ന്ത്യന്‍ വീടുകളില്‍ തൈര് എപ്പോഴും പ്രധാനഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. സമീപകാലത്തായി കൂടുതല്‍ ആളുകള്‍ ആരോഗ്യകരമായ ശീലങ്ങളില്‍ ശ്രദ്ധചെലുത്തുന്നതിനാല്‍ തൈരിന് ആവശ്യക്കാരേറെയാണ്.

To advertise here,

ജീവനുള്ളതും ഗുണകരവുമായ ബാക്ടീരിയകളാല്‍ സമ്പുഷ്ടമായ തൈര് ഭക്ഷണത്തിനൊപ്പം കഴിക്കാന്‍ രുചികരമാണെന്നതും അത് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നുവെന്നതുമാണ് അതിന് പ്രചാരം നേടിക്കൊടുത്തത്.

ഒരു മാസം തുടര്‍ച്ചയായി എല്ലാ ദിവസവും തൈര് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ? ഒരു ചെറിയ പാത്രം തൈരിന് യാതൊരു ബുദ്ധിമുട്ടും കൂടാതെ ശരീരത്തില്‍ കാര്യമായ ആന്തരിക മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ഒരു മാസം മുഴുവന്‍ പ്രോബയോട്ടിക് തൈര് കഴിക്കുമ്പോള്‍ സംഭവിക്കുന്നതെന്തെല്ലാമാണെന്ന് നോക്കാം.

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
തൈരില്‍ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുന്ന ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു. 2022-ലെ ഒരു ഗവേഷണം പ്രകാരം, ദൈനംദിന ഭക്ഷണത്തില്‍ പ്രോബയോട്ടിക് തൈര് ഉള്‍പ്പെടുത്തുന്നത് വയറുവീര്‍പ്പ്, മലബന്ധം, ദഹനസംബന്ധമായ മറ്റ് അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. കാലക്രമേണ, വയറിന് ഭാരം കുറഞ്ഞതായും ദഹനം കൂടുതല്‍ ക്രമമായതായും അനുഭവപ്പെടാം. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടോബാസിലസ്, ബിഫിഡോബാക്ടീരിയം തുടങ്ങിയ പ്രോബയോട്ടിക്കുകള്‍ കുടലിന്റെ ആവരണത്തെ സംരക്ഷിക്കുകയും ഭക്ഷണം ശരിയായി സംസ്‌കരിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

ചര്‍മത്തിന് ഗുണം ചെയ്യുന്നു
കുടലും ചര്‍മ്മവും തമ്മില്‍ വലിയ ബന്ധമുണ്ട്. തൈര് ശരീരത്തിനുള്ളിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് 2013-ലെ ഒരു ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. കുടലിന്റെ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്നതിലൂടെ പ്രോബയോട്ടിക്കുകള്‍ക്ക് മുഖക്കുരു വരാന്‍ സാധ്യതയുള്ള ചര്‍മത്തെ പരോക്ഷമായി സഹായിക്കാനാകും. 2015-ലെ ഒരു ഗവേഷണ പ്രബന്ധവും ഇത് ശരിവെക്കുന്നു. തൈരില്‍ ലാക്റ്റിക് ആസിഡും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ ജലാംശവും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുന്‍പ് പറഞ്ഞതുപോലെ ദഹനം മെച്ചപ്പെടുമ്പോള്‍, ചര്‍മം കൂടുതല്‍ ശാന്തവും സ്വാഭാവികമായി പോഷിപ്പിക്കപ്പെട്ടതുമായി കാണപ്പെടാം.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
ആരോഗ്യമുള്ള കുടല്‍ രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2014-ലെ ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച്, തൈരിലെ നല്ല ബാക്ടീരിയകള്‍ ഗുണകരമായ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. കുറച്ച് ആഴ്ചകള്‍ എല്ലാ ദിവസവും തൈര് കഴിക്കുന്നതിലൂടെ, ചെറിയ അണുബാധകളുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു. മെച്ചപ്പെട്ട ചര്‍മത്തെയും ദഹനത്തെയും തുടര്‍ന്ന് രോഗപ്രതിരോധ സംവിധാനം കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു.

ശരീരം പോഷകങ്ങളെ കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യുന്നു
കുടലിന്റെ ആരോഗ്യം മെച്ചപ്പെട്ടാല്‍, വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആഗിരണവും മെച്ചപ്പെടുന്നു. സ്ഥിരമായി തൈര് കഴിക്കുന്നത് ഭക്ഷണം വിഘടിപ്പിക്കുന്നതിനും ശരീരത്തിന് പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനും കുടലിലെ സാഹചര്യത്തെ കൂടുതല്‍ കാര്യക്ഷമമാക്കും. മെച്ചപ്പെട്ട പോഷക ആഗിരണം എന്നാല്‍ ഭക്ഷണത്തിന് ശേഷമുള്ള മന്ദത കുറയുകയും ദിവസം മുഴുവന്‍ സ്ഥിരമായ ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു എന്നാണ്. ഇത് മുന്‍പ് സൂചിപ്പിച്ച രോഗപ്രതിരോധ ശേഷി വര്‍ധനവിനെ കൂടുതല്‍ പിന്തുണയ്ക്കുന്നു.

നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജസ്വലതയും ഭാരക്കുറവും അനുഭവപ്പെടുന്നു
ദഹനം, ചര്‍മത്തിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി, പോഷകങ്ങളുടെ ആഗിരണം എന്നിവയെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ ശരീരം മുഴുവന്‍ ഭാരം കുറഞ്ഞതും കൂടുതല്‍ സജീവവുമായി അനുഭവപ്പെടാന്‍ തുടങ്ങുന്നു. സംസ്‌കരിച്ച ഭക്ഷണത്തില്‍ നിന്നോ ക്രമരഹിതമായ ഭക്ഷണ ശീലങ്ങളില്‍ നിന്നോ ഉണ്ടാകുന്ന വയറുവീര്‍പ്പും ഭാരവും കുറയ്ക്കാന്‍ തൈരിന് കഴിയും. ദിവസവും ഇത് കഴിക്കുന്നത് കുടലിന്റെ പ്രവര്‍ത്തനം സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു, ഇത് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം നല്‍കുന്നു.

തൈര് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്
പരമാവധി പ്രയോജനം ലഭിക്കുന്നതിന്, തൈര് പകല്‍ സമയം കഴിക്കുന്നതാണ് നല്ലത്. ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുമ്പോള്‍ ഇത് ദഹനത്തെ സഹായിക്കുകയും ശരീര താപനില തണുപ്പിച്ചു നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

''രാത്രിയില്‍ തൈര് കഴിക്കുന്നത് തികച്ചും നല്ലതാണ്. അത്താഴത്തിന്, ദഹനം സുഗമമാക്കാന്‍ സംഭാരം അല്ലെങ്കില്‍ റൈത്ത (പുതിനയും ജീരകവും ചേര്‍ത്ത റൈത്ത) തിരഞ്ഞെടുക്കുക. ദഹനക്കേട് ഒഴിവാക്കാന്‍ ഉലുവ ചേര്‍ക്കുന്നതും നല്ലതാണ്'', ന്യൂട്രീഷ്യനിസ്റ്റ് ശില്‍പ അറോറ പറയുന്നു.

FITPASS-ലെ ഡയറ്റീഷ്യന്‍ മെഹര്‍ രാജ്പുത് പറയുന്നത് തൈര് നല്ല ബാക്ടീരിയകളുടെ മികച്ച ഉറവിടമാണെന്നാണ്, എന്നാല്‍ ചിലര്‍ക്ക് ഇത് ദഹിക്കാന്‍ പ്രയാസമുള്ളതായി തോന്നാമെന്ന് അവര്‍ പറയുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, മോര് ഒരു മികച്ച ബദലാണ്. ''രാത്രിയില്‍ തൈരോ മോരോ (ദഹിക്കാന്‍ എളുപ്പമുള്ളത്) കഴിക്കുന്നത് നല്ലതാണ്, പക്ഷേ വല്ലപ്പോഴും മാത്രം. ഏകദേശം 1/4 ടീസ്പൂണ്‍ കുരുമുളക് ചേര്‍ത്ത് കഴിക്കാം, കാരണം കുരുമുളകിന് ശരീരത്തില്‍ ചൂട് ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്'', അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വീട്ടിലുണ്ടാക്കുന്ന തൈരും കടയില്‍ നിന്ന് വാങ്ങുന്ന തൈരും
വീട്ടിലുണ്ടാക്കുന്ന തൈരിനും പാക്ക് ചെയ്ത തൈരിനും അതിന്റേതായ ഗുണങ്ങളുണ്ട്. വീട്ടിലുണ്ടാക്കുന്ന തൈര് ഉയര്‍ന്ന പോഷകമൂല്യമുള്ളതാണ്. അവ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കഴിക്കുമ്പോള്‍ ഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കും. കടയില്‍ നിന്ന് വാങ്ങുന്നവയില്‍ സാധാരണയായി കാണുന്ന പ്രിസര്‍വേറ്റീവുകളും മറ്റ് രാസവസ്തുക്കളും ഇതില്‍ ഇല്ല. ഇത് സാമ്പത്തികമായി ലാഭകരവുമാണ്, പ്രത്യേകിച്ചും സ്ഥിരമായി തൈര് കഴിക്കുന്നവര്‍ക്ക്.

അതേസമയം, കടയില്‍ നിന്ന് വാങ്ങുന്ന തൈര് സൗകര്യപ്രദമാണ്. ഗ്രീക്ക് യോഗര്‍ട്ട് മുതല്‍ ഉയര്‍ന്ന പ്രോട്ടീനും കൊഴുപ്പ് കുറഞ്ഞതുമായ പതിപ്പുകള്‍ വരെ, ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്ക് അനുയോജ്യമാംവിധം ലഭ്യമാണ്. ഇത് രുചിയിലും ഘടനയിലും സ്ഥിരത നല്‍കുന്നു. വീട്ടില്‍ തൈര് ഉറയൊഴിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍, വാങ്ങുന്നത് ഒരു ഓപ്ഷനാണ്. എന്നിരുന്നാലും, ലേബലില്‍ 'ലാക്ടോബാസിലി കള്‍ച്ചര്‍' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും അഞ്ച് ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ക്കാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാനും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കാലാവധി തീരുന്ന തീയതിയും ശ്രദ്ധാപൂര്‍വം നോക്കേണ്ടതുണ്ട്.

എങ്ങനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

  • സ്മൂത്തികളിലോ ഓവര്‍നൈറ്റ് ഓട്‌സിലോ തൈര് ചേര്‍ക്കുന്നത് ദഹനത്തെ പിന്തുണയ്ക്കുകയും പ്രഭാതഭക്ഷണത്തിന്റെ പോഷകഗുണം വര്‍ധിപ്പിക്കുകയും ചെയ്യും.
  • സാലഡ് ഡ്രെസ്സിങുകളിലോ, ട്‌സാറ്റ്‌സിക്കി (Tzatziki) പോലുള്ള ഡിപ്പുകളിലോ, പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളോടൊപ്പം കഴിക്കാന്‍ പറ്റിയ ഹങ്-കേര്‍ഡ് സ്‌പ്രെഡുകളിലോ തൈര് ഉപയോഗിക്കാം.
  • ദിവസം കുടലിന് ആരോഗ്യകരമായ ഒരു ഉത്തേജനത്തോടെ ആരംഭിക്കാന്‍ പ്രഭാതഭക്ഷണത്തോടൊപ്പം (പഴങ്ങള്‍, വിത്തുകള്‍, അല്ലെങ്കില്‍ ഗ്രാനോള എന്നിവയോടൊപ്പം) തൈര് ചേര്‍ത്ത് കഴിക്കാം.
  • ഉച്ചയ്ക്ക് ശേഷം വയറിന് ഭാരക്കുറവും ആശ്വാസവും നല്‍കുന്നതിന് പറാത്തയുടെയോ ചോറിന്റെയോ കൂടെ തൈര് ഉള്‍പ്പെടുത്താം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)