കൊളാജന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണംചെയ്യുമെന്നറിയാമല്ലോ. ചുളിവുകള്‍ വീണ ചര്‍മം പൂര്‍വസ്ഥതിയിലാവാനും തിളക്കമാര്‍ന്ന മികച്ച ചര്‍മം കിട്ടാനും അത് സഹായിക്കും.

To advertise here,

ചര്‍മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിര്‍ത്തുന്നതില്‍ കൊളാജന്‍ പ്രധാനമാണ്. ഇത് ചര്‍മ്മത്തിന് യുവത്വം നല്‍കുന്നു. പ്രായമാകുമ്പോള്‍ നമ്മുടെ ശരീരത്തിലെ കൊളാജന്‍ ഉത്പാദനം കുറയുന്നു. ഇത് ചുളിവുകള്‍ക്കും ചര്‍മം തൂങ്ങുന്നതിനും കാരണമാകുന്നു. കൊളാജന്‍ ചര്‍മത്തിലെ ജലാംശം മെച്ചപ്പെടുത്താനും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കുന്നു. 

ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ കഴിക്കുന്ന ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്കുണ്ട്. ഇതിനായി വില കൂടിയ ക്രീമുകളോ സപ്ലിമെന്റുകളോ ആവശ്യമില്ല. ചില ദൈനംദിന പാനീയങ്ങള്‍ ശരീരത്തില്‍ കൂടുതല്‍ കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഈ പാനീയങ്ങളില്‍ ചര്‍മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില പാനീയങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.  

കറ്റാര്‍വാഴ ജ്യൂസ് 
2009-ലെ ഒരു ഗവേഷണമനുസരിച്ച് കൊളാജന്‍ ഉത്പാദനത്തെ പിന്തുണയ്ക്കുന്ന പ്ലാന്റ് സ്റ്റെറോളുകളാല്‍ സമ്പുഷ്ടമാണ് കറ്റാര്‍വാഴ ജ്യൂസ്. ഇത് കുടിക്കുന്നത് ചര്‍മത്തിന്റെ ഇലാസ്തികതയും ജലാംശവും മെച്ചപ്പെടുത്തുകയും കാലക്രമേണ ചര്‍മത്തിലെ നേര്‍ത്ത വരകള്‍ കുറയ്ക്കുകയും ചെയ്യും. കൂടാതെ, കറ്റാര്‍വാഴ ജെല്ലിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി സ്വഭാവമുണ്ട്. ഇത് ചര്‍മത്തിലെ അസ്വസ്ഥതകളെ ഉള്ളില്‍ നിന്ന് ശമിപ്പിക്കുകയും ചര്‍മത്തിന് ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

ഇളനീര്‍ 
ചര്‍മത്തിന് പോഷണം നല്‍കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗങ്ങളിലൊന്നാണ് ഇളനീര്‍. 2018-ലെ ഒരു ഗവേഷണ പ്രകാരം, ഇതില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് സ്വാഭാവികമായി കൊളാജന്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമാണ്. ഇളനീരിൽ പൊട്ടാസ്യവും മഗ്‌നീഷ്യവുമുണ്ട്. ഇത്  ചര്‍മകോശങ്ങളെ ആരോഗ്യത്തോടെയും ജലാംശത്തോടെയും നിലനിര്‍ത്തുന്നു. ദിവസവും ഒരു ഗ്ലാസ് ഇളനീര്‍ കുടിക്കുന്നത് മിനുസമാര്‍ന്നതും ചുളിവുകളില്ലാത്തതുമായ ചര്‍മം നല്‍കും.

മാതളനാരങ്ങ ജ്യൂസ് 
ഒരു സ്വാഭാവിക സൗന്ദര്യവര്‍ധക വസ്തുവായി അറിയപ്പെടുന്ന മാതളനാരങ്ങ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. 2006-ലെ ഒരു ഗവേഷണമനുസരിച്ച്, ഫ്രഷ് ആയ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് നിലവിലുള്ള കൊളാജന്‍ ശേഖരത്തെ സംരക്ഷിക്കുന്നതിലൂടെ ചുളിവുകള്‍ ഉണ്ടാകുന്നത് സാവധാനത്തിലാക്കുകയും ചര്‍മത്തിന്റെ ദൃഢത നിലനിര്‍ത്തുകയും ചെയ്യും. ജലാംശവും തിളക്കവും മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ചര്‍മത്തിന് സ്വാഭാവിക തിളക്കം  നല്‍കുന്നു. പാക്ക് ചെയ്തവ വാങ്ങുന്നതിനു പകരം ഫ്രഷ് മാതളനാരങ്ങ ജ്യൂസ് കുടിക്കാന്‍ ശ്രദ്ധിക്കുക. 

മഞ്ഞള്‍ ചേര്‍ത്ത പാല്‍
മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ടെന്നാണ് 2020-ലെ ഒരു ഗവേഷണത്തില്‍ പറയുന്നത്. ഇത് നീര്‍വീക്കം കുറയ്ക്കാനും കൊളാജന്‍ വിഘടിക്കുന്നത് തടയാനും സഹായിക്കുന്ന ഒരു സംയുക്തമാണ്. കുര്‍ക്കുമിന്‍ ശരീരത്തിലേക്ക് നന്നായി ആഗിരണം ചെയ്യാനായി ഒരു നുള്ള് കുരുമുളകും, രുചി കൂട്ടാനായി തേനും ചേര്‍ക്കാം.

മാച്ച 
സാധാരണ ഗ്രീന്‍ ടീയില്‍നിന്ന് വ്യത്യസ്തമാണ് മാച്ച. ഇതില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഈ ആന്റിഓക്സിഡന്റുകള്‍ കൊളാജന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

സിട്രസ് പഴങ്ങള്‍ ചേര്‍ത്ത വെള്ളം 
വിറ്റാമിന്‍ സി ഇല്ലാതെ ശരീരത്തില്‍ കൊളാജന്‍ രൂപപ്പെടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. സിട്രസ് പഴങ്ങള്‍ അതിന് സഹായിക്കും. നാരങ്ങ, ഓറഞ്ച്, ചെറുനാരങ്ങ എന്നിവയിലെല്ലാം ഈ പോഷകം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നത് കൂടാതെ, ചര്‍മത്തിന് തിളക്കം നല്‍കാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)