ശരീരത്തിന്റെ ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ വ്യായാമം മാത്രം പോരാ. മറിച്ച് ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് സിനിമാ താരങ്ങള്‍. ബോളിവുഡ് നടിമാരില്‍ ശില്‍പ്പ ഷെട്ടിയും മാധുരി ദീക്ഷിത്തും ഭാഗ്യശ്രീയുമെല്ലാം തങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നവരാണ്. ആരോഗ്യപ്രദമായ ജീവിതശൈലി പിന്തുടരുന്നതിന് തങ്ങള്‍ സ്വീകരിക്കുന്ന വഴികള്‍ ഇവര്‍ പലപ്പോഴും ആരാധകര്‍ക്കായി സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. വ്യായാമത്തിന് പുറമെ, ഭക്ഷണകാര്യത്തിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇപ്പോഴിതാ, മലയാളിയും തെന്നിന്ത്യയിലെ പ്രമുഖനടിയുമായ നയന്‍താരയുടെ പ്രിയപ്പെട്ട പാനീയമേതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവരുടെ ന്യൂട്രീഷണിസ്റ്റായ മുന്‍മുന്‍ ഗനേരിവാള്‍. എന്നാല്‍, ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നയന്‍താരയുടെ പേര് പരാമര്‍ശിക്കാതെയാണ് മുന്‍മുന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തന്റെ പുതിയ പുസ്തകത്തില്‍ ഈ ഇഷ്ടവിഭവത്തിന്റെ പാചകക്കുറിപ്പ് വിവരിക്കുന്നിടത്ത് താരത്തിന്റെ പേര് പറയുന്നുണ്ടെന്ന് മുന്‍മുന്‍ കുറിച്ചു. അത് നയന്‍താരയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടുചെയ്തു.
തേങ്ങകൊണ്ടുള്ള ഈ വിഭവം നയന്‍താര പ്രഭാതഭക്ഷണത്തിലുള്‍പ്പെടുത്തിയാണ് കഴിക്കുന്നത്.
തേങ്ങാവെള്ളം, തേങ്ങാപ്പാല്‍, അധികം മൂപ്പെത്താത്ത തേങ്ങ, പഞ്ചസാര എന്നിവ ചേര്‍ത്താണ് ഈ കോക്കനട്ട് സ്മൂത്തി തയ്യാറാക്കുന്നത്. ഇവയെല്ലാം ഒന്നിച്ച് മിക്‌സിയുടെ ജാറില്‍ ഇട്ട് അടിച്ചെടുക്കണം. തേങ്ങ നന്നായി അരഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് ഒരു ഗ്ലാസിലേക്ക് പകര്‍ന്നശേഷം മുകളില്‍ സ്വല്‍പം ഏലക്കാപ്പൊടിയും കറുവാപ്പട്ട പൊടിയും ചേര്‍ത്ത് കൊടുക്കാം. തണുപ്പ് ഇഷ്ടമെങ്കില്‍ ഐസ് ക്യൂബ് കൂടി ചേര്‍ത്തുകൊടുക്കാം.
വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും തണുപ്പ് കാത്തുസൂക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള സ്മൂത്തികള്‍ ഉത്തമമാണെന്ന് മുന്‍മുന്‍ പറയുന്നു. ഇത് രുചികരമാണെന്ന് മാത്രമല്ല, മറിച്ച് ദഹനപ്രക്രിയ, പ്രതിരോധശേഷി, വയറിന്റെ ആരോഗ്യം എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിനൊപ്പം നാരിന്റെ അംശവും കൂടുതലായുണ്ട്.
മാനസിക ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ തിളക്കത്തിനും തേങ്ങാവെള്ളം മികച്ചതാണെന്ന് അടുത്തിടെ ബോളിവുഡ് നടി മാധുരി ദീക്ഷിത് പറഞ്ഞിരുന്നു. താന്‍ ദിവസവും തേങ്ങാവെള്ളം കുടിക്കുന്നുണ്ടെന്നും തന്റെ ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യം തേങ്ങാവെള്ളമാണെന്നും അവര്‍ പറഞ്ഞിരുന്നു.
Content Highlights: coconut smothie, nayanthara, fvoritre breakfast for nayanthara
Published: 24 Feb 2022, 12:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented