുന്നുണ്ട്.

Content Highlights: Cothing brand get trolls after including dosa and idli in ‘sadhya’ for Onam Collection pics